| Thursday, 26th November 2026, 3:24 pm

ബീഹാറി സ്ത്രീകൾക്കും ഛഠ് പൂജയ്ക്കുമെതിരെ അപകീർത്തികരമായ പരാമർശം; ഹാസ്യനടൻ യാഷ് മഹേശ്വരിക്കെതിരെ കേസ്

ശ്രീലക്ഷ്മി പി.പി

ന്യൂദൽഹി: സ്റ്റാൻഡ്-അപ്പ് കോമഡി പരിപാടിയിലൂടെ ബീഹാറിൽ നിന്നുള്ള സ്ത്രീകളെയും ഛഠ് പൂജ പാരമ്പര്യങ്ങളെയും അപമാനിച്ചെന്ന പരാതിയിൽ സ്റ്റാൻഡ് അപ്പ് കൊമേഡിയൻ യാഷ് മഹേശ്വരിക്കെതിരെ ദൽഹി പൊലീസും പട്ന സൈബർ പൊലീസും കേസെടുത്തു. സംഭവം വിവാദമായതോടെ താരം പരസ്യമായി ക്ഷമാപണം നടത്തിയെങ്കിലും പ്രതിഷേധം തുടരുകയാണ്.

ഒക്ടോബർ 24-ന് ദക്ഷിണ ദൽഹിയിലെ സാകേതിലുള്ള ഒരു കോമഡി ക്ലബ്ബിൽ നടന്ന പരിപാടിയെക്കുറിച്ചാണ് ആദ്യം പരാതി ഉയർന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ സാകേത് പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു.

പരാതിയിൽ യാഷ് മഹേശ്വരിയുടെ പേര് പരാമർശിച്ചിട്ടുണ്ടെങ്കിലും എഫ്.ഐ.ആറിൽ പേര് ഉൾപ്പെടുത്തിയിട്ടില്ല. പരിപാടിയുടെ വീഡിയോ ദൃശ്യങ്ങളും മറ്റ് ഡിജിറ്റൽ തെളിവുകളും പൊലീസ് പരിശോധിച്ചുവരികയാണ്. ബി.എൻ.എസിലെ 79, 196, 296, 352 എന്നീ വകുപ്പുകൾ പ്രകാരമാണ് ദൽഹി പൊലീസ് കേസെടുത്തിരിക്കുന്നത്.

നവംബർ 21-ന് മഹേശ്വരി തന്റെ യൂട്യൂബ് ചാനലിൽ പങ്കുവെച്ച മോറലി ക്വസ്റ്റ്യനബിൾ എന്ന പരിപാടിയുടെ വീഡിയോ ക്ലിപ്പുകൾ ഇൻസ്റ്റാഗ്രാം, എക്സ് തുടങ്ങിയ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് വിവാദങ്ങൾക്ക് തുടക്കമായത്.

ഛഠ് പൂജ വേളയിൽ വിവാഹിതരായ സ്ത്രീകൾ നീളത്തിൽ സിന്ദൂരം തൊടുന്ന ആചാരത്തെയും ബീഹാറി സ്ത്രീകളുടെ കുടുംബജീവിതത്തെയും പരിഹസിക്കുന്ന തരത്തിലായിരുന്നു പരാമർശങ്ങൾ. ഇത് സ്ത്രീകളുടെ അന്തസ്സിനെയും മതവികാരങ്ങളെയും വ്രണപ്പെടുത്തിയെന്ന് ആരോപിച്ച് വലിയ പ്രതിഷേധം ഉയർന്നു.

വിമർശനം ശക്തമായതോടെ നവംബർ 24-ന് മഹേശ്വരി തന്റെ യൂട്യൂബ് ചാനലിലൂടെ പരസ്യമായി മാപ്പ് പറഞ്ഞു. ബീഹാറിന്റെ സാംസ്കാരിക പാരമ്പര്യങ്ങളെക്കുറിച്ച് അത്തരത്തിൽ അഭിപ്രായം പറയാൻ പാടില്ലായിരുന്നുവെന്നും, ആരുടെയും മതവികാരങ്ങളെ വ്രണപ്പെടുത്താൻ ഉദ്ദേശിച്ചിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഭാവിയിൽ ഇത്തരം കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധാലുവായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എന്നാൽ ക്ഷമാപണം കൊണ്ട് വിവാദങ്ങൾ കെട്ടടങ്ങിയില്ല. നവംബർ 24-ന് തന്നെ പട്ന സൈബർ പൊലീസും മഹേശ്വരിക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു. ബി.എൻ.എസിലെ 75(1), 79, 351, 352 വകുപ്പുകൾക്കും ഐ.ടി ആക്ടിലെ 66C, 66D വകുപ്പുകൾക്കും കീഴിലാണ് പട്ന പൊലീസ് കേസെടുത്തിരിക്കുന്നത്. പരാമർശങ്ങൾ സാമൂഹിക സൗഹാർദ്ദത്തെ ബാധിക്കാൻ സാധ്യതയുണ്ടെന്ന് പൊലീസ് വ്യക്തമാക്കി.

Content Highlight:Case filed against comedian Yash Maheshwari for making derogatory remarks about Bihari women and Chhath Puja.

ശ്രീലക്ഷ്മി പി.പി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. കണ്ണൂര്‍ സര്‍വകലാശാലയില്‍ നിന്നും ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.

Latest Stories

We use cookies to give you the best possible experience. Learn more