| Wednesday, 19th March 2025, 10:02 am

സ്വര്‍ണക്കടത്ത് കേസില്‍ അറസ്റ്റിലായ നടിക്കെതിരെ അശ്ലീല പരാമര്‍ശം നടത്തി; ബി.ജെ.പി എം.എല്‍.എക്കെതിരെ കേസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബെംഗളൂരു: സ്വര്‍ണക്കടത്ത് കേസില്‍ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സിന്റെ കസ്റ്റഡിയിലുള്ള നടി രന്യ റാവുവിനെതിരെ അശ്ലീല പരാമര്‍ശം നടത്തിയ ബി.ജെ.പി എം.എല്‍.എ ബസന്‍ഗൗഡ പാട്ടീല്‍ യത്നാലിനെതിരെ കേസെടുത്തു. ബെംഗളൂരുവിലെ ഹൈഗ്രൗണ്ട്‌സ് പൊലീസ് സ്റ്റേഷനിലാണ് എം.എല്‍.എക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്.

എം.എല്‍.എ നടിക്കെതിരെ അശ്ലീലവും ലൈംഗികപരവുമായ പരാമര്‍ശം നടത്തുകയായിരുന്നു. ഇതിന് പിന്നാലെയാണ് ഇയാള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ബി.എന്‍.എസ് സെക്ഷന്‍ 79 സ്ത്രീയുടെ മാന്യതയെ അപമാനിക്കല്‍ വകുപ്പ് പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

യത്‌നാല്‍ ലൈംഗിക പരാമര്‍ശങ്ങള്‍ നടത്തിയെന്നും ഇതി അപകീര്‍ത്തിപരമായ പരാമര്‍ശമാണെന്നും കാണിച്ച് രന്യ റാവുവിന് വേണ്ടി അകുല അനുരാധ എന്ന വ്യക്തിയാണ് പൊലീസില്‍ പരാതി നല്‍കിയത്.

സ്വര്‍ണക്കടത്ത് കേസിലെ പ്രതികള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് എം.എല്‍.എ നടത്തിയ പരാമര്‍ശമാണ് വിവാദമായത്. ‘അവളുടെ ശരീരത്തിലുടനീളം സ്വര്‍ണം ഉണ്ടായിരുന്നു, ദ്വാരങ്ങളുള്ളിടത്തെല്ലാം അത് ഒളിപ്പിച്ച് കടത്തിക്കൊണ്ടുപോയി,’ എം.എല്‍.എ ആരോപിച്ചു.

കേസില്‍ സംസ്ഥാനത്തെ മന്ത്രിമാര്‍ക്കും പങ്കുണ്ടെന്നും നിയമസഭാ സമ്മേളനത്തില്‍ അവരുടെ പേര് പറയുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

മാര്‍ച്ച് മൂന്നിനാണ് കര്‍ണാടക ഡി.ജി.പി രാമചന്ദ്ര റാവുവിന്റെ വളര്‍ത്തുമകളായ രന്യ റാവുവില്‍ നിന്നും ദുബായില്‍ നിന്ന് വരുന്ന വഴി ബെംഗളൂരു വിമാനത്താവളത്തില്‍ 12.56 കോടി വിലമതിക്കുന്ന 14.2 കിലോഗ്രാം സ്വര്‍ണം പിടിച്ചെടുത്തത്.

തുടര്‍ന്ന് നടത്തിയ റെയ്ഡില്‍ അവരുടെ വസതിയില്‍ നിന്നും 2.06 കോടി രൂപയുടെ സ്വര്‍ണാഭരണങ്ങളും 2.67 കോടി രൂപയും പിടിച്ചെടുത്തത്. നിലവില്‍ രന്യാ റാവു കസ്റ്റഡിയില്‍ തുടരുകയാണ്.

Content Highlight: Case filed against BJP MLA for making obscene remarks against actress arrested in gold smuggling case

We use cookies to give you the best possible experience. Learn more