| Saturday, 5th September 2026, 11:54 am

രമ്യ ഹരിദാസ് എം.എൽ.എയ്‌ക്കെതിരെ കേസ്; ചിറയിൻകീഴിൽ കോൺഗ്രസ് തമ്മിലടിയിൽ ഇരുവിഭാഗത്തിനുമെതിരെ നടപടി

ശ്രീലക്ഷ്മി പി.പി

ചിറയിൻകീഴ്: പ്രാദേശിക കോൺഗ്രസ് നേതാക്കളും രമ്യ ഹരിദാസ് എം.എൽ.എയും തമ്മിലുണ്ടായ സംഘർഷത്തിലും കയ്യാങ്കളിയിലും ഇരുവിഭാഗത്തിനുമെതിരെ പൊലീസ് കേസെടുത്തു. മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റും ജില്ലാ പഞ്ചായത്ത് അംഗവുമായ സജാദും ഭാര്യയും നൽകിയ പരാതിയിലാണ് രമ്യ ഹരിദാസ് എം.എൽ.എ ഉൾപ്പെടെയുള്ളവർക്കെതിരെ കേസെടുത്തത്.

അതേസമയം, എം.എൽ.എ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പാർട്ടി ഭാരവാഹികളായ ഏഴ് പേർക്കെതിരെയും പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

എം.എൽ.എയും സംഘവും വീട്ടിലെത്തി ഭീഷണിപ്പെടുത്തിയെന്ന് സജാദും ഭാര്യയും ആരോപിച്ചു. സജാദിട്ട ഫേസ്ബുക്ക് പോസ്റ്റ് മകളെക്കൊണ്ട് നിർബന്ധിച്ച് വായിപ്പിച്ചെന്നും ഇവർ മാധ്യമങ്ങളോട് പറഞ്ഞു. എം.എൽ.എ അഭിനയിക്കുകയാണെന്നും തന്റെ കൈ പിടിച്ച് തിരിച്ചെന്നും ജില്ലാ പഞ്ചായത്ത് അംഗം സജിത്ത് മുട്ടപ്പലവും ആരോപിച്ചു. എന്നാൽ, തന്നെ ചായ കുടിക്കാൻ വിളിച്ച് വരുത്തി പ്രാദേശിക നേതാക്കൾ മർദിക്കുകയായിരുന്നുവെന്നാണ് രമ്യ ഹരിദാസിന്റെ പ്രതികരണം. പരിക്കേറ്റ എം.എൽ.എ ആശുപത്രിയിൽ ചികിത്സ തേടിയിട്ടുണ്ട്. സംഭവത്തിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

കഴിഞ്ഞ ദിവസം ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്തിൽ ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും ഔദ്യോഗിക യോഗം നടന്നിരുന്നു. ഇതിൽ യോഗവുമായി ഔദ്യോഗിക ബന്ധമില്ലാത്ത, എം.എൽ.എയുമായി അടുത്ത ബന്ധമുള്ളയാളായ പാളയം പ്രദീപ് പങ്കെടുത്തതാണ് തർക്കങ്ങൾക്ക് തുടക്കമിട്ടത്.

സഹകരണ ബാങ്ക് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിഷയങ്ങളായിരുന്നു ഇതിന് ആധാരം. പുറത്തുനിന്നൊരാൾ യോഗത്തിൽ പങ്കെടുത്തതിനെ ജനപ്രതിനിധികൾ ചോദ്യം ചെയ്യുകയും കോൺഗ്രസ് ജനറൽ സെക്രട്ടറി ഇതിനെതിരെ ഫേസ്ബുക്കിൽ പോസ്റ്റിടുകയും ചെയ്തിരുന്നു.
ഇതുമായി ബന്ധപ്പെട്ട തർക്കങ്ങൾ സംസാരിച്ച് പരിഹരിക്കാമെന്ന് പറഞ്ഞ് സജാദ് തന്നെ ചായ കുടിക്കാൻ വീട്ടിലേക്ക് ക്ഷണിക്കുകയായിരുന്നുവെന്നാണ് എം.എൽ.എയുടെ വിശദീകരണം.

എന്നാൽ എം.എൽ.എയും സംഘവും വീട്ടിലെത്തി ഭീഷണി മുഴക്കുകയായിരുന്നുവെന്ന് മറുപക്ഷവും വാദിക്കുന്നു. തുടർന്നുണ്ടായ രൂക്ഷമായ വാക്കുതർക്കമാണ് സ്ഥലത്തെത്തിയ മറ്റ് കോൺഗ്രസ് പ്രവർത്തകരുമായുള്ള കയ്യാങ്കളിയിലേക്ക് കലാശിച്ചത്.
കോൺഗ്രസ് നേതാക്കൾ തമ്മിലുള്ള പരസ്യത്തല്ല് വലിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്. ‘നാടൻപാട്ട് മാത്രമല്ല നടൻ തല്ലും കൈവശമുണ്ട്’ എന്ന് സോഷ്യൽ മീഡിയയിലൂടെ പരിഹസിച്ച് സി.പി.ഐ.എം നേതാവ് വി. ശിവൻകുട്ടിയും രംഗത്തെത്തി.

Content Highlight:Case filed against MLA Ramya Haridas; action taken against both factions in Congress clash at Chirayinkeezhu.

ശ്രീലക്ഷ്മി പി.പി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. കണ്ണൂര്‍ സര്‍വകലാശാലയില്‍ നിന്നും ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more