| Friday, 20th September 2024, 3:53 pm

സിഖുകാരെ അവഹേളിച്ചുവെന്ന് ആരോപണം; ബി.ജെ.പി പരാതിയിൽ രാഹുൽ ഗാന്ധിക്കെതിരെ കേസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

റായ്പൂര്‍: ഛത്തീസ്ഗഢില്‍ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ കേസ്. യു.എസ് പര്യടനത്തിനിടെ നടത്തിയ പരാമർശങ്ങളിലാണ് രാഹുലിനെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്. രണ്ട് ബി.ജെ.പി നേതാക്കള്‍ നല്‍കിയ പരാതിയിലാണ് രാഹുലിനെതിരെ കേസെടുത്തിരിക്കുന്നത്.

രാഹുൽ ഗാന്ധി സിഖ് ആചാരങ്ങളെ അവഹേളിച്ചുവെന്നാണ് ബി.ജെ.പി നേതാക്കൾ നൽകിയ പരാതി. പ്രതിപക്ഷ നേതാവ് മതവികാരം വ്രണപ്പെടുത്തുന്ന രീതിയില്‍ യു.എസില്‍ പരാമര്‍ശങ്ങള്‍ നടത്തിയെന്നാണ് എഫ്.ഐ.ആര്‍.

ബിലാസ്പൂര്‍, ദുര്‍ഗ് ജില്ലകളിലെ സിവില്‍ ലൈന്‍ പൊലീസ് സ്റ്റേഷനുകളിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ബി.എന്‍.എസ് സെക്ഷന്‍ 299 (മതവിശ്വാസങ്ങളെ മനഃപൂര്‍വം അപമാനിക്കല്‍), 302 (മതവികാരം വ്രണപ്പെടുത്താല്‍) എന്നീ വകുപ്പുകള്‍ പ്രകാരമാണ് രാഹുല്‍ ഗാന്ധിക്കെതിരെ കേസെടുത്തിരിക്കുന്നത്.

സെപ്റ്റംബര്‍ ഒമ്പതിന് അമേരിക്കയിലെ വിര്‍ജീനിയയിലെ ഹെര്‍ണ്ടണില്‍ നടത്തിയ പ്രസംഗത്തിലാണ് രാഹുല്‍ സിഖുകാരെ ഉദ്ധരിച്ച് സംസാരിക്കുന്നത്.

സിഖുകാരനായ ഒരു വ്യക്തിക്ക് രാജ്യത്ത് ടര്‍ബന്‍ ധരിക്കാന്‍ സ്വാതന്ത്ര്യമുണ്ടോയെന്നും ഗുരുദ്വാരയില്‍ പോകാന്‍ അനുവാദമുണ്ടോയെന്നുമാണ് രാഹുല്‍ യു.എസില്‍ ചോദിച്ചത്. ഈ ചോദ്യങ്ങളിലൂടെ സിഖുകാര്‍ക്ക് രാജ്യത്ത് സ്വാതന്ത്ര്യം ലഭിക്കുന്നില്ലെന്നും തങ്ങളുടെ പോരാട്ടം എല്ലാവര്‍ക്കും വേണ്ടിയുള്ളതാണെന്നും രാഹുല്‍ പറഞ്ഞിരുന്നു.

പ്രസ്തുത പരാമര്‍ശത്തില്‍ പ്രകോപിതരായ ബി.ജെ.പി നേതാക്കളാണ് രാഹുല്‍ ഗാന്ധിക്കെതിരെ പരാതി നല്‍കിയത്. ഇതിനുപുറമെ ഇന്നലെ (വ്യാഴാഴ്ച) സംവരണത്തെ സംബന്ധിച്ചുള്ള പരാമര്‍ശത്തില്‍ രാഹുല്‍ ഗാന്ധിക്കെതിരെ ബി.ജെ.പി നേതാക്കള്‍ പരാതി നല്‍കിയിരുന്നു.

പരാമര്‍ശങ്ങള്‍ രാജ്യത്തിന്റെ പരമാധികാരത്തിനും ഐക്യത്തിനും ഭീഷണിയാകുമെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി നല്‍കിയത്. ഇന്ത്യയിലെ പിന്നോക്ക വിഭാഗങ്ങളെ ഭിന്നിപ്പിക്കാനാണ് രാഹുല്‍ ഇത്തരത്തില്‍ പരാമര്‍ശം നടത്തുന്നതെന്നും പരാതിയില്‍ ആരോപിക്കുന്നുണ്ട്.

ബി.ജെ.പി പട്ടികജാതി യൂണിറ്റ് പ്രസിഡന്റ് മോഹന്‍ലാല്‍ ഗിഹാര, സിഖ് സെല്‍ അംഗം ചരണ്‍ജിത് സിങ് ലൗലി, പട്ടികവര്‍ഗ വിഭാഗം അംഗം സി.എല്‍. മീന്‍ എന്നിവരാണ് രാഹുലിനെതിരെ പരാതി നല്‍കിയത്.

അതേസമയം രാഹുല്‍ ഗാന്ധിയെ ഭീകരവാദിയെന്ന് വിളിച്ചതില്‍ കേന്ദ്ര മന്ത്രിക്കെതിരെ ഇന്നലെ കേസെടുത്തിരുന്നു. ബി.ജെ.പി നേതാവും കേന്ദ്ര മന്ത്രിയുമായ രവ്നീത് സിങ് ബിട്ടുവിനെതിരെയാണ് കേസെടുത്തത്.

ബെംഗളൂരു പൊലീസിന്റേതായിരുന്നു നടപടി. കോണ്‍ഗ്രസ് കര്‍ണാടക നേതൃത്വം നല്‍കിയ പരാതിയിലാണ് പൊലീസ് കേസെടുത്തത്. രാഹുലിന്റെ യു.എസ് പര്യടനത്തെ തുടര്‍ന്നായിരുന്നു മന്ത്രിയുടെ പരാമര്‍ശം.

‘രാഹുല്‍ ഗാന്ധി ഇന്ത്യക്കാരനല്ല. അയാള്‍ എപ്പോഴും വിദേശത്താണ്. തന്റെ രാജ്യത്തെ സ്നേഹിക്കാന്‍ രാഹുലിനാവില്ല. അതുകൊണ്ടാണ് വിദേശത്ത് പോയി ഇന്ത്യയെ മോശമായി ചിത്രീകരിക്കുന്നത്. തീവ്രവാദികള്‍ പോലും രാഹുലിനെ പ്രകീര്‍ത്തിക്കുകയാണ്. ഇത്തരക്കാര്‍ പിന്തുണക്കുന്ന ഒരു നേതാവ് എന്നതിനാല്‍ തന്നെ രാഹുല്‍ ഒരു നമ്പര്‍ വണ്‍ ഭീകരവാദിയാണ്,’ എന്നാണ് രവ്നീത് സിങ് ബിട്ടു പറഞ്ഞത്.

Content Highlight: Case against Rahul Gandhi in Chhattisgarh

Latest Stories

We use cookies to give you the best possible experience. Learn more