| Tuesday, 11th March 2025, 8:38 am

പരുന്തുംപാറയിൽ സർക്കാർ ഭൂമി കൈയേറി അനധികൃതമായി കുരിശ് നിർമിച്ച റിസോർട്ട് ഉടമക്കെതിരെ കേസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

പീരുമേട്: പരുന്തുംപാറയിൽ ഭൂമി കൈയേറി അനധികൃതമായി കുരിശ് നിർമിച്ച റിസോർട്ട് ഉടമക്കെതിരെ കേസ്. ഗ്രേസ് കമ്യൂണിറ്റി ഗ്ലോബൽ എന്ന ക്രൈസ്തവ സംഘടനയുടെ നേതാവും ചങ്ങനാശ്ശേരി തൃക്കൊടിത്താനം സ്വദേശിയുമായ കൊട്ടാരത്തിൽ സജിത് ജോസഫിനെതിരെയാണ് കേസെടുത്തിരിക്കുന്നത്. കലക്ടറുടെ നിരോധനാജ്ഞ ലംഘിച്ച് നിർമാണം നടത്തിയതിനാണ് കേസ്.

പീരുമേട് എൽ.ആർ തഹസിൽദാരുടെ പരാതിയിൽ വണ്ടിപ്പെരിയാർ പൊലീസ് ആണ് കേസ് എടുത്തത്. കയ്യേറ്റ ഭൂമിയിൽ പണിത കുരിശ് റവന്യു സംഘം ഇന്നലെ പൊളിച്ചു മാറ്റിയിരുന്നു.

ഇടുക്കിയിൽ മൂന്നാറിനും വാഗമണ്ണിനും പുറമെ പരുന്തംപാറയിലും വ്യാപക കയ്യേറ്റമുണ്ടെന്നും പീരുമേട് മഞ്ചുമല വില്ലേജുകളിൽ സർവേ നമ്പർ മാറി പട്ടയം നൽകിയിട്ടുണ്ടെന്നും ഹൈക്കോടതി നിയോഗിച്ച പ്രത്യേക അന്വേഷണ സംഘം റിപ്പോർട്ട് നൽകിയിരുന്നു. സജിത്ത് ജോസഫിന്റെ ഉടമസ്ഥതയിൽ പരുന്തുംപാറയിലുള്ള മൂന്നേക്കർ 31 സെന്റ് ഭൂമിയിൽ കയ്യേറ്റമുണ്ടെന്നും വൻകിട റിസോർട്ട് നിർമിച്ചതായും കണ്ടെത്തിയിരുന്നു

ഈ മാസം രണ്ടിന് പരുന്തുംപാറയിൽ കൈയേറ്റ ഭൂമിയിലെ നിർമാണപ്രവർത്തനങ്ങൾക്ക് സ്റ്റോപ് മെമോ നൽകാൻ ജില്ല കലക്‌ടർ പീരുമേട് എൽ. ആർ തഹസിൽദാരെ ചുമതലപ്പെടുത്തി. ഒപ്പം കൈയേറ്റ ഭൂമിയിൽ പണികൾ നടത്തുന്നില്ലെന്ന് ഉറപ്പുവരുത്താനും നിർദേശിച്ചു സജിത് ജോസഫിന് സ്റ്റോപ് മെമ്മോ നൽകുകയും ചെയ്തു. എന്നാൽ ഇത് അവഗണിച്ച് കുരിശ് പണിയുകയായിരുന്നു.

പണികൾ നടക്കുന്നത് ഉദ്യോഗസ്ഥർ കണ്ടില്ലെന്ന് നടിക്കുകയായിരുന്നു. മറ്റൊരു സ്ഥലത്ത് വച്ച് പണിത കുരിശ് ഇവിടെ സ്ഥാപിക്കുകയാണ് ചെയ്തതെന്ന് റവന്യൂ ഉദ്യോഗസ്ഥർ വാദിക്കുന്നു. ശനിയാഴ്ച സ്ഥലത്തെത്തിയ തഹസിൽദാർ ഇനി പണികൾ നടത്തരുതെന്ന് നിർദേശിച്ച് മടങ്ങി. കഴിഞ്ഞയാഴ്ച പീരുമേട്ടിലെത്തിയ സജിത് ജോസഫ് ചില റവന്യൂ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിയതായും വിവരമുണ്ട്. കയ്യേറ്റ സ്ഥലത്ത് നിരോധനം ലംഘിച്ച് പണികൾ നടത്തിയെന്ന് കണ്ടെത്തിയിട്ടും സജിത് ജോസിഫിനെതിരെ കേസെടുക്കാൻ  പൊലീസിൽ പരാതി നൽകിയിരുന്നില്ല.

Content Highlight: Case filed against resort owner who illegally built a cross on government land in Parunthumpara

Latest Stories

We use cookies to give you the best possible experience. Learn more