| Monday, 3rd November 2025, 5:08 pm

ദളിത് വിദ്യാര്‍ത്ഥിയെ ഉപദ്രവിച്ചു പാന്റ്‌സിനുള്ളില്‍ തേളിനെ കയറ്റി; ഷിംലയില്‍ മൂന്ന് അധ്യാപകര്‍ക്കെതിരെ കേസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഷിംല: ഹിമാചല്‍ പ്രദേശിലെ ഷിംലയില്‍ ദളിത് വിദ്യാര്‍ത്ഥിക്ക് നേരെ ക്രൂരമായ ആക്രമണം നടത്തിയ മൂന്ന് അധ്യാപകര്‍ക്ക് എതിരെ പൊലീസ് നടപടി.

ശാരീരികമായി വിദ്യാര്‍ത്ഥിയെ ഉപദ്രവിക്കുകയും പാന്റ്‌സിനുള്ളിലേക്ക് തേളിനെ കയറ്റുകയും ചെയ്തതുള്‍പ്പെടെയുള്ള ക്രൂരതകള്‍ ചെയ്ത പ്രധാനധ്യാപകന്‍ ഉള്‍പ്പെടെയുള്ള മൂന്ന് അധ്യാപകര്‍ക്കെതിരെ പൊലീസ് കേസെടുത്തു.

റോഹ്‌രു സബ് ഡിവിഷനില്‍പ്പെട്ട ഖദ്ദാപാനി പ്രദേശത്തെ സര്‍ക്കാര്‍ പ്രൈമറി സ്‌കൂളിലാണ് സംഭവം.
ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിയോടാണ് ഒരു വര്‍ഷത്തോളമായി അധ്യാപകര്‍ നിരന്തരം ക്രൂരമായി പെരുമാറിയത്.

കുട്ടിയുടെ പിതാവ് പൊലീസില്‍ പരാതിപ്പെട്ടതോടെ ഇക്കാര്യം പുറത്തെത്തുകയായിരുന്നു.

സംഭവത്തില്‍, അന്യായമായി തടങ്കലില്‍വെയ്ക്കല്‍, സ്വമേധയാ പരിക്കേല്‍പ്പിക്കല്‍, ഭീഷണിപ്പെടുത്തല്‍, തുടങ്ങിയ ഭാരതീയ ന്യായ സംഹിതയിലെ ക്രിമിനല്‍ വകുപ്പുകള്‍ ചുമത്തി പൊലീസ് കേസെടുത്തു.

പ്രധാനാധ്യാപകന്‍ ദേവേന്ദ്ര, അധ്യാപകരായ ബാബു റാം, കൃതിക താക്കൂര്‍ എന്നിവര്‍ക്കെതിരെ നടപടി സ്വീകരിച്ച പൊലീസ്, ജുവൈനല്‍ ജസ്റ്റിസ് ആക്ട്, പട്ടികജാതി-പട്ടികവര്‍ഗ പീഡന നിരോധന നിയമത്തിലെ വകുപ്പുകള്‍ എന്നിവയാണ് ചുമത്തിയിരിക്കുന്നത്.

കുട്ടിയെ തുടര്‍ച്ചയായി ശാരീരികമായി ഉപദ്രവിച്ചതിന്റെ ഫലമായി ചെവിയില്‍ നിന്നും രക്തം വരികയും കര്‍ണപുടത്തിന് തകരാറ് സംഭവിക്കുകയും ചെയ്തു. ഒരിക്കല്‍ കുട്ടിയെ സ്‌കൂളിലെ ശുചിമുറിയില്‍ എത്തിച്ച് പാന്റ്‌സിനുള്ളിലേക്ക് തേളിനെ കയറ്റിയെന്നും കുട്ടിയുടെ പിതാവിന്റെ പരാതിയില്‍ പറയുന്നു.

അതേസമയം, ക്രൂരമായ ഉപദ്രവത്തെ കുറിച്ച് ആരോടെങ്കിലും പറഞ്ഞാല്‍ ചുട്ടുകളയുമെന്ന് തന്റെ മകനെ ഭീഷണിപ്പെടുത്തിയിരുന്നെന്നും പിതാവ് വെളിപ്പെടുത്തി.

ഈ സ്‌കൂളില്‍ നേപ്പാള്‍ വംശജരായ വിദ്യാര്‍ത്ഥികളോടും ദളിത് വിദ്യാര്‍ത്ഥികളോടും ജാതി വിവേചനം കാണിക്കാറുണ്ടെന്നും അദ്ദേഹം പരാതിയില്‍ പറയുന്നു.

Content Highlight: putting scorpion in pants, Case filed against three teachers in Shimla for harassing Dalit student

We use cookies to give you the best possible experience. Learn more