| Wednesday, 24th December 2025, 2:13 pm

പള്ളിയില്‍ അതിക്രമിച്ചെത്തി വൈദികനെ ഭീഷണിപ്പെടുത്തിയ ഹിന്ദുത്വ നേതാവിനെതിരെ കേസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഗാസിയാബാദ്: ക്രിസ്ത്യന്‍ പള്ളിയില്‍ അതിക്രമിച്ചുകയറി വൈദികനെ ഭീഷണിപ്പെടുത്തിയ ഹിന്ദുത്വ നേതാവിനെതിരെ കേസ്. സംഘപരിവാര്‍ നേതാവായ സത്യസാധുവിനും തിരിച്ചറിയാത്ത നിരവധി പേര്‍ക്കുമെതിരെയാണ് കേസെടുത്തിരിക്കുന്നത്. ഷാലിമാര്‍ ഗാര്‍ഡന്‍ പൊലീസിന്റേതാണ് നടപടി.

കഴിഞ്ഞ ദിവസം വൈദികനെ ഭീഷണിപ്പെടുത്തുന്ന ഹിന്ദുത്വ നേതാവിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പൊലീസിന്റെ നടപടിയെന്ന് നവഭാരത് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.

ഒരു പ്രത്യേക മതത്തിന്റെ മതവികാരം വ്രണപ്പെടുത്തുന്നതാണ് വീഡിയോയില്‍ കണ്ടതെന്ന് സബ് ഇന്‍സ്പെക്ടര്‍ ദീപക് സിങ് പറഞ്ഞു. വിശ്വാസികളുടെ സംഗമത്തില്‍ പങ്കെടുത്ത ഒരു സ്ത്രീയെ പ്രതികള്‍ അപമാനിച്ചുവെന്നും ഇന്‍സ്പെക്ടര്‍ പ്രതികരിച്ചു.

വൈദികനെ ഭീഷണിപ്പെടുത്തിയ സത്യസാധു ഗാസിയാബാദിലെ ‘ഹിന്ദു രക്ഷാദള്‍’ എന്ന സംഘടനയിലെ അംഗമാണെന്നാണ് അവകാശപ്പെടുന്നത്. സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച വീഡിയോ, ഡിസംബര്‍ 21ന് ഗാസിയാബാദില്‍ നടന്ന പരിപാടിയുടേതാണെന്നാണ് വിവരം.

അതേസമയം ബൈബിളിനെയും കന്യാമറിയത്തെയും യേശു ക്രിസ്തുവിനെയും അധിക്ഷേപിച്ചുകൊണ്ടായിരുന്നു സംഘപരിവാറിന്റെ കടന്നുകയറ്റം.

‘ജീസസിന്റെ പേര് പറയൂ. ബൈബിള്‍ എവിടെയാണ് പ്രിന്റ് ചെയ്തത്? ഇന്ത്യയില്‍ പ്രിന്റ് ചെയ്യാത്ത ബൈബിള്‍, വിദേശ ബൈബിള്‍ ഇന്ത്യയില്‍ വേണ്ട. നമുക്ക് മനുസ്മൃതി പോലുള്ള നാല് വേദങ്ങളുണ്ട്. യേശു നമ്മുടെ ദൈവമല്ല. നമ്മുടെ ദൈവം രാമനാണ്. ബാബരി മസ്ജിദ് നിര്‍മിക്കുന്നതിനെതിരെ നിങ്ങള്‍ ഒന്നും സംസാരിക്കുന്നില്ല. മതം മാറാനല്ലേ നിങ്ങള്‍ ശ്രമിക്കുന്നത്,’ എന്നായിരുന്നു വൈദികന്റെ ഡയസില്‍ നിന്നുകൊണ്ടുള്ള സത്യസാധുവിന്റെ പരാമര്‍ശം.

ഇസ്‌ലാമിക് സ്‌കോളര്‍ മൗലാന മഹ്‌മൂദ് മദനി ദേശദ്രോഹിയാണെന്നും സത്യസാധു പറഞ്ഞിരുന്നു. ഒരു പുരുഷന്റെ സഹായം കൂടാതെ കന്യാമറിയം എങ്ങനെ ഗര്‍ഭിണിയായി, ജീസസ് എങ്ങനെ ജനിച്ചു തുടങ്ങിയ ചോദ്യങ്ങളും ഇയാള്‍ ഉന്നയിച്ചിരുന്നു. ഇതിന് മറുപടി നല്‍കാനെത്തിയ സ്ത്രീയെ സത്യസാധു അധിക്ഷേപിക്കുകയും ചെയ്തു.

സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെ, വിദ്യാഭ്യാസമുള്ള സംഘിയാണല്ലോ സംസാരിക്കുന്നതെന്ന തരത്തില്‍ പരിഹാസം ഉയര്‍ന്നിരുന്നു. സംഘപരിവാര്‍ രാജ്യത്തെ ക്രിസ്ത്യന്‍ സമൂഹത്തെയാണ് ഇപ്പോള്‍ ലക്ഷ്യമിടുന്നതെന്നും സോഷ്യല്‍ മീഡിയ പ്രതികരിച്ചിരുന്നു.

Content Highlight: Case filed against Hindutva leader who barged into church and threatened priest

Latest Stories

We use cookies to give you the best possible experience. Learn more