| Friday, 22nd August 2025, 10:07 pm

മതവികാരം വ്രണപ്പെടുത്തി; ഗുരുവായൂരമ്പലത്തില്‍ നിന്ന് റീല്‍സെടുത്ത ബിഗ് ബോസ് താരം ജാസ്മിന്‍ ജാഫറിനെതിരെ പരാതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്രക്കുളത്തില്‍ കാല്‍ കഴുകിയുള്ള റീല്‍സ് ചിത്രീകരിച്ച ബിഗ്‌ബോസ് താരം ജാസ്മിന്‍ ജാഫറിനെതിരെ പരാതി. ഗുരുവായൂര്‍ ദേവസ്വമാണ് പൊലീസില്‍ പരാതി നല്‍കിയത്.

വിലക്ക് മറികടന്ന് ഗുരുവായൂര്‍ തീര്‍ത്ഥക്കുളത്തില്‍ കാല്‍ കഴുകി, റീല്‍സ് ചിത്രീകരിച്ചെന്നാണ് പരാതി. മൂന്ന് ദിവസം മുമ്പ് ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിലാണ് ഗുരുവായൂര്‍ ക്ഷേത്രക്കുളത്തില്‍ നിന്ന് കാല്‍ കഴുകുന്ന വീഡിയോ ഇവര്‍ പങ്കുവെച്ചിരുന്നത്. ഗുരുവായൂര്‍ ക്ഷേത്രക്കുളത്തില്‍ നിന്ന് കാല്‍ കഴുകുകയും മുല്ലപ്പൂ ചൂടുന്നതും വീഡിയോയില്‍ കാണാന്‍ സാധിക്കും.

എന്നാല്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ അഹിന്ദുക്കള്‍ പ്രവേശിക്കുന്നതിനും ദൃശ്യങ്ങള്‍ ചിത്രീകരിക്കുന്നതിനും ക്ഷേത്രക്കുളത്തില്‍ ഇറങ്ങുന്നതിനും വിലക്കുണ്ട്. വിലക്ക് മറികടന്നുകൊണ്ട് വീഡിയോ ചിത്രീകരിച്ചതിനെതിരെയാണ് ദേവസ്വം അഡ്മിനിസ്‌ട്രേറ്റര്‍ ടെപിംള്‍ പൊലീസില്‍ പരാതി നല്‍കിയത്.

മതവികാരം വ്രണപ്പെടുത്തലും, കലാപാഹ്വാനം ഉയര്‍ത്തിക്കൊണ്ടുള്ള നടപടിയാണ് ഇവിടെ ഉണ്ടായിട്ടുള്ളതെന്നും ചൂണ്ടിക്കാട്ടിയാണ് പരാതി നല്‍കിയത്. പൊലീസ് പരാതി സ്വീകരിച്ചിട്ടുണ്ട്. നിയമ വശങ്ങള്‍ പരിശോധിച്ച് കേസെടുക്കുന്നതടക്കം തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നാണ് പൊലീസ് അറിയിച്ചിട്ടുള്ളത്.

അതേസമയം, ജാസ്മിന്‍ ഇക്കാര്യത്തില്‍ പ്രതികരിച്ചിട്ടില്ല. നേരത്തെ സമാന രീതിയില്‍ ക്ഷേത്രത്തിലെത്തി ദൃശ്യങ്ങള്‍ പകര്‍ത്തുകയും സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കുകയും ചെയ്ത കോഴിക്കോട് സ്വദേശിക്കെതിരെയും ദേവസ്വം പൊലീസില്‍ പരാതി നല്‍കുകയും ടെംപിള്‍ പൊലീസ് കേസെടുക്കുകയും ചെയ്തിട്ടുണ്ട്.

സമാനമായ സംഭവമാണ് ഇത്തവണയും ആവര്‍ത്തിച്ചിരിക്കുന്നത്. അതുകൊണ്ട് തന്നെ കര്‍ശന നടപടികളുമായി മുന്നോട്ട് പോകുമെന്നാണ് ദേവസ്വം അധികൃതര്‍ അറിയിച്ചിരിക്കുന്നത്.

അതേസമയം, ജാസ്മിന്‍ പങ്കുവെച്ച വീഡിയോയില്‍ ജാസ്മിനെ പ്രശംസിച്ചുകൊണ്ടുള്ള കമന്റുകള്‍ നിരവധിയാണ്. എന്നാല്‍ പ്രതികൂലിച്ചും കമന്റുണ്ട്.ഗുരുവായൂര്‍ അമ്പലക്കുളമല്ലേ ഇതെന്നും ഇങ്ങനെ റീല്‍സ് എടുക്കുന്നത് ദേവസ്വത്തിന്റെ പെര്‍മിഷന്‍ കിട്ടിയിട്ടാണോ എന്നും കമന്റുണ്ട്.

Content Highlight: Case Against Jasmine Jaffar

We use cookies to give you the best possible experience. Learn more