| Saturday, 29th August 2026, 8:10 am

മുഖ്യമന്ത്രിയെ വഴിയില്‍ തടഞ്ഞ കേസ്; ഡി.സി.സി അംഗം ചേന്തി അനിലിന്റെ അറസ്റ്റ് രേഖപ്പെടുത്തി

നിഷാന. വി.വി

തിരുവനന്തപുരം: ശ്രീകാര്യത്ത് മുഖ്യമന്ത്രി വി.ഡി സതീശനെ വഴിയില്‍ തടഞ്ഞ സംഭവത്തില്‍ ഡി.സി.സി അംഗം ചെന്തി അനിലിന്റെ അറസ്റ്റ് രേഖപ്പെടുത്തി. മുഖ്യമന്ത്രിയുടെ ഔദ്യോഗിക ജോലി തടസപ്പെടുത്തല്‍, തടഞ്ഞുവെക്കല്‍, അപമര്യാദയായി പെരുമാറല്‍ എന്നിവയടക്കമുളള വകുപ്പുകള്‍ ചേര്‍ത്താണ് അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്.

ഇന്നലെ അര്‍ദ്ധ രാത്രിയോടെയായിരുന്നു അനിലിനെ കസ്റ്റഡിയിലെടുത്തത്. ഇന്ന് രാവിലെ പതിനൊന്നിന് കോടതിയില്‍ ഹാജരാക്കും. ശ്രീകാര്യം പൊലീസാണ് അനിലിന്റെ അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. വൈദ്യപരിശോധനയും നടത്തിയിട്ടുണ്ട്.

എന്നാല്‍ താന്‍ മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞിട്ടില്ലെന്ന് ചേന്തി അനില്‍ പറഞ്ഞു. വാഹനവ്യൂഹത്തിനായി കൈ കാണിച്ചപ്പോള്‍ മുഖ്യമന്ത്രി പുറത്തിറങ്ങി ക്ഷുഭിതനായി സംസാരിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. അറസ്റ്റിന് ശേഷം ഇത് ഗ്രൂപ്പ് കളിയാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.

മുഖ്യമന്ത്രി ചേന്തിയിലെ ചതയദിന പരിപാടിയില്‍ പങ്കെടുക്കാത്തതില്‍ പ്രതിഷേധിച്ചായിരുന്നു കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വാഹന വ്യൂഹം തടഞ്ഞത്. ചെമ്പഴന്തി ശ്രീനാരായണ ഗുരുകുലത്തിലെ ചതയദിന പരിപാടിയില്‍ പങ്കെടുക്കാന്‍ പോകുന്നതിനിടെയാണ് ചേന്തിയില്‍ വെച്ച് വി.ഡി സതീശന്‍ സഞ്ചരിച്ച വാഹനം തടഞ്ഞത്. കോണ്‍ഗ്രസ് ജില്ലാ നേതാവായ ചേന്തി അനിലിന്റെ നേതൃത്വത്തിലാണ് വണ്ടി കൈകാണിച്ച് നിര്‍ത്തിയത്.

ചേന്തിയിലെ ചതയ ദിന പരിപാടിയില്‍ പങ്കെടുക്കുമെന്ന് മാസങ്ങള്‍ക്ക് മുമ്പ് മുഖ്യമന്ത്രി വി.ഡി സതീശന്‍ സമ്മതിച്ചതാണെന്നാണ് അദ്ദേഹം അവകാശപ്പെടുന്നത്. രംഗം വഷളായതോടെ മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ ചേന്തി അനിലിനെയും കൂട്ടരേയും തള്ളിമാറ്റിയാണ് മുഖ്യമന്ത്രിക്ക് പോകാന്‍ സൗകര്യം ഒരുക്കിയത്.

എന്നാല്‍ മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടിയുടെ ലിസ്റ്റില്‍ ചേന്തിയിലെ പ്രോഗ്രാം ഉണ്ടായിരുന്നില്ല.
മുഖ്യമന്ത്രിയോട് മോശമായി പെരുമാറിയതിന് സ്ഥലത്തുണ്ടായിരുന്ന ഗ്രേഡ് എസ്.എയുടെ മൊഴി രേഖപ്പെടുത്തിയ ശേഷമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

Content Highlight: Case regarding the blocking of the Chief Minister en route; arrest of DCC member Chenthi Anil recorded.

നിഷാന. വി.വി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.

We use cookies to give you the best possible experience. Learn more