മാനന്തവാടി: സീറോ മലബാര്‍ സഭ മാനന്തവാടി രൂപത മുന്‍ പി.ആര്‍.ഒ ഫാ. നോബിള്‍ തോമസ് പാറക്കലിനെതിരെ മദ്യപിച്ച് വാഹനമോടിച്ചതിന് കേസ്. ജൂലൈ 11നാണ് കേസിനാസ്പദമായ സംഭവമുണ്ടായിരിക്കുന്നത്. കേസിന്റെ എഫ്.ഐ.ആര്‍ പുറത്തു വന്നതോടെയാണ് ഇത് സംബന്ധിച്ച വിവരങ്ങള്‍ ജനങ്ങളറിഞ്ഞത്.
കാട്ടിക്കുളം ടൗണില്‍ പരിശോധന നടത്തിയിരുന്ന പൊലീസ് സംഘമാണ് മാനന്തവാടിയില്‍ നിന്ന് കാട്ടിക്കുളം ഭാഗത്തേക്ക് കാറോടിച്ച് പോവുകയായിരുന്ന വൈദികന്‍ മദ്യപിച്ചിരുന്നതായി കണ്ടെത്തിയത്. അപകടകരമായ രീതിയില്‍ വാഹനമോടിക്കുന്നത് ശ്രദ്ധയില്‍പെട്ടപ്പോഴാണ് പൊലീസ് വാഹനം പരിശോധിച്ചതെന്നും വൈദികന്റെ സംസാരത്തില്‍ നിന്നും മദ്യത്തിന്റെ ഗന്ധമുണ്ടായപ്പോള്‍ ആല്‍ക്കോമീറ്റര്‍ ഉപയോഗിച്ച് പരിശോധിക്കുകയായിരുന്നു എന്നും എഫ്.ഐ.ആറില്‍ പറയുന്നു.
തുടര്‍ന്ന് വാഹനം പൊലീസ് കസ്റ്റഡിയിലെടുത്ത് വൈദികനെ സ്റ്റേഷനിലേക്ക് കൊണ്ടുപോയതായും റിപ്പോര്‍ട്ടിലുണ്ട്. കെ.എല്‍.72.ഡി.5931 നമ്പര്‍ വാഹനത്തിലാണ് വൈദികന്‍ മദ്യപിച്ചെത്തിയത്. പുറത്തുവന്ന എഫ്.ഐ.ആര്‍ തനിക്കെതിരെയുള്ളത് തന്നെയാണെന്ന് ഫാ. നോബിള്‍ സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ എഫ്.ഐ.ആറില്‍ പരാമര്‍ശിക്കുന്ന തരത്തിലുള്ള ദുശീലം തനിക്കില്ലെന്നും നോബിള്‍ ഇന്ന് രാവിലെ ഫേസ്ബുക്കില്‍ പങ്കുവെച്ച പോസ്റ്റില്‍ വ്യക്തമാക്കുന്നു.
തിരുനെല്ലി പൊലീസ് ക്രൈം നമ്പര്‍ 477/ 2025 ആയി ബി.എന്‍.എസ് 281, മോട്ടോര്‍ വെഹിക്കിള്‍ ആക്റ്റ് 185 എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. നിലവില്‍ മാനന്തവാടി രൂപതക്ക് കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മേധാവി കൂടിയാണ് ഫാ. നോബിള്‍ പാറക്കല്‍. സംസ്ഥാനത്താകെ കത്തോലിക്ക സഭ മദ്യപാനത്തിനെതിരെ നടപടിയെടുക്കുന്ന ഘട്ടത്തില്‍ സഭയിലെ പ്രധാനപ്പെട്ട സ്ഥാനത്തിരിക്കുന്ന ഒരാള്‍ മദ്യപിച്ച് വാഹനമോടിച്ചത് വലിയ നാണക്കേടായിരിക്കുകയാണ്.
നോബിള്‍ തോമസ് നേരത്തെയും വിവിധ പ്രസ്താവനകള്‍ കൊണ്ട് വിവാദത്തിലായ വൈദികനാണ്. സഭയിലെ തെറ്റുകള്‍ ചൂണ്ടിക്കാട്ടിയതിന്റെ പേരില്‍ പുറത്താക്കപ്പെട്ട സിസ്റ്റര്‍ ലൂസി കളപ്പുരക്കലിനെതിരെ സമൂഹമാധ്യമങ്ങളിലൂടെയും മറ്റും അധിക്ഷേപകരമായ പരാമര്‍ശങ്ങള്‍ നിരന്തരം നടത്തിയ വ്യക്തികൂടിയായിരുന്നു അദ്ദേഹം. ഇതിന്റെ പേരില്‍ നോബിള്‍ തോമസിനെ ഒന്നാം പ്രതിയാക്കി വെള്ളമുണ്ട പൊലീസ് കേസെടുത്തിരുന്നു. സ്ത്രീത്വത്തെ അപമാനിച്ചു, അപകീര്‍ത്തിപരമായ വ്യാജപ്രചാരണം നടത്തി എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് അന്ന് നോബിളിനെതിരെ കേസെടുത്തിരുന്നത്.
content highlights: Case againts Fr. Noble Thomas Parakal for drunken driving