| Wednesday, 8th July 2026, 10:36 am

ബംഗാളില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കൊലപ്പെടുത്തിയ കേസ്; പ്രതി പൊലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു

ആദർശ് എം.കെ.

കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ ബാറൂയിപൂരില്‍ 11 വയസുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി പ്രഭാസ് മണ്ഡല്‍ പോലീസ് എന്‍കൗണ്ടറില്‍ കൊല്ലപ്പെട്ടു.

ബുധനാഴ്ച പുലര്‍ച്ചെ കുറ്റകൃത്യം നടന്ന സ്ഥലത്ത് തെളിവെടുപ്പ് നടത്തുന്നതിനിടെയാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്.

തെളിവെടുപ്പിനായി പ്രതിയായ പ്രഭാസ് മണ്ഡലിനെ ബുധനാഴ്ച പുലര്‍ച്ചെ ഏകദേശം 12:45-ഓടെയാണ് പോലീസ് സംഭവസ്ഥലത്ത് എത്തിച്ചത്. എന്നാല്‍ തെളിവെടുപ്പിനിടെ പ്രതി അപ്രതീക്ഷിതമായി ഒരു പൊലീസുകാരന്റെ തോക്ക് തട്ടിപ്പറിച്ച് ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുകയും തങ്ങള്‍ക്ക് നേരെ വെടിയുതിര്‍ക്കുകയുമായിരുന്നു എന്നാണ് പൊലീസ് ഭാഷ്യം.

പൊലീസ് സ്വയരക്ഷയ്ക്കായി തിരിച്ചു വെടിവെച്ചു. വെടിയേറ്റ പ്രതിയെ ഉടന്‍ തന്നെ ബാറൂയിപൂര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഡോക്ടര്‍മാര്‍ മരണം സ്ഥിരീകരിച്ചു.

കഴിഞ്ഞ ജൂലൈ 4നാണ് 11 വയസുകാരിയെ കാണാതാകുന്നത്. തൊട്ടടുത്ത ദിവസം സൂര്യപൂര്‍ ഹാട്ടിലെ ഒരു കുളത്തില്‍ ചാക്കില്‍ കെട്ടിയ നിലയില്‍ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.

പെണ്‍കുട്ടിയെ ചാക്കിലാക്കി കുളത്തില്‍ എറിയുമ്പോള്‍ കുട്ടിക്ക് ജീവന്‍ ഉണ്ടായിരുന്നുവെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്.

കൊല്ലപ്പെടുന്നതിന് മുന്‍പ് പെണ്‍കുട്ടി പ്രതിയോടൊപ്പം പോകുന്ന സി.സി.ടി.വി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിരുന്നു. ഇതാണ് അന്വേഷണത്തില്‍ നിര്‍ണായകമായത്. പ്രഭാസ് മണ്ഡലിനെ കൂടാതെ കേസുമായി ബന്ധപ്പെട്ട് ആനന്ദ സര്‍ദാര്‍, ദിവാകര്‍ സര്‍ദാര്‍, കബീര്‍ മൊല്ല എന്നിവരെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

പെണ്‍കുട്ടിയുടെ ക്രൂരമായ കൊലപാതകം പുറത്തുവന്നതോടെ പ്രദേശത്ത് വലിയ തോതിലുള്ള ക്രമസമാധാന പ്രശ്‌നങ്ങളും പൊതുജന പ്രതിഷേധവും പൊട്ടിപ്പുറപ്പെട്ടു. പ്രകോപിതരായ ജനക്കൂട്ടം ബാറൂയിപൂര്‍-ജോയ്‌നഗര്‍ റോഡ് ഉപരോധിക്കുകയും പൊലീസ് വാഹനങ്ങള്‍ തല്ലിത്തകര്‍ക്കുകയും ചെയ്തു.

ഈ വലിയ പ്രക്ഷോഭത്തിനിടയില്‍, കുറ്റവാളിയാണെന്ന സംശയത്താല്‍ ഇന്ദ്രജിത്ത് മണ്ഡല്‍ എന്ന നിരപരാധിയെ ജനക്കൂട്ടം ക്രൂരമായി തല്ലിക്കൊല്ലുകയും ചെയ്തിരുന്നു.

സംഭവത്തെ തുടര്‍ന്നുണ്ടായ രാഷ്ട്രീയ നയതന്ത്ര സംഘര്‍ഷങ്ങള്‍ക്കും പൊതുജനരോഷത്തിനും പിന്നാലെ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി സുവേന്ദു അധികാരി ഇരകളുടെ കുടുംബങ്ങളെ സന്ദര്‍ശിച്ചു.

കേസിന്റെ അന്വേഷണത്തെക്കുറിച്ച് 72 മണിക്കൂറിനുള്ളില്‍ കൃത്യമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പോലീസ് സിദ്ധ് നാഥ് ഗുപ്തയോട് മുഖ്യമന്ത്രി നിര്‍ദേശിച്ചിട്ടുണ്ട്.

പ്രതിഷേധത്തിന്റെ മറവില്‍ അക്രമവും നാശനഷ്ടങ്ങളും അഴിച്ചുവിട്ട 200ഓളം പേരെ പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ടെന്നും അവര്‍ക്കെതിരെ കര്‍ശനമായ നിയമനടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

നിലവില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചാണ് പോലീസ് കേസില്‍ തുടര്‍ അന്വേഷണം നടത്തുന്നത്. കൂടാതെ ദേശീയ വനിതാ കമ്മീഷനും വിഷയത്തില്‍ പോലീസിന്റെ ഔദ്യോഗിക നടപടികള്‍ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്.

Content Highlight: Case involving the murder of a minor girl in Bengal; accused killed in police encounter.

ആദർശ് എം.കെ.

ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

Latest Stories

We use cookies to give you the best possible experience. Learn more