ന്യൂദല്‍ഹി: മുന്‍ കോണ്‍ഗ്രസ് എം.എല്‍.എ രാഹുല്‍ മാങ്കൂട്ടലിനെതിരെയുള്ള ലൈംഗികാതിക്രമ കേസില്‍ പരാതിക്കാരിയായ വനിതാ മാധ്യമപ്രവര്‍ത്തകയെ സൈബര്‍ ഇടങ്ങളില്‍ വേട്ടയാടുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ കര്‍ശന നടപടി വേണമെന്ന് നെറ്റ്‌വര്‍ക്ക് ഓഫ് വിമന്‍ ഇന്‍ മീഡിയ, ഇന്ത്യ (NWMI)
രാഹുല്‍ മാങ്കൂട്ടത്തിലിനെ പിന്തുണയ്ക്കുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകരും സോഷ്യല്‍ മീഡിയ ഗ്രൂപ്പുകളും ആസൂത്രിതമായി മാധ്യമപ്രവര്‍ത്തകയെ വ്യക്തിഹത്യ ചെയ്യുകയാണെന്ന് ചൂണ്ടിക്കാട്ടി സംഘടന കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിന് കത്തയച്ചു.
‘ആസൂത്രിത വേട്ടയാടല്‍, ബലാത്സംഗം, ശാരീരിക മര്‍ദനം തുടങ്ങിയ ഗുരുതരമായ ആരോപണങ്ങളാണ് രാഹുലിനെതിരെ ഉയര്‍ന്നിട്ടുള്ളത് ഈ വിഷയത്തില്‍ പരാതി നല്‍കിയ മാധ്യമപ്രവര്‍ത്തകയെയും മറ്റ് അതിജീവിതകളെയും ലക്ഷ്യമിട്ട് കോണ്‍ഗ്രസ് അനുഭാവികളില്‍ നിന്ന് വലിയ രീതിയിലുള്ള സൈബര്‍ ആക്രമണങ്ങളാണ് ഉണ്ടാകുന്നത്.
അതിജീവിതയെ നാണംകെടുത്തുക, സ്വകാര്യ വിവരങ്ങള്‍ പരസ്യപ്പെടുത്തുക, ഭീഷണിപ്പെടുത്തുക തുടങ്ങിയ രീതികളാണ് ഇവര്‍ സ്വീകരിക്കുന്നത്. ഇത് വെറുമൊരു സോഷ്യല്‍ മീഡിയ ശബ്ദം മാത്രമല്ല, മറിച്ച് സാക്ഷികളെ പരസ്യമായി ഭയപ്പെടുത്താനുള്ള നീക്കമാണ്,’ എന്‍.ഡബ്ല്യു.എം.ഐ കുറ്റപ്പെടുത്തി.
സൈബര്‍ ആക്രമണങ്ങളില്‍ ഏര്‍പ്പെടുന്ന പ്രവര്‍ത്തകരെ കോണ്‍ഗ്രസ് നേതൃത്വം തള്ളിപ്പറയണമെന്നും സൈബര്‍ ആക്രമണങ്ങളിലും ഭീഷണിപ്പെടുത്തലുകളിലും ഏര്‍പ്പെടുന്ന പാര്‍ട്ടി പ്രവര്‍ത്തകരെയും അനുഭാവികളെയും സസ്പെന്‍ഡ് ചെയ്യുകയോ പുറത്താക്കുകയോ വേണമെന്നും സംഘടന കോണ്‍ഗ്രസ് നേതൃത്വത്തിനയച്ച കത്തില്‍ ആവശ്യപ്പെട്ടു.
എ.ഐ.സി.സി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവര്‍ക്കാണ് സംഘടന കത്തയച്ചിരിക്കുന്നത്.
ഇത്തരം അതിക്രമങ്ങള്‍ നടത്തുന്നവരെ കണ്ടെത്താന്‍ പാര്‍ട്ടി സൈബര്‍ പോലീസുമായി സഹകരിക്കണമെന്നും നിലവില്‍ ജാമ്യത്തിലിറങ്ങിയ രാഹുല്‍ മാങ്കൂട്ടത്തിലിന് രാഷ്ട്രീയ പരിരക്ഷയോ പാര്‍ട്ടി വേദികളോ നല്‍കരുതെന്നും കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
ജാമ്യം ലഭിക്കുക എന്നതിനര്‍ത്ഥം കുറ്റവിമുക്തനാക്കുകയെന്നതല്ലെന്നും അയാളെ പ്രതിരോധിക്കുന്നവര്‍ക്ക് സോഷ്യല്‍ മീഡിയ പ്‌ളാറ്റ്‌ഫോമുകളില്‍ പാര്‍ട്ടിയുടെ പിന്തുണ ഉണ്ടാകാന്‍ പാടില്ലെന്നും സംഘടന ആവശ്യപ്പെട്ടു.
രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് അതിജീവിതരെ നിശബ്ദരാക്കുന്ന രീതിയാണ് ഇവിടെ നടക്കുന്നത്. കോണ്‍ഗ്രസ് ഈ വിഷയത്തില്‍ മൗനം വെടിയണം, സൈബര്‍ ഗുണ്ടായിസത്തെ പ്രോത്സാഹിപ്പിക്കില്ലെന്ന് ദേശീയ നേതൃത്വം പരസ്യമായി പ്രഖ്യാപിക്കണം,’ എന്‍.ഡബ്ല്യു.എം.ഐ ആവശ്യപ്പെട്ടു.
രാഷ്ട്രീയത്തില്‍ ധാര്‍മികതയുടെ തിരിച്ചുവരവിനെക്കുറിച്ച് സംസാരിക്കുന്ന കോണ്‍ഗ്രസ്, സ്വന്തം പ്രവര്‍ത്തകര്‍ നടത്തുന്ന ഇത്തരം സ്ത്രീവിരുദ്ധ നീക്കങ്ങള്‍ക്കെതിരെ കര്‍ശന നിലപാട് സ്വീകരിക്കണമെന്നും കത്തില്‍ വ്യക്തമാക്കി.
Content Highlight: Case against Mangkootatil; Action should be taken against Congress workers who are harassing the complainant in cyberspace: NWMI writes to AICC