| Wednesday, 14th May 2025, 5:21 pm

വേടന്റെ പരിപാടി റദ്ദാക്കിയതോടെ സ്റ്റേജിലേക്ക് ചെളിവാരിയെറിഞ്ഞ് പ്രതിഷേധിച്ചവര്‍ക്കെതിരെ കേസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കിളിമാനൂര്‍: റാപ്പര്‍ വേടന്റെ പരിപാടി മാറ്റിവെച്ചതിനെ തുടര്‍ന്നുണ്ടായ അക്രമ സംഭവത്തില്‍ നടപടിയുമായി പൊലീസ്. കണ്ടാലറിയുന്ന 25 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. കിളിമാനൂര്‍ പൊലീസാണ് കേസെടുത്തത്.

കിളിമാനൂരില്‍ മെയ് എട്ടിന് സംഘടിപ്പിച്ചിരുന്ന പരിപാടിക്ക് എല്‍.ഇ.ഡി സെറ്റ് ചെയ്യുന്നതിനിടെ ടെക്നീഷ്യനായ ആറ്റിങ്ങല്‍ സ്വദേശി ലിജു ഗോപിനാഥ് (45) ഷോക്കേറ്റ് മരിച്ചതിന് പിന്നാലെയാണ് സംഭവം നടന്നത്.

ലിജുവിന്റെ മരണത്തെ തുടര്‍ന്ന് പാട്ട് പാടാൻ ബുദ്ധിമുട്ടുണ്ടെന്ന് വേടന്‍ അറിയിച്ചതോടെയാണ് പരിപാടി മാറ്റിവെച്ചത്.

പരിപാടിക്ക് മുന്നോടിയായി സ്റ്റേജും സൗണ്ട് സിസ്റ്റവും പരിശോധിച്ച ശേഷം വേടന്‍ വിശ്രമിക്കുന്നതിനിടെയാണ് അപകടം നടന്നത്. തുടര്‍ന്ന് ഈയൊരു സാഹചര്യത്തില്‍ വേദിയിലെത്തി പാട്ടുപാടുന്നതില്‍ തനിക്ക് മാനസികമായ ബുദ്ധിമുട്ടുണ്ടെന്ന് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച വീഡിയോയിലൂടെ വേടന്‍ അറിയിക്കുകയിരുന്നു.

പിന്നാലെ സ്ഥലത്തുണ്ടായിരുന്ന കാണികള്‍ സംഘാടകര്‍ക്ക് നേരെ ആക്രോശിക്കുകയും സ്റ്റേജിലേക്കും മറ്റ് ഉപകരണങ്ങളിലേക്കും ചെളിയും കല്ലും വാരിയെറിയുകയുമായിരുന്നു.

സംഭവത്തില്‍ വലിയ സാമ്പത്തിക നഷ്ടമാണ് സംഘാടകര്‍ക്ക് ഉണ്ടായതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിനെ തുടര്‍ന്നാണ് കിളിമാനൂര്‍ പൊലീസിന്റെ നടപടി.

ഇതിനിടെ ലിജുവിന്റെ മരണത്തില്‍ സംഘാടകര്‍ക്കെതിരെ ആരോപണവുമായി കുടുംബം രംഗത്തെത്തിയിരുന്നു. പരിപാടിയില്‍ ആവശ്യമായ സുരക്ഷാ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയില്ലെന്നാണ് കുടുംബം ആരോപിക്കുന്നത്.

ലിജുവിന്റെ മരണവാര്‍ത്ത സംഘാടകര്‍ മറച്ചുവെക്കാന്‍ ശ്രമിച്ചുവെന്നും മരണവിവരം വൈകിയാണ് അറിയിച്ചതെന്നും കുടുംബം ആരോപിക്കുന്നുണ്ട്. മുഖ്യമന്ത്രിക്ക് പരാതി നല്‍കുമെന്നും യുവാവിന്റെ കുടുംബം പ്രതികരിച്ചിരുന്നു.

അതേസമയം വേടനെന്ന കലാകാരന്റെ പിന്നില്‍ ശക്തരായ സ്പോണ്‍സര്‍മാരുണ്ടെന്നും വേടന്റെ പാട്ടെന്ന് പറയുന്നത് ജാതി ഭീകരവാദം പ്രചരിപ്പിക്കുന്ന, വിഘടനവാദം പ്രചരിപ്പിക്കുന്ന സാഹിത്യത്തെ വളര്‍ന്നുവരുന്ന തലമുറയുടെ മനസിലേക്ക് വിഷം കുത്തിവെക്കുന്ന കലാഭാസമാണെന്നും കേസരി മുഖ്യപത്രാധിപനും ആര്‍.എസ്.എസ് നേതാവുമായ എന്‍.ആര്‍. മധു വിദ്വേഷ പരാമര്‍ശം നടത്തിയിരുന്നു.

ആളുകൂടാന്‍ വേടന്റെ പാട്ട് പരിപാടി നടത്തുന്നവര്‍ അമ്പലപ്പറമ്പില്‍ കാബറയും നടത്തുമെന്നും എന്‍.ആര്‍. മധു പറഞ്ഞിരുന്നു. കൊല്ലം കുണ്ടറയിലെ ക്ഷേത്രപരിപാടിയില്‍ സംസാരിക്കുകയായിരുന്നു എന്‍.ആര്‍. മധു. സൂക്ഷ്മമായി പഠിച്ചാല്‍ ഈ രാജ്യത്തിന്റെ വിഘടനം സ്വപ്നം കണ്ട് കഴിയുന്ന തമോമയ ശക്തികള്‍ വേടന് പിന്നിലുണ്ടെന്ന് മനസിലാക്കാമെന്നും എന്‍.ആര്‍. മധു ആരോപിച്ചിരുന്നു.

Content Highlight: Case filed against those who threw mud on stage after Vedan’s show was canceled

Latest Stories

We use cookies to give you the best possible experience. Learn more