| Friday, 4th November 2022, 11:15 pm

കെ.ജി.എഫിലെ ഗാനങ്ങള്‍ ഭാരത് ജോഡോ യാത്രയില്‍ ഉപയോഗിച്ചു; രാഹുല്‍ ഗാന്ധിക്കെതിരെ കേസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബെംഗളൂരു: കെ.ജി.എഫ്-2ലെ ഗാനങ്ങള്‍ ഭാരത് ജോഡോ യാത്രയുടെ പ്രചാരണത്തിന് അനുമതിയില്ലാതെ
ഉപയോഗിച്ചതിന് രാഹുല്‍ ഗാന്ധിക്കെതിരെ കേസ്.

പകര്‍പ്പവകാശ നിയമ ലംഘനം ചൂണ്ടിക്കാട്ടി ബെംഗളൂരു ആസ്ഥാനമായി എം.ആര്‍.ടി മ്യൂസിക്കാണ് രാഹുല്‍ ഗാന്ധി, എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി ജയറാം രമേശ്, പാര്‍ട്ടിയുടെ സാമൂഹിക മാധ്യമ വിഭാഗത്തിന്റെ ചുമതലയുള്ള സുപ്രിയ ശ്രീനേത് എന്നിവര്‍ക്കെതിരെ കേസ് നല്‍കിയിരിക്കുന്നത്.

എം.ആര്‍.ടി മ്യൂസിക്കിന്റെ പരാതിയില്‍ പാര്‍ട്ടിക്കെതിരെയും മൂന്ന് നേതാക്കള്‍ക്കെതിരേയും എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്തു.

‘ഗാനങ്ങളുടെ അവകാശം സ്വന്തമാക്കാന്‍ വന്‍ തുക മുടക്കിയിട്ടുണ്ട്. എന്നാല്‍, കോണ്‍ഗ്രസ് അനുവാദം വാങ്ങാതെ തന്നെ സിനിമയില്‍ നിന്ന് ഗാനങ്ങള്‍ എടുക്കുകയും ഭാരത് ജോഡോ യാത്രയുടെ മാര്‍ക്കറ്റിങ് വീഡിയോകള്‍ സൃഷ്ടിക്കാന്‍ അവ ഉപയോഗിക്കുകയും ചെയ്തു.

രാജ്യത്ത് ഭരണം നേടാനും സാധാരണക്കാരുടേയും വ്യവസായങ്ങളുടേയും അവകാശങ്ങള്‍ സംരക്ഷിക്കാന്‍ നിയമങ്ങള്‍ നിര്‍മിക്കാനും അവസരം തേടാന്‍ ശ്രമിക്കുമ്പോള്‍, കോണ്‍ഗ്രസ് പാര്‍ട്ടിയുടെ നടപടി നിയമത്തോടും സ്വകാര്യ വ്യക്തികളോടും സ്ഥാപനങ്ങളോടും അവരുടെ അവകാശങ്ങളോടുമുള്ള പരസ്യമായ അവഹേളനമാണ്,’ എം.ആ.ര്‍.ടി മ്യൂസിക് പറഞ്ഞു.

അതേസമയം, നിയമപരമായ അവകാശം ഉറപ്പിക്കാന്‍ മാത്രമാണ് പരാതിയുമായി മുന്നോട്ട് പോകുന്നതെന്നും ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയുടെ പ്രതിച്ഛായ തകര്‍ക്കാന്‍ ഉദ്ദേശിച്ചിട്ടില്ലെന്നും കമ്പനി കമ്പനി വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.

CONTENT HIGHLIGHT: Case against Rahul Gandhi for using  Songs in KGF-2 for promotion of Bharat Jodo Yatra without permission

We use cookies to give you the best possible experience. Learn more