| Sunday, 4th October 2026, 3:58 pm

തെരഞ്ഞെടുപ്പ് പ്രചാരണത്തിന് കുട്ടിയെ ഉപയോഗിച്ചു: ഉദയനിധി സ്റ്റാലിനെതിരെ കേസ്

നിഷാന. വി.വി

ചെന്നൈ: തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പ്രായപൂര്‍ത്തികാത്ത കുട്ടിയെ ഉപയോഗിച്ചുവെന്നാരോപിച്ച് പ്രതിപക്ഷ നേതാവും ഡി.എം.കെ നേതാവുമായ ഉദയനിധി സ്റ്റാലിനെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു.

ധാരാപുരം പൊലീസാണ് ഉദയനിധി സ്റ്റാലിനെതിരെ കേസെടുത്തിരിക്കുന്നത്. ശനിയാഴ്ച ധരാപുരം പട്ടണത്തിലെ പെരിയോര്‍ പ്രതിമയ്ക്ക് സമീപം ഉദയനിധി നടത്തിയ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയായിരുന്നു സംഭവം.

കുട്ടികളെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഒരു പ്രവര്‍ത്തനങ്ങളിലും ഉള്‍പ്പെടുത്തരുതെന്ന് രാഷ്ട്രീയ പാര്‍ട്ടികളോടും സ്ഥാനാര്‍ത്ഥികളോടും തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമായി നിര്‍ദേശിച്ചിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.

ഉദയനിധി യോഗത്തിനിടയില്‍ ഒരു കുട്ടിയെ കൊണ്ട് സംസാരിപ്പിച്ചുവെന്നും അത് മുഖ്യമന്ത്രി വിജയ്‌ക്കെതിരെയാണെന്നുമാണ് റിപ്പോര്‍ട്ട്. മുഖ്യമന്ത്രിയെ അധിക്ഷേപിച്ചെന്നും കുട്ടിയെകൊണ്ട് വിജയ്‌ക്കെതിരെ മുദ്രാവാക്യം വിളിപ്പിച്ചെന്നും ആരോപണമുണ്ട്. ഇത് സാധൂകരിക്കുന്ന തരത്തിലുള്ള വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

സംഭവത്തില്‍ അന്വേഷണം നടന്ന് വരികയാണെന്ന് പൊലീസ് പറഞ്ഞു. എന്നാല്‍ കുട്ടിയുടെ പേരോ പ്രായമോ സംബന്ധിച്ച വിവരങ്ങള്‍ പൊലീസിന്റെ പത്രക്കുറുപ്പില്‍ നല്‍കിയിട്ടില്ല. കേസ് രജിസ്റ്റര്‍ ചെയ്ത കാര്യം സ്ഥിരീകരിച്ചെങ്കിലും, ഒരു വ്യക്തിയില്‍ നിന്നോ രാഷ്ട്രീയ പാര്‍ട്ടിയില്‍ നിന്നോ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനില്‍ നിന്നോ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണോ നടപടിയെടുത്തതെന്ന് പൊലീസ് വ്യക്തമാക്കിയിട്ടില്ല.

Content Highlight: Case registered against Udhayanidhi Stalin for using a child in election campaigning.

നിഷാന. വി.വി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.

We use cookies to give you the best possible experience. Learn more