ലോകഫുട്ബോളിലെ തന്നെ ഏറ്റവും വലിയ പോരാട്ടങ്ങളില്‍ ഏറെക്കാലം ബദ്ധവൈരികളായി കളിച്ചവരാണ് മെസിയും കസമിറോയും. സ്പാനിഷ് ലീഗില്‍ എല്‍ ക്ലാസിക്കോയില്‍ മെസി ബാഴ്സലോണയ്ക്ക് വേണ്ടിയും കസമിറോ റയല്‍ മാഡ്രിഡിനുവേണ്ടിയും ബൂട്ടുകെട്ടി. അന്താരാഷ്ട്ര തലത്തില്‍ അര്‍ജന്റീനയ്ക്കും ബ്രസീലിനും വേണ്ടി ഇരുവരും നേര്‍ക്കുനേര്‍ പോരാടി.
വര്‍ഷങ്ങള്‍ നീണ്ട പോരാട്ടങ്ങള്‍ക്ക് ശേഷം ഇപ്പോള്‍ ഇരു താരങ്ങളും എം.എല്‍.എസില്‍ ഇന്റര്‍ മയാമിയ്ക്ക് വേണ്ടി ഒരുമിച്ച് കളിക്കുകയാണ്. ഏറെക്കാലം മെസിക്കെതിരെ കളിച്ച തനിക്ക് ഇപ്പോള്‍ മെസിയ്ക്കൊപ്പം കളിക്കുന്നത് ആസ്വദിക്കുന്നുണ്ടെന്ന് പറഞ്ഞിരിക്കുകയാണ് കസെമിറോ.
”അദ്ദേഹത്തിനെതിരെ കളിക്കുമ്പോള്‍ ഞാന്‍ ഏറെ ബുദ്ധിമുട്ടിയിട്ടുണ്ട്. പലപ്പോഴും കടുത്ത വെല്ലുവിളികളും നേരിട്ടു. എന്നാല്‍ ഇപ്പോള്‍ അദ്ദേഹത്തിന്റെ അരികില്‍ നില്ക്കുമ്പോള് ആ അനുഭവം ആസ്വദിക്കാനാണ് ആഗ്രഹിക്കുന്നത്. അദ്ദേഹത്തോടൊപ്പം കളിക്കുന്നത് വലിയ സന്തോഷമാണ്,’ ‘ത്രൂ ലൈന്‍സ്’ പരിപാടിയില്‍ കസെമിറോ പറഞ്ഞു.
മെസിക്കൊപ്പം കളിക്കാന്‍ കഴിയുന്നത് തനിക്ക് അഭിമാനകരമാണെന്നും അദ്ദേഹത്തിന് കൂടുതല്‍ നേടിക്കൊടുക്കാന്‍ സഹായിക്കാന്‍ കഴിയുന്നത് വലിയ അംഗീകാരമായി കാണുന്നെന്നും കസമിറോ കൂട്ടിച്ചേര്‍ത്തു.
മെസ്സിയും കസെമിറോയും ഇതിനകം മയാമിക്കൊപ്പം ആദ്യ കിരീടം സ്വന്തമാക്കിയിട്ടുണ്ട്. സെപ്റ്റംബറില്‍ നടന്ന മിഷലോബ് അള്‍ട്രാ കാംപിയോണസ് കപ്പില്‍ മെക്സിക്കന്‍ ക്ലബ്ബായ ക്രൂസ് അസൂളിനെ 2-0ന് തോല്‍പ്പിച്ച ഇന്റര്‍ മയാമിയുടെ വിജയത്തില്‍ ഇരുവരും നിര്‍ണായക പങ്കുവഹിച്ചു.
മെസ്സിയാണ് മത്സരത്തില്‍ ആദ്യ ഗോള്‍ നേടിയത്. തുടര്‍ന്ന് 81ാം മിനിറ്റില്‍ കസെമിറോ നേടിയ ഹെഡ്ഡര്‍ ഗോളിന് വഴിയൊരുക്കിയതും മെസ്സിയായിരുന്നു.
മുന്‍കാലങ്ങളില്‍ എതിരാളികളായിരുന്നുവെങ്കിലും ഇപ്പോള്‍ മെസിയെക്കുറിച്ച് ഏറെ മതിപ്പോടെയാണ് കാസെമിറോ സംസാരിക്കുന്നത്.
‘ചരിത്രം സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന വ്യക്തിയും താരവുമാണ് അദ്ദേഹം. ഇപ്പോള്‍ നമുക്ക് കാണാന്‍ കഴിയുന്ന അദ്ദേഹത്തിന്റെ മികവ് ആസ്വദിക്കണം. അദ്ദേഹത്തിന് പിന്തുണ നല്‍കുകയും ഒപ്പം കളിക്കുകയും വേണം. കാരണം ഇപ്പോഴും അദ്ദേഹം തന്നെയാണ് ഏറ്റവും മികച്ച താരം,’ കസെമിറോ കൂട്ടിച്ചേര്‍ത്തു.
മെസി ടീമിലുള്ളപ്പോള്‍ എല്ലാം എളുപ്പമാകുമെന്നും അദ്ദേഹത്തോടൊപ്പം കളിക്കുന്നത് താന്‍ ശരിക്കും ആസ്വദിക്കുകയാണെന്നും കസെമിറോ പറഞ്ഞു.
2026ലെ ഫിഫ ലോകകപ്പിന് ശേഷമാണ് കസെമിറോ മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ നിന്നും ഇന്റര്‍ മയാമിയിലെത്തിയത്.
Content Highlight: Casemiro says its an honour to play with Messi.