തിരുവനന്തപുരം: ചാനല്‍ ചര്‍ച്ചയ്ക്കിടെ രാഹുല്‍ ഗാന്ധിക്കെതിരെ കൊലവിളി പരാമര്‍ശം നടത്തിയ ബി.ജെ.പി വക്താവ് പ്രിന്റു മഹാദേവിനെതിരെ കേസ്. കലാപാഹ്വാനം, സമൂഹത്തില്‍ വിദ്വേഷം പ്രചരിപ്പിക്കല്‍ അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് കേസ്.
കെ.എസ്.യു തൃശ്ശൂര്‍. ജില്ലാ പ്രസിഡന്റിന്റെ പരാതിയിന്‍മേല്‍ പേരാമംഗലം പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഡി.ജി.പിക്കും സിറ്റി പൊലീസ് കമ്മീഷണര്‍ക്കുമാണ് പരാതി നല്‍കിയത്.
രാഹുല്‍ ഗാന്ധിക്കെതിരായ കൊലിവിളി പരാമര്‍ശത്തില്‍ കോണ്‍ഗ്രസ് പ്രതിഷേധം കടുപ്പിക്കുന്നതിനിടെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.
ദിവസങ്ങള്‍ക്ക് മുമ്പ് നടന്ന ന്യൂസ് 18 സ്പെഷ്യല്‍ ഡിബേറ്റിലായുരുന്നു രാഹുല്‍ ഗാന്ധിക്കെതിരായ പ്രിന്റുവിന്റെ കൊലവിളി പരാമര്‍ശം. എ.ബി.വി.പി മുന്‍ സംസ്ഥാന അധ്യക്ഷനും ബി.ജെ.പി ടീച്ചേഴ്‌സ് സെല്‍ സ്റ്റേറ്റ് കോ. കണ്‍വീനറുമാണ് പ്രിന്റു.
‘ബംഗ്ലാദേശിലെ ജനകീയ പ്രക്ഷോഭങ്ങളെ പോലെ, അവിടെ ജനങ്ങള്‍ സര്‍ക്കാരിന്റെ കൂടെയുണ്ടായിരുന്നില്ല. ഇവിടെ ഇന്ത്യ മഹാരാജ്യത്ത് ജനങ്ങള്‍ സര്‍ക്കാരിന് ഒപ്പമുണ്ട്. അതുകൊണ്ട് പല മോഹങ്ങളുമായി ഇറങ്ങിത്തിരിച്ചാല്‍ രാഹുല്‍ ഗാന്ധിയുടെ നെഞ്ചത്ത് വരെ വെടിയുണ്ട വീഴും, ഒരു സംശയവും വേണ്ട. ജെന്‍ സി കലാപം കൊണ്ട് ഒരു ചുക്കും ഇന്ത്യയില്‍ സംഭവിക്കില്ല,’ എന്നായിരുന്നു പ്രിന്റു മഹാദേവ് ചാനല്‍ ചര്‍ച്ചയില്‍ പറഞ്ഞത്.
ചര്‍ച്ചയില്‍ പങ്കെടുത്തിരുന്ന കോണ്‍ഗ്രസ് നേതാവ് റോണി കെ. ബേബി പ്രിന്റുവിനെതിരെ അപ്പോള്‍ തന്നെ വിമര്‍ശനം ഉന്നയിച്ചിരുന്നു.
എന്നാല്‍ പ്രിന്റു തന്റെ പരാമര്‍ശത്തില്‍ ഉറച്ചുനില്‍ക്കുകയാണ് ചെയ്തത്. സര്‍ക്കാരിനെതിരെ നിങ്ങള്‍ രംഗത്ത് വന്നാല്‍ തിരിച്ചടിയുണ്ടാകുമെന്ന് ബി.ജെ.പി നേതാവ് ആവര്‍ത്തിക്കുകയും ചെയ്തു.
Content Highlight: Case filed against BJP leader for calling for killing Rahul Gandhi