| Saturday, 14th June 2025, 5:45 pm

സോഷ്യല്‍ മീഡിയ പോസ്റ്റിന്റെ പേരില്‍ എന്‍.വി. ബാലകൃഷ്ണനെതിരെ കേസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: സോഷ്യല്‍ മീഡിയ പോസ്റ്റിന്റെ പേരില്‍ എന്‍.വി. ബാലകൃഷണന്റെ പേരില്‍ കേസ്. കൊയിലാണ്ടി പൊലീസാണ് എന്‍. വി. ബാലകൃഷ്ണനെതിരെ സ്വമേധയ കേസ് എടുത്തത്.

ഫെബ്രുവരി 25ന് ജനാധിപത്യ കോഴിക്കോടിന്റെ ബാനറിലുള്ള ഒരു ലേഖനവും കാര്‍ട്ടൂണും അദ്ദേഹം തന്റെ ഫേസ്ബുക്ക് പേജ് വഴി പങ്കുവെച്ചിരുന്നു. എന്നാല്‍ ഈ ചിത്രം ദേശീയ ചിഹ്നമായ അശോക സ്തംഭത്തെ അപമാനിക്കുന്നതാണെന്ന്‌ ആരോപിച്ചാണ് കേസ് എടുത്തിരിക്കുന്നത്.

ഇതിനെത്തുടര്‍ന്ന് ഇന്നലെ പൊലീസ് എന്‍.വി ബാലകൃഷ്ണന്റെ വീട്ടില്‍ പരിശോധന നടത്തിയിരുന്നു. തുടര്‍ന്ന് അദ്ദേഹത്തിന്റെ ടാബ് ലെറ്റുമായി ഇന്ന് സ്റ്റേഷനില്‍ ഹാജരാകുവാനും പൊലീസ് നിര്‍ദേശിച്ചിരുന്നു.

എന്നാല്‍ ഈ കേസ് തന്നെ മാത്രം ലക്ഷ്യമിട്ട് ഫയല്‍ ചെയ്തതാണെന്ന് എന്‍.വി. ബാലകൃഷ്ണന്‍ ഡൂള്‍ ന്യൂസിനോട് പ്രതികരിച്ചു. താന്‍ റീഷെയര്‍ ചെയ്ത പോസ്റ്റിലുള്ള ഉള്ളടക്കമാണ് കേസെടുക്കാന്‍ പ്രേരിപ്പിച്ചതെന്നും തനിക്ക് പുറമെ നൂറുകണക്കിന് ആളുകള്‍ ഇതേ പോസ്റ്റ് പങ്കുവെച്ചെങ്കിലും അവര്‍ക്കെതിരെയൊന്നും നടപടിയുണ്ടായില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

സീതാറാം യെച്ചൂരിയുടെ വിയോഗത്തിന് ശേഷം പ്രകാശ് കരാട്ടും പിണറായി വിജയനുമടങ്ങുന്ന സി.പി.ഐ.എം നേതൃത്വം എങ്ങനെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സുഖിപ്പിക്കുന്നതെന്നായിരുന്നു ആ കുറിപ്പില്‍ പറഞ്ഞിരുന്നതെന്നെന്ന് എന്‍.വി. ബാലകൃഷ്ണന്‍ പറഞ്ഞു.

കൂടാതെ താന്‍ പങ്കുവെച്ച കാര്‍ട്ടൂണ്‍ ആകട്ടെ ഒരു വിദേശ മാര്‍കിസ്റ്റ് പത്രം മുമ്പ് പ്രസിദ്ധീകരിച്ചതാണെന്നും അത് ആര്‍ക്ക് വേണമെങ്കിലും ഗൂഗിളില്‍ ലഭ്യമാകുന്നതാണെന്നും ജനാധിപത്യ കോഴിക്കോട് പങ്കുവെച്ചിട്ടുള്ളതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പൊലീസിന്റെ നിര്‍ദേശം പ്രകാരം അവര്‍ ആവശ്യപ്പെട്ട ടാബ് ലെറ്റ് പൊലീസിന്‌ മുന്നില്‍ ഹാജരാക്കിയിട്ടുണ്ടെന്നും കേസിനോട് സഹകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Content Highlight: Case filed against NV Balakrishnan over social media post

We use cookies to give you the best possible experience. Learn more