| Friday, 31st July 2026, 10:25 pm

എനിക്ക് ഒരിക്കലും അദ്ദേഹത്തെ തടയാന്‍ കഴിഞ്ഞില്ല; സൂപ്പര്‍ താരത്തെക്കുറിച്ച് കസെമിറോ

ശ്രീരാഗ് പാറക്കല്‍

ബ്രസീല്‍ മിഡ്ഫീല്‍ഡര്‍ കസെമിറോ അമേരിക്കന്‍ മേജര്‍ ലീഗ് സോക്കര്‍ ക്ലബ്ബായ ഇന്റര്‍ മിയാമിയിലെത്തിയിരിക്കുകയാണ്. മാഞ്ചസ്റ്റര്‍ യുണൈറ്റഡുമായുള്ള കരാര്‍ അവസാനിച്ചതിന് പിന്നാലെ ഫ്രീ ഏജന്റായാണ് 34കാരന്‍ ലയണല്‍ മെസി നയിക്കുന്ന ഇന്റര്‍ മിയാമിയില്‍ ചേര്‍ന്നത്. 2027 സീസണ്‍ വരെ നീളുന്ന കരാറിലാണ് താരം ഒപ്പുവെച്ചിരിക്കുന്നത്. 2029 ജൂണ്‍ വരെ കരാര്‍ ദീര്‍ഘിപ്പിക്കാനുള്ള വ്യവസ്ഥയും ഇതിലുണ്ട്.

ക്ലബ്ബിലെത്തിയതിന് പിന്നാലെ കസെമിറോ മെസിയെക്കുറിച്ച് സംസാരിച്ചതാണ് ഇപ്പോള്‍ ഫുട്‌ബോള്‍ ലോകത്തെ പ്രധാന ചര്‍ച്ച. എക്കാലത്തെയും മികച്ച കളിക്കാരനോടൊപ്പം കളിക്കാനാണ് താന്‍ വരുന്നതെന്നും താന്‍ ഇന്റര്‍മയാക്കിക്കൊപ്പം കളിക്കാനാണ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മാത്രമല്ല മെസിക്കൊപ്പം കളിക്കണമെന്നത് തന്റെ സ്വപ്‌നമായിരുന്നെന്നും മെസിക്കൊപ്പം വിജയങ്ങള്‍ തുടരാന്‍ താന്‍ ആഗ്രഹിക്കുന്നുവെന്നും കസെമിറോ പറഞ്ഞു.

‘എനിക്ക്, സംശയമില്ല, എക്കാലത്തെയും മികച്ച കളിക്കാരനോടൊപ്പം കളിക്കാന്‍ മാത്രമാണ് ഞാന്‍ വരുന്നത്. എനിക്ക് ആസ്വദിക്കണം. ഞാന്‍ എവിടെയാണോ കളിക്കാന്‍ ആഗ്രഹിക്കുന്നത് അവിടെ തന്നെയാണ് ഞാനുള്ളത്. ഒരു ഫ്രീ ഏജന്റായി ഞാന്‍ യുണൈറ്റഡ് വിട്ടു, ഇറ്റലിയില്‍ എനിക്ക് ഓപ്ഷനുകള്‍ ഉണ്ടായിരുന്നു, വ്യത്യസ്ത സ്ഥലങ്ങളില്‍ മറ്റ് ടീമുകള്‍ ഉണ്ടായിരുന്നു, പക്ഷേ ഞാന്‍ ഇവിടെ ഉണ്ടാകണമെന്നാണ് ആഗ്രഹിക്കുന്നത്… അവനോടൊപ്പം (മെസി) ഉണ്ടായിരിക്കാനും, അവനെ വിജയിപ്പിക്കാനും, അവനെ വലുതാക്കാനും ഞാന്‍ ആഗ്രഹിക്കുന്നു.

മെസിക്കൊപ്പം കളിക്കണമെന്ന് ഞാന്‍ സ്വപ്നം കണ്ടു. എനിക്ക് എപ്പോഴും മികച്ചവരോടൊപ്പം കളിക്കാന്‍ ആഗ്രഹമുണ്ടായിരുന്നു. എനിക്ക് ഒരിക്കലും അദ്ദേഹത്തെ തടയാന്‍ കഴിഞ്ഞില്ല, എനിക്ക് എപ്പോഴും എന്റെ സഹതാരങ്ങളുടെ സഹായം ആവശ്യമായിരുന്നു. ഇപ്പോള്‍ ഞാന്‍ അദ്ദേഹത്തോടൊപ്പമുണ്ടെന്നതില്‍ വളരെ സന്തോഷവാനാണ്, അദ്ദേഹത്തോടൊപ്പം വിജയങ്ങള്‍ തുടരാന്‍ ഞാന്‍ ആഗ്രഹിക്കുന്നു,’ കസെമിറോ പറഞ്ഞു.

അഞ്ച് യുവേഫ ചാമ്പ്യന്‍സ് ലീഗ് കിരീടങ്ങള്‍ ഉള്‍പ്പെടെ ക്ലബ്ബ് ഫുട്‌ബോളില്‍ മികച്ച കരിയറാണ് കസെമിറോയ്ക്കുള്ളത്. റയല്‍ മാഡ്രിഡിനൊപ്പമാണ് അദ്ദേഹം ഏറ്റവും വലിയ നേട്ടങ്ങള്‍ സ്വന്തമാക്കിയത്. പിന്നീട് മാഞ്ചസ്റ്റര്‍ യുണൈറ്റഡിലേക്കെത്തിയ താരം എഫ്.എ. കപ്പും ലീഗ് കപ്പും നേടുന്നതിലും നിര്‍ണായക പങ്കുവഹിച്ചു. ബ്രസീലിനായി 90ലേറെ അന്താരാഷ്ട്ര മത്സരങ്ങള്‍ കളിച്ച കസെമിറോ 2026 ലോകകപ്പിലും ടീമിന്റെ പ്രധാന താരങ്ങളിലൊരാളായിരുന്നു.

Content Highlight: Casemiro Talking About Lionel Messi And Inter Miami

ശ്രീരാഗ് പാറക്കല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ

We use cookies to give you the best possible experience. Learn more