| Sunday, 29th March 2026, 9:07 am

തവനൂരിലെ വിദേശയാത്ര വാഗ്ദാനം: ലീഗ് സംസ്ഥാന ഉപാധ്യക്ഷനെതിരെ പെരുമാറ്റച്ചട്ട ലംഘനത്തിന് കേസ്

അനിത സി

മലപ്പുറം: മാതൃകാ പെരുമാറ്റച്ചട്ടലംഘനം നടത്തിയ സംഭവത്തില്‍ മുസ്‌ലിം ലീഗ് സംസ്ഥാന ഉപാധ്യക്ഷന്‍ സി.പി. ബാവ ഹാജിക്കെതിരെ പൊലീസ് കേസെടുത്തു. തവനൂര്‍ മണ്ഡലത്തില്‍ ബൂത്ത് ഏജന്റ്മാര്‍ക്ക് വിദേശയാത്ര വാഗ്ദാനം ചെയ്ത സംഭവത്തിലാണ് നടപടി. പൊലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു.

തവനൂര്‍ മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായ വി.എസ്. ജോയ്ക്ക് വേണ്ടി ഏറ്റവും കൂടുതല്‍ വോട്ട് പിടിക്കുന്ന ബൂത്ത് ഭാരവാഹികളെ വിദേശത്തേക്ക് കൊണ്ടുപോകുമെന്നായിരുന്നു ലീഗ് നേതാവിന്റെ വാഗ്ദാനം.

പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും നേതാക്കള്‍ക്കും മാത്രമായാണ് വാഗ്ദാനം നല്‍കിയതെന്നും അത് പെരുമാറ്റച്ചട്ടലംഘനമായി കണക്കാക്കാനാകില്ലെന്നും യു.ഡി.എഫ് ഉന്നയിച്ചെങ്കിലും ഈ വാദം പൊലീസ് തള്ളിക്കളഞ്ഞു.

യു.ഡി.എഫ് തവനൂര്‍ മണ്ഡലം കണ്‍വെന്‍ഷനില്‍ വെച്ചാണ് സി.പി. ബാവ ഹാജി ബൂത്ത് ഭാരവാഹികള്‍ക്കും പഞ്ചായത്ത് കമ്മിറ്റി ഭാരവാഹികള്‍ക്കുമായി വിദേശ യാത്ര വാഗ്ദാനം ചെയ്തത്.

സ്ഥാനാര്‍ത്ഥിക്ക് മികച്ച ഭൂരിപക്ഷമുണ്ടാക്കി നല്‍കുന്ന ഭാരവാഹികളെ 15 ദിവസം നീളുന്ന വിദേശയാത്രയ്ക്ക് കൊണ്ടുപോകുമെന്നും അതിന്റെ മുഴുവന്‍ ചെലവും വഹിക്കുമെന്നുമായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.

പിന്നാലെ, ജില്ലാ കളക്ടര്‍ വിഷയത്തില്‍ ഇടപെടുകയും അന്വേഷണമുണ്ടാകുമെന്ന് അറിയിക്കുകയും ചെയ്തിരുന്നു. പിന്നാലെ എസ്.പിയോട് വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കളക്ടര്‍ ആവശ്യപ്പെട്ടിരുന്നു.

തുടര്‍ന്ന് തിരൂര്‍ പൊലീസ് വിഷയത്തില്‍ അന്വേഷണം നടത്തുകയും മാതൃകാ പെരുമാറ്റച്ചട്ടമുണ്ടായെന്ന് കണ്ടെത്തിയതോടെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യുകയുമായിരുന്നു.

വിഷയത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷനും സമാന്തരമായി അന്വേഷണം നടത്തുന്നുണ്ട്. തുടര്‍ നടപടിയെടുത്തേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

Content Highlight: Foreign trip promise in Thavanur: Case filed against League state vice-president for violating code of conduct

അനിത സി

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more