തിരുവനന്തപുരം: വേടനെതിരായ പുലിപ്പല്ല് കേസില്‍ റേഞ്ച് ഓഫീസര്‍ക്കെതിരെ നടപടി. കോടനാട് റേഞ്ച് ഓഫീസര്‍ അധീഷിനെ മലയാറ്റൂര്‍ ഡിവിഷന് പുറത്തേക്ക് സ്ഥലംമാറ്റി.
കേസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ മാധ്യമങ്ങളോട് പങ്കുവെച്ചതിലാണ് നടപടി. വിശദമായ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വനം മേധാവിക്ക് വനംവകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രന്‍ നിര്‍ദേശവും നല്‍കിയിട്ടുണ്ട്.
റേഞ്ച് ഓഫീസര്‍ ഉള്‍പ്പെടെയുള്ളവര്‍ ചട്ടപ്രകാരമാണ് നടപടിയെടുത്തതെന്ന വനംവകുപ്പ് മേധാവി രാജേഷ് രവീന്ദ്രന്റെ റിപ്പോര്‍ട്ട് തള്ളിക്കൊണ്ടാണ് മന്ത്രിയുടെ നടപടി. എന്നാല്‍ മുന്‍കൂര്‍ അനുമതി തേടാതെ മാധ്യമങ്ങളോട് വേടനെതിരെ സംസാരിച്ചതും വീഴ്ചയാണെന്ന് റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.
ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് തിടുക്കപ്പെട്ട നടപടികളാണുണ്ടായതെന്നും വേടന്റെ ശ്രീലങ്കന്‍ ബന്ധം അടക്കം തെറ്റായ വിവരങ്ങളാണ് മാധ്യമങ്ങളെ അറിയിച്ചതെന്നും വനംവകുപ്പ് മേധാവി ചൂണ്ടിക്കാട്ടിയിരുന്നു.
ഇത് വനംവകുപ്പിനും സംസ്ഥാന സര്‍ക്കാരിനും മോശം പ്രതിച്ഛായയുണ്ടാക്കിയെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. അഡീഷണല്‍ ചീഫ് സെക്രട്ടറി കെ.ആര്‍. ജ്യോതിലാലിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് വനംവകുപ്പ് മേധാവിയുടെ നിരീക്ഷണങ്ങള്‍.
വനംവകുപ്പിന്റെ നടപടിയില്‍ അതൃപ്തി അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍, സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ അടക്കമുള്ളവര്‍ രംഗത്തെത്തിയിരുന്നു. ഇതിനെ തുടര്‍ന്നാണ് വനംവകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രന്‍ റിപ്പോര്‍ട്ട് തേടിയത്.
തുടര്‍ന്ന് മധ്യമേഖല സി.സി.എഫ്, മൂവാറ്റുപുഴ ഡി.എഫ്.ഒ എന്നിവരില്‍ നിന്ന് വനം വകുപ്പ് മേധാവി വിശദീകരണം തേടിയിരുന്നു. ഇതിനുപിന്നാലെ സമര്‍പ്പിച്ച റിപ്പോര്‍ട്ടാണ് മന്ത്രി ഇപ്പോൾ തള്ളിയത്.
നിലവില്‍ മുഖ്യമന്ത്രിയുമായി കൂടിയാലോചിച്ചതിന് ശേഷമാണ് റേഞ്ച് ഓഫീസര്‍ക്കെതിരെ നടപടിയെടുത്തതെന്നാണ് വിവരം.
Content Highlight: Case against rapper vedan; Action taken against Kodanad range officer