പേരാമ്പ്ര: സീരയല്‍ താരം അതുല്‍ശ്രീവയ്‌ക്കെതിരായ നടപടി ഗൂഢാലോചനയാണെന്ന ആരോപണവുമായി ബന്ധുക്കളും നാട്ടുകാരും. കള്ളക്കേസെടുത്ത് ജയിലിലടച്ച് ഒരു കലാകാരന്റെ ഭാവി തകര്‍ക്കുകയാണെന്നാണ് പിതാവ് മരുതോറ ചാലില്‍ ശ്രീധരനും പേരാമ്പ്ര സമൃദ്ധി സാംസ്‌കാരിക കൂട്ടായ്മ പ്രസിഡന്റ് എം.സി സനല്‍കുമാറും ആരോപിക്കുന്നത്.
ചെറിയൊരു വിദ്യാര്‍ഥി സംഘര്‍ഷത്തില്‍ ഉള്‍പ്പെട്ടതിന്റെ പേരില്‍ അതുലിനെ പിടിച്ചുപറിക്കാരനും ഗുണ്ടാത്തലവനുമായി ചിത്രീകരിക്കുകയും അപമാനിക്കുകയുമാണ് ചെയ്തതെന്നാണ് ബന്ധുക്കളുടെ ആരോപണം.
കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെ ഗുരുവായൂരപ്പന്‍ കോളജില് മൂന്നാം വര്‍ഷ വിദ്യാര്‍ഥികളും രണ്ടാം വര്‍ഷ വിദ്യാര്‍ഥികളും തമ്മില്‍ സംഘര്‍ഷം ഉണ്ടായിരുന്നു. ഇതിനിടയില്‍ അതുലിന്റെ ഇടതുകൈ പൊട്ടുകയും മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.
ഇക്കാര്യം അതുല്‍ പൊലീസില്‍ പരാതിപ്പെടുകയും ചെയ്തിരുന്നു. ഈ കേസില്‍ അതുലിന്റെ മൊഴിയെടുക്കാനാണെന്നു പറഞ്ഞ് വിളിപ്പിച്ചാണ് അതുലിനെ അറസ്റ്റു ചെയ്തതെന്നാണ് ബന്ധുക്കള്‍ പറയുന്നത്.
അതുലിനെതിരെ പരാതി നല്‍കിയത് ഒരു പൊലീസ് ഉദ്യോഗസ്ഥന്റെ മകനാണ്. സംഘര്‍ഷത്തില്‍ യാതൊരു പരിക്കുംപറ്റാത്ത വിദ്യാര്‍ഥിയാണ് പരാതി നല്‍കിയിരിക്കുന്നതെന്നും ഇവര്‍ പറയുന്നു.
സീരിയലുകളില്‍ നിന്നും സുഹൃദ് സംഘം നടത്തുന്ന ബാന്റ് മ്യൂസിക് ബാന്‍ഡിലൂടെയും അതുലിന് വരുമാനം ലഭിക്കുന്നുണ്ട്. അങ്ങനെയുള്ള അതുല്‍ 100രൂപ ഗുണ്ടാപിരിവ് കൊടുക്കാത്തതിന് ആക്രമണം നടത്തിയെന്ന് പറയുന്നത് ശുദ്ധ അസംബന്ധമാണെന്നും ഇവര്‍ അഭിപ്രായപ്പെട്ടു.
അതിനിടെ, അതുല്‍ശ്രീവയ്‌ക്കെതിരായ നടപടിയില്‍ പ്രതിഷേധവുമായി സോഷ്യല്‍ മീഡിയയില്‍ ഗുരുവായൂരപ്പന്‍ കോളജിലെ ഒട്ടേറെ വിദ്യാര്‍ഥികള്‍ രംഗത്തുവന്നിരുന്നു.