| Wednesday, 11th June 2025, 6:45 am

എറണാകുളത്ത് പാസ്റ്റര്‍മാര്‍ സംഘടിപ്പിച്ച പരിപാടിയില്‍ പാകിസ്ഥാന്‍ കൊടി ഉപയോഗിച്ചതില്‍ കേസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: എറണാകുളത്ത് പാസ്റ്റര്‍മാര്‍ സംഘടിപ്പിച്ച പരിപാടിയില്‍ പാകിസ്ഥാന്‍ കൊടി ഉപയോഗിച്ചതില്‍ കേസെടുത്ത് പൊലീസ്. പരിപാടിയുടെ സംഘാടകനും ജീസസ് ജനറേഷന്‍ എന്ന പ്രാര്‍ത്ഥന കൂട്ടായ്മയുടെ ഭാരവാഹിയുമായ ദീപു ജേക്കബിന് എതിരെയാണ് കേസ്.

ബി.ജെ.പി എറണാകുളം ജില്ലാ പ്രസിഡന്റ് ശ്രീക്കുട്ടന്‍ നല്‍കിയ പരാതിയിലാണ് നടപടി. രാജ്യങ്ങളുടെ ക്ഷേമത്തിനായി നടത്തിയ പ്രാര്‍ത്ഥനകള്‍ക്കിടെ പാകിസ്ഥാന്റെ പതാകയും ഉപയോഗിച്ചുവെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പരാതി. പരിപാടിക്ക് ശേഷം ഇന്ത്യന്‍ പതാക ശുചിമുറിയുടെ ഭാഗത്തേക്ക് വലിച്ചെറിഞ്ഞുവെന്നും പരാതിയില്‍ പറയുന്നതായാണ് റിപ്പോര്‍ട്ടുകള്‍.

പരാതിയില്‍ ബി.എന്‍.എസ് 196 (1) എ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. കലാപാഹ്വാനം, മതസ്പർധ വളര്‍ത്തല്‍ എന്നീ വകുപ്പുകളാണ് ദീപുവിനെതിരെ ചുമത്തിയത്. ഇന്നലെ (ചൊവ്വ)യാണ് ജീസസ് ജനറേഷന്‍ ഭാരവാഹിക്കെതിരെ കേസെടുത്തത്.

എറണാകുളം ഉദയംപേരൂരിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. നാല്‍പ്പതോളം പാസ്റ്റര്‍മാരാണ് പരിപാടിയില്‍ പങ്കെടുത്തത്. കഴിഞ്ഞ 40 ദിവസമായി ജീസസ് ജനറേഷന്‍ ഓഡിറ്റോയത്തില്‍ പ്രാര്‍ത്ഥന നടന്നുവരികയായിരുന്നു.

എല്ലാ രാജ്യങ്ങള്‍ക്കും സമാധാനവും ക്ഷേമവും നേര്‍ന്ന് കൊടികളില്‍ തൊട്ടുള്ള പ്രാര്‍ത്ഥനയാണ് ഉദയംപേരൂരില്‍ നടന്നത്. ഇതിലാണ് പാകിസ്ഥാന്റെ പതാക ഉപയോഗിച്ചത്.

എന്നാല്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കാന്‍ ശ്രമിച്ചിട്ടില്ലെന്നും സകല രാജ്യങ്ങള്‍ക്കും വേണ്ടിയുള്ള പ്രാര്‍ത്ഥനയില്‍ 20 രാജ്യങ്ങളുടെ പതാക ഉപയോഗിക്കാറുണ്ടെന്നും അതിലൊന്ന് മാത്രമാണ് പാകിസ്താന്റേതെന്നുമാണ് ദീപുവിന്റെ വിശദീകരണം. ഇതിനുപിന്നില്‍ യാതൊരു ദുരുദ്ദേശവുമില്ലെന്നും സംഘാടകര്‍ മൊഴി നല്‍കിയിട്ടുണ്ട്.

അതേസമയം ദീപു ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത് ഒളിവിലാണെന്നാണ് പൊലീസ് പറയുന്നത്. സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ച പ്രാര്‍ത്ഥനയുടെ ദൃശ്യങ്ങള്‍ കണ്ടതിന് പിന്നാലെയാണ് ബി.ജെ.പി നേതാവ് പൊലീസില്‍ പരാതിപ്പെട്ടത്.

കേസിലെ പ്രതിയായ ദീപു പരിപാടിയുടെ സംഘാടകനും പാസ്റ്ററും പ്രാര്‍ത്ഥന നടന്ന ഓഡിറ്റോറിയത്തിന്റെ ഉടമയാണ്. ചൈനയില്‍ നിന്നാണ് ഇയാള്‍ പാക് പതാക വാങ്ങിയതെന്നും വിവരമുണ്ട്.

Content Highlight: Case filed for using Pakistani flag at event organized by pastors in Ernakulam

We use cookies to give you the best possible experience. Learn more