| Thursday, 28th August 2025, 10:13 pm

അശ്ലീല വീഡിയോകള്‍ പ്രചരിപ്പിച്ച കേസ്; ജഡ്ജിമാര്‍ ദൃശ്യങ്ങള്‍ കണ്ട് ബോധ്യപ്പെടണം: ഹൈക്കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: അശ്ലീല വീഡിയോകള്‍ പ്രചരിപ്പിച്ച കേസുകളില്‍ വിചാരണ കോടതി ജഡ്ജിമാര്‍ തെളിവായ ദൃശ്യങ്ങള്‍ കണ്ട് ബോധ്യപ്പെടണമെന്ന് ഹൈക്കോടതി. ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത് അധ്യക്ഷനായ സിംഗിള്‍ ബെഞ്ചിന്റേതാണ് ഉത്തരവ്.

അശ്ലീല ദൃശ്യങ്ങള്‍ പ്രചരിപ്പിച്ച കേസിലെ പ്രതിയെ കുറ്റവിമുക്തനാക്കിക്കൊണ്ടാണ് ഹൈക്കോടതിയുടെ നിര്‍ദേശം. തെളിവുകളായി സമര്‍പ്പിച്ച ദൃശ്യങ്ങള്‍ നേരിട്ട് പരിശോധിച്ച് ബോധ്യപ്പെടാന്‍ വിചാരണ കോടതി ജഡ്ജിമാര്‍ക്ക് ചുമതലയുണ്ടെന്നും ഹൈക്കോടതി പറഞ്ഞു.

എത്ര സാക്ഷിമൊഴികള്‍ ഉണ്ടെങ്കിലും തെളിവുകള്‍ നേരിട്ട് പരിശോധിച്ച് ഉറപ്പാക്കേണ്ടത് മജിസ്ട്രേറ്റിന്റെ ചുമതലയാണെന്നും കോടതി ചൂണ്ടിക്കാട്ടി.

1997ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. അശ്ലീല വീഡിയോ കാസറ്റുകള്‍ കടയില്‍ സൂക്ഷിച്ചുവെന്ന കുറ്റത്തിന് കോട്ടയം സ്വദേശിക്കെതിരെ പൊലീസ് കേസെടുക്കുകയായിരുന്നു. എന്നാല്‍ കാസറ്റുകളില്‍ അശ്ലീല ദൃശ്യങ്ങളുണ്ട് എന്നത് ഇന്ത്യന്‍ തെളിവ് നിയമമനുസരിച്ച് നിലനില്‍ക്കില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി പ്രതിയെ കുറ്റവിമുക്തനാക്കിയത്.

നീണ്ട 27 വര്‍ഷത്തിന് ശേഷമാണ് കോട്ടയം സ്വദേശി കുറ്റവിമുക്തനായത്. പൊലീസ് ഹാജരാക്കിയ കാസറ്റില്‍ അശ്ലീല ദൃശ്യങ്ങള്‍ ഉണ്ടെന്ന് മജിസ്ട്രേറ്റ് സ്വമേധയാ കണ്ട് ബോധ്യപ്പെട്ടില്ലെന്ന ഹരജിക്കാരന്റെ വാദം ഹൈക്കോടതി അംഗീകരിക്കുകയായിരുന്നു.

എന്നാല്‍ തഹസില്‍ദാര്‍ കാസറ്റ് പരിശോധിച്ച് അശ്ലീല ദൃശ്യങ്ങളുണ്ടെന്ന് സാക്ഷ്യപ്പെടുത്തിയെന്നായിരുന്നു പ്രോസിക്യൂഷന്റെ വാദം.

ഹരജിക്കാരന്റെ കടയില്‍ നിന്ന് പിടിച്ചെടുത്ത പത്ത് കാസറ്റുകളില്‍ അശ്ലീല ദൃശ്യങ്ങള്‍ ഉണ്ടെന്നായിരുന്നു കേസ്. അശ്ലീല ദൃശ്യങ്ങള്‍ വില്‍ക്കുന്നതോ, വിതരണം ചെയ്യുന്നതോ, വാണിജ്യ ആവശ്യത്തിനായി ഉപയോഗിക്കുന്നതോ കുറ്റകരമാക്കുന്ന ഐ.പി.സി 292 വകുപ്പ് പ്രകാരമായിരുന്നു എഫ്.ഐ.ആര്‍.

പിന്നാലെ കേസ് പരിഗണിച്ച കോട്ടയം മജിസ്ട്രേറ്റ് കോടതി പ്രതിയെ രണ്ട് വര്‍ഷം തടവിന് വിധിച്ചു. എന്നാല്‍ ഈ വിധിയെ ചോദ്യം ചെയ്ത് സെഷന്‍ കോടതിയെ സമീപിച്ച ഹരജിക്കാരന്റെ ശിക്ഷ പകുതിയാക്കി കുറയ്ക്കുക മാത്രമാണ് ഉണ്ടായത്.

അപ്പീല്‍ പരിഗണിച്ച സെഷന്‍ കോടതി പ്രതിക്ക് മേല്‍ ചുമത്തിയിരുന്ന പിഴ 2000ല്‍ നിന്ന് ആയിരമാക്കുകയും ചെയ്തിരുന്നു. നിലവില്‍ ഈ ശിക്ഷാവിധിയാണ് ഹൈക്കോടതി റദ്ദാക്കിയത്.

Content Highlight: Case of spreading obscene videos; Judges should be convinced by seeing the footage: HC

We use cookies to give you the best possible experience. Learn more