| Wednesday, 9th September 2026, 1:49 pm

മണിപ്പൂരിൽ ആറ് നാഗാ യുവാക്കളെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസ്: കുക്കി പൊലീസ് കോൺസ്റ്റബിളിന് സസ്‌പെൻഷൻ

ശ്രീലക്ഷ്മി പി.പി

ഇംഫാൽ: മണിപ്പൂരിൽ രണ്ട് പാസ്റ്റർമാർ ഉൾപ്പെടെ ആറ് നാഗാ യുവാക്കളെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവത്തിൽ , കുക്കി വിഭാഗത്തിൽപ്പെട്ട പൊലീസ് കോൺസ്റ്റബിളിനെ സർവീസിൽ നിന്ന് സസ്‌പെൻഡ് ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട ആളുകൾ ഇക്കാര്യം സ്ഥിരീകരിച്ചതായി ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്തു.

സംസ്ഥാനത്ത് നാഗാ-കുക്കി രാഷ്ട്രീയ നേതാക്കൾ തമ്മിലുള്ള ഭിന്നതകളും തർക്കങ്ങളും രൂക്ഷമാകുന്ന പശ്ചാത്തലത്തിലാണ് കോൺസ്റ്റബിളിനെതിരെ പൊലീസ് വകുപ്പുതല നടപടി സ്വീകരിച്ചിരിക്കുന്നത്. നിലവിൽ കേസിൽ ദേശീയ അന്വേഷണ ഏജൻസി സമഗ്രമായ അന്വേഷണം നടത്തിവരികയാണ്.

2026 മെയ് 13-ന് ഉച്ചയ്ക്കാണ് സംഘർഷങ്ങൾക്ക് തുടക്കമിട്ട തട്ടിക്കൊണ്ടുപോകലുകൾ നടന്നത്. കാങ്‌പോക്പിയിൽ മൂന്ന് കുക്കി ക്രിസ്ത്യൻ സഭാ നേതാക്കൾക്ക് നേരെയുണ്ടായ പതിയിരിപ്പ് ആക്രമണത്തിൽ അവർ കൊല്ലപ്പെട്ടിരുന്നു. ഈ ആക്രമണത്തിന് പിന്നിൽ നാഗാ സംഘങ്ങളാണെന്ന ആരോപണം ഉയർന്നതോടെ മേഖലയിൽ നാഗാ-കുക്കി സംഘർഷം വീണ്ടും രൂക്ഷമായി.

തുടർന്ന് ഇരുവിഭാഗങ്ങളിലെയും സായുധ സംഘങ്ങൾ പ്രതികാര നടപടികളുടെ ഭാഗമായി പരസ്പരം ആളുകളെ തട്ടിക്കൊണ്ടുപോകാൻ തുടങ്ങി. ഇതിനിടെ മെയ് 13-ന് കാങ്പോക്പി ജില്ലയിലെ ലീലോൺ വൈഫെയ് ഗ്രാമത്തിൽ നിന്ന് രണ്ട് പാസ്റ്റർമാർ ഉൾപ്പെടെ ആറ് നാഗാ പുരുഷന്മാരെ കുടുംബാംഗങ്ങൾക്കൊപ്പം കുക്കി സായുധ സംഘങ്ങൾ തട്ടിക്കൊണ്ടുപോവുകയായിരുന്നു.

സഭാ നേതാക്കളുടെയും സർക്കാർ അധികാരികളുടെയും ഇടപെടലിനെ തുടർന്ന് മെയ് 15-ന് ഇരുവിഭാഗങ്ങളിലെയും സ്ത്രീകളെയും കുട്ടികളെയും ബന്ദി കൈമാറ്റത്തിലൂടെ മോചിപ്പിച്ചു. എന്നാൽ 14 കുക്കി-സോ പുരുഷന്മാരും ആറ് നാഗാ പുരുഷന്മാരും തടങ്കലിൽ തന്നെ തുടർന്നു.

പിന്നീട് സഭാ നേതാക്കൾ, സുരക്ഷാ സേന, സൈന്യം, ഇന്റലിജൻസ് ബ്യൂറോ എന്നിവർ നിരന്തരം ഇടപെട്ടിട്ടും ആറ് നാഗാ പുരുഷന്മാരെ മോചിപ്പിക്കാൻ സാധിച്ചില്ല. യുവാക്കളെ ബന്ദികളാക്കിയിട്ടില്ലെന്ന് കുക്കി-സോ സംഘടനകൾ വാദിച്ചെങ്കിലും, തട്ടിക്കൊണ്ടുപോയി ഏകദേശം ഒരു മാസത്തിന് ശേഷം, ജൂൺ 10-ന് കാങ്‌പോക്പി ജില്ലയിലെ വനപ്രദേശങ്ങളിൽ നിന്ന് ഇവരുടെ മൃതദേഹങ്ങൾ വികൃതമാക്കപ്പെട്ട നിലയിൽ കണ്ടെത്തുകയായിരുന്നു.

അതേസമയം, പ്രതികൾക്കെതിരെ നീതിയുക്തമായ നടപടി ഉണ്ടാകാത്തതിൽ പ്രതിഷേധിച്ച് കൊല്ലപ്പെട്ട യുവാക്കളുടെ മൃതദേഹങ്ങൾ സംസ്‌കരിക്കാൻ കുടുംബങ്ങൾ ഇതുവരെ തയ്യാറായിട്ടില്ല.

സംഭവം സംസ്ഥാനത്ത് വലിയ രാഷ്ട്രീയ പോരിനാണ് വഴിതുറന്നിരിക്കുന്നത്. ആറ് നാഗാ യുവാക്കളെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ കർശന നടപടി വേണമെന്ന് നാഗാ എം.എൽ.എമാർ ശക്തമായി ആവശ്യപ്പെട്ടു.

കുക്കി വിഭാഗക്കാരിയായ ഉപമുഖ്യമന്ത്രി നെംച കിപ്‌ജെനും ഈ സംഭവത്തിൽ പങ്കുണ്ടെന്ന് നാഗാ ജനപ്രതിനിധികൾ ഗുരുതരമായ ആരോപണം ഉന്നയിച്ചു. ഇതിനെത്തുടർന്ന്, കിപ്‌ജെനൊപ്പം നിയമസഭയിൽ ഇരിക്കാൻ വിസമ്മതിച്ച നാഗാ എം.എൽ.എമാർ സഭാ നടപടികൾ ബഹിഷ്കരിച്ചു മാറിനിൽക്കുകയാണ്. ഭരണതലത്തിലും രാഷ്ട്രീയ തലത്തിലും വൻ പ്രതിസന്ധിയാണ് ഈ സംഭവം സൃഷ്ടിച്ചിരിക്കുന്നത്.

Content Highlight:Case of abduction and murder of six Naga youths in Manipur: Kuki police constable suspended.

ശ്രീലക്ഷ്മി പി.പി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. കണ്ണൂര്‍ സര്‍വകലാശാലയില്‍ നിന്നും ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.

Latest Stories

We use cookies to give you the best possible experience. Learn more