| Wednesday, 26th June 2019, 8:58 pm

കേരള വര്‍മ്മ കോളേജിലെ 'അയ്യപ്പ ബോര്‍ഡ്'; ഹിന്ദുദേവതകളെ അപമാനിച്ചെന്ന പരാതിയില്‍ എസ്.എഫ്.ഐ നേതാക്കള്‍ക്കെതിരേ ജാമ്യമില്ലാ കേസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തൃശ്ശൂര്‍: ശ്രീ കേരള വര്‍മ്മ കോളേജില്‍ നവാഗതരെ സ്വീകരിക്കുന്നതിനു ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട ബോര്‍ഡ് സ്ഥാപിച്ചതിന് എസ്.എഫ്.ഐ നേതാക്കള്‍ക്കെതിരേ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്. തൃശ്ശൂര്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് കേസെടുക്കാന്‍ ഉത്തരവിട്ടത്.

ബി.ജെ.പി ജില്ലാ ജനറല്‍ സെക്രട്ടറി അനീഷ് കുമാറാണ് ഹിന്ദുദേവതകളെ അപമാനിച്ചെന്ന പരാതിയുമായി കോടതിയെ സമീപിച്ചത്. എസ്.എഫ്.ഐ ജില്ലാ വൈസ് പ്രസിഡന്റ് ഹസന്‍ മുബാറക്, കോളേജ് യൂണിറ്റ് സെക്രട്ടറി സൗരവ് രാജ്, പ്രസിഡന്റ് ആര്‍. നന്ദന, യൂണിയന്‍ ചെയര്‍മാന്‍, വി.എസ് കൃഷ്ണ എന്നിവര്‍ക്കെതിരെയാണ് കേസെടുക്കാന്‍ ഉത്തരവിട്ടത്.

ഡി.ജി.പി, സിറ്റി പൊലീസ് കമ്മീഷണര്‍, തൃശ്ശൂര്‍ വെസ്റ്റ് സി.ഐ എന്നിവര്‍ക്കെല്ലാം പരാതി നല്‍കിയിട്ടും കേസെടുത്തില്ലെന്ന് ഹര്‍ജിക്കാരന്‍ കോടതിയെ അറിയിച്ചിരുന്നു.

ബോര്‍ഡ് സ്ഥാപിച്ചതിനു പിന്നില്‍ കോളേജിലെ എസ്.എഫ്.ഐ യൂണിറ്റിനോ പ്രവര്‍ത്തകര്‍ക്കോ യാതൊരു ബന്ധവുമില്ലെന്നും ഇത് എസ്.എഫ്.ഐയെ ആക്രമിക്കുന്നതിനായി ബോധപൂര്‍വം ഉപയോഗിച്ചതാണെന്നും എസ്.എഫ്.ഐ കഴിഞ്ഞദിവസം പറഞ്ഞിരുന്നു.

ബോര്‍ഡില്‍ കാലുകള്‍ക്കിടയില്‍ നിന്നും ചുവപ്പ് നിറത്തിലുള്ള ചോര ഒലിച്ചുവരുന്നതായും അതില്‍ ഹിന്ദുക്കള്‍ ആരാധിച്ച് വരുന്ന അയ്യപ്പ സ്വാമിയുടെ ചിത്രം വരച്ചിട്ടുള്ളതായും വ്യക്തമാകുന്നുണ്ടെന്ന് പരാതിയില്‍ പറയുന്നു. ഇത് ഹിന്ദു മത വിശ്വാസികളായ വിദ്യാര്‍ത്ഥികളുടെ മതവിശ്വാസത്തെ വ്രണപ്പെടുത്തുമെന്നും പരാതിയില്‍ ആരോപിക്കുന്നു. എന്നാല്‍ ബോര്‍ഡ് സ്ഥാപിച്ചത് തങ്ങളല്ലെന്നും എന്നാല്‍ ബോര്‍ഡ് ശ്രദ്ധയില്‍പ്പെട്ടയുടനെ എസ്.എഫ്.ഐ യൂണിറ്റ് കമ്മിറ്റി അത് എടുത്ത് മാറ്റിയെന്നും എസ്.എഫ്.ഐ യൂണിറ്റ് വ്യക്തമാക്കി.

Latest Stories

We use cookies to give you the best possible experience. Learn more