| Sunday, 31st August 2025, 9:21 pm

'അമിത് ഷായുടെ തലവെട്ടണ'മെന്ന പരാമര്‍ശം; മഹുവക്കെതിരെ ഛത്തീസ്ഗഡില്‍ കേസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്‌ക്കെതിരായ പരാമര്‍ശത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ് എം.പി മഹുവ മൊയ്ത്രക്കെതിരെ കേസ്. ഗോപാല്‍ സാമന്റോ എന്നയാള്‍ നല്‍കിയ പരാതിയിലാണ് മഹുവക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്.

ബംഗ്ലാദേശില്‍ നിന്നുള്ള നുഴഞ്ഞുകയറ്റക്കാരെ തടയുന്നതില്‍ പരാജയപ്പെട്ട അമിത് ഷായുടെ തല വെട്ടിയെടുത്ത് പ്രധാനമന്ത്രിയുടെ മേശപ്പുറത്ത് വെക്കണമെന്നായിരുന്നു മഹുവ മൊയ്ത്രയുടെ പ്രസ്താവന. വിവാദ പരാമര്‍ശത്തില്‍ ഛത്തീസ്ഗഡിലെ റായ്പൂരിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

മഹുവയുടെ പരാമര്‍ശം ഭരണഘടനാ വിരുദ്ധവും ആക്ഷേപകരവുമെന്ന് ആരോപിച്ചായിരുന്നു പരാതി. ബി.എന്‍.എസ് വകുപ്പുകളായ സെക്ഷന്‍ 196 (മതം, വംശം, ജനനസ്ഥലം, താമസസ്ഥലം, ഭാഷ തുടങ്ങിയവയുടെ അടിസ്ഥാനത്തില്‍ വിവിധ വിഭാഗങ്ങള്‍ക്കിടയില്‍ ശത്രുത വളര്‍ത്തല്‍), 197 (ദേശീയോദ്ഗ്രഥനത്തിന് വിരുദ്ധമായ ആരോപണങ്ങള്‍, അവകാശവാദങ്ങള്‍) എന്നിവ പ്രകാരമാണ് മഹുവക്കെതിരെ കേസെടുത്തിരിക്കുന്നത്.

അതേസമയം ലക്ഷക്കണക്കിന് ആളുകളാണ് ഇന്ത്യയിലേക്ക് അനധികൃതമായി നുഴഞ്ഞുകയറുന്നതെന്നും അത് ആഭ്യന്തര മന്ത്രാലയത്തിന്റെ വീഴ്ചയാണെന്നും മഹുവ പറഞ്ഞിരുന്നു. പശ്ചിമ ബംഗാളിലെ നാദിയ ജില്ലയില്‍ വ്യാഴാഴ്ച നടത്തിയ ഒരു പരിപാടിക്കിടെ മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെയായിരുന്നു മഹുവയുടെ പരാമര്‍ശം.

ഇതിനുപിന്നാലെയാണ് മഹുവക്കെതിരെ ഗോപാല്‍ പരാതിപ്പെട്ടത്. താനൊരു ബംഗാളിയാണെന്നും അതുകൊണ്ട് തന്നെ മഹുവയുടെ പരാമര്‍ശം തനിക്ക് ഭീഷണിയാണെന്നും ചൂണ്ടിക്കാട്ടിയായിരുന്നു ഇയാള്‍ പരാതി നല്‍കിയത്. ഇതിനിടെ ഛത്തീസ്ഗഡ് മുഖ്യമന്ത്രി വിഷ്ണു ദിയോ സായി, മുന്‍ കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് തുടങ്ങിയ ബി.ജെ.പി നേതാക്കള്‍ മഹുവക്കെതിരെ രംഗത്തെത്തിയിരുന്നു.

മൊയ്ത്രയുടെ പരാമര്‍ശങ്ങള്‍ വെറുപ്പുളവാക്കുന്നതും അപമാനകരവുമാണെന്നാണ് ബി.ജെ.പി ദേശീയ വക്താവ് പ്രദീപ് ഭണ്ഡാരി പ്രതികരിച്ചത്.

മമത ബാനര്‍ജിയുടെ ടി.എം.സിയുടെ കീഴില്‍ പ്രവര്‍ത്തിച്ച് മഹുവയുടെ നിലവാരം താഴ്ന്നിരിക്കുന്നുവെന്നും പ്രദീപ് വിമര്‍ശിച്ചിരുന്നു. മഹുവയുടെ പ്രസ്താവന തൃണമൂലിന്റെ നിലപാടാണോയെന്ന് വ്യക്തമാക്കണമെന്നും ബി.ജെ.പി നേതാക്കള്‍ ആവശ്യപ്പെട്ടിരുന്നു.

Content Highlight: Case filed against Mahua in Chhattisgarh for remark ‘Behead Amit Shah’

We use cookies to give you the best possible experience. Learn more