| Monday, 24th August 2026, 7:18 am

സര്‍ക്കാര്‍ സ്‌കൂളിന്റെ ദുരവസ്ഥ പുറത്തുവിട്ടു; യു.പിയില്‍ യുവ ആക്ടിവിസ്റ്റിനെതിരെ കേസ്

അഞ്ജു ചന്ദ്രന്‍

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ദിയോറയില്‍ സര്‍ക്കാര്‍ പ്രൈമറി സ്‌കൂളിന്റെ ശോച്യാവസ്ഥ വീഡിയോയില്‍ ചിത്രീകരിച്ച് സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച യുവ ആക്ടിവിസ്റ്റ് രജത് സിങ്ങിനെതിരെ പൊലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു. അനുമതിയില്ലാതെ സ്‌കൂള്‍ വളപ്പില്‍ പ്രവേശിക്കുകയും തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിച്ച് വിദ്യാഭ്യാസ വകുപ്പിനെ തകര്‍ക്കാന്‍ ശ്രമിക്കുകയും ചെയ്‌തെന്ന പരാതിയിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

ഓഗസ്റ്റ് 16ന് ഗൗരിബസാറിലെ ദാമര്‍ ബിശ്വ ഗ്രാമത്തിലെ സര്‍ക്കാര്‍ പ്രൈമറി സ്‌കൂളിലെത്തിയ രജത് സിങ് തകര്‍ന്ന കെട്ടിടവും ഉപയോഗശൂന്യമായ പെണ്‍കുട്ടികളുടെ ശൗചാലയം, മാലിന്യം, നിര്‍മാണ അവശിഷ്ടങ്ങള്‍ എന്നിവ ഉള്‍പ്പെടുന്ന ദൃശ്യങ്ങള്‍ ഫേസ്ബുക്കില്‍ പങ്കുവെച്ചതായി ദ വയര്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതിന് പിന്നാലെ ബ്ലോക്ക് വിദ്യാഭ്യാസ ഓഫീസര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തത്.

സ്‌കൂളിലെ അവശിഷ്ടങ്ങള്‍ പഴയ കെട്ടിടം പൊളിച്ചതിന് ശേഷമുള്ളതാണെന്നും അവ നീക്കം ചെയ്യാനുള്ള നടപടികള്‍ നടന്നുവരികയായിരുന്നുവെന്നും വിദ്യാഭ്യാസ വകുപ്പ് വിശദീകരിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

സ്‌കൂള്‍ ‘ഓപ്പറേഷന്‍ കായ കല്‍പ്പ്’ പദ്ധതിയുടെ ഭാഗമായി അടിസ്ഥാന സൗകര്യ വികസനം നടത്തിയിട്ടുണ്ടെന്നും അധികൃതര്‍ അവകാശപ്പെട്ടു. വീഡിയോ പുറത്തുവന്നതിന് പിന്നാലെ അവശിഷ്ടങ്ങള്‍ നീക്കം ചെയ്തതായും ഉദ്യോഗസ്ഥര്‍ മാധ്യമങ്ങളോട് പറഞ്ഞു.

എന്നാല്‍ അവശിഷ്ടങ്ങള്‍ നാലോ അഞ്ചോ മാസമായി അവിടെ കിടക്കുകയായിരുന്നെന്നും വീഡിയോ പുറത്തുവന്നതിന് ശേഷമാണ് നീക്കം ചെയ്തതെന്നും രജത് സിങ് ആരോപിച്ചു. സര്‍ക്കാര്‍ സ്‌കൂളുകളിലെ അടിസ്ഥാന സൗകര്യങ്ങളുടെ യഥാര്‍ഥ അവസ്ഥ പുറത്തുകൊണ്ടുവരാനാണ് വീഡിയോ ചെയ്തതെന്ന് അദ്ദേഹം പറഞ്ഞതായി റിപ്പോര്‍ട്ട് ചെയ്തു.

യു.പിയിലെ വിവിധ ജില്ലകളിലെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ പുറത്തുനിന്നുള്ളവര്‍, യൂട്യൂബര്‍മാര്‍, സോഷ്യല്‍ മീഡിയ പ്രവര്‍ത്തകര്‍ എന്നിവര്‍ അനുമതിയില്ലാതെ വീഡിയോ ചിത്രീകരിക്കുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തിയ സാഹചര്യത്തിലാണ് പുതിയ കേസ്.

Content Highlights: Case registered against young activist in UP for exposing the pathetic state of a government school.

അഞ്ജു ചന്ദ്രന്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദം. കാലിക്കറ്റ് പ്രസ്‌ക്ലബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.

We use cookies to give you the best possible experience. Learn more