| Friday, 6th February 2015, 4:21 pm

സൗദി ബ്ലോഗര്‍ ബദാവികൊണ്ട 50 ചാട്ടയടിക്ക് പകരം 50 കാര്‍ട്ടൂണുകള്‍ സമര്‍പ്പിച്ച് ഇന്ത്യന്‍ കാര്‍ട്ടൂണിസ്റ്റ് അസിം ത്രിവേദി

ഡൂള്‍ന്യൂസ് ഡെസ്‌ക്

സൗദി ബ്ലോഗര്‍ റൈഫ് ബദാവിയുടെ ശിക്ഷയ്‌ക്കെതിരെ കാര്‍ട്ടൂണ്‍ വരച്ച് പ്രതിഷേധം. 2012  വരച്ച കാര്‍ട്ടൂണിന്റെ പേരില്‍ രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്ത ഇന്ത്യന്‍ കാര്‍ട്ടൂണിസ്റ്റ് അസിം ത്രിവേദിയാണ് റൈഫ് ബദാവിയുടെ ശിക്ഷയ്‌ക്കെതിരെ 50 കാര്‍ട്ടൂണുകള്‍ വരച്ച് തന്റെ പ്രതിഷേധം രേഖപ്പെടുത്തുന്നത്.

“ഒരോ അടിക്കും എതിരായാണ് ഓരോ കാര്‍ട്ടൂണുകളും വരയ്ക്കുന്നത്. തങ്ങളുടെ അഭിപ്രായം പറഞ്ഞതിന്റെ പേരില്‍ കലാകാരന്മാര്‍ ശിക്ഷിക്കപ്പെടുന്നുവെന്നുള്ളത് അധപതനമാണ്. ഇത് വളരെ മോശമായ കാര്യമാണ്.” ത്രിവേദി പറഞ്ഞു.

പ്രതിഷേധത്തിന് ഈ കാര്‍ട്ടൂണുകള്‍ മതിയാകുമെന്ന് തോന്നുന്നില്ലെന്നും റൈഫ് ബദാവിയെ മോചിപ്പിക്കണമെന്ന് പറഞ്ഞുള്ള പ്രതിഷേധത്തില്‍ ലോകത്തിന്റെ പിന്തുണ വേണമെന്നും അദ്ദേഹം പറഞ്ഞു.

“ഒരു കാര്‍ട്ടൂണിസ്റ്റിന് മാത്രമേ കാര്‍ട്ടൂണ്‍ വരയ്ക്കാന്‍ കഴിയുകയുള്ളു. എന്നാല്‍ യു.എന്നും അതുപോലുള്ള മറ്റ് സംഘടനകളും അനാവശ്യമായി സമ്മര്‍ദ്ദം ഉണ്ടാക്കുന്നുണ്ട്.” അദ്ദേഹം പറഞ്ഞു. “ഇത് നമ്മുടെ രാജ്യത്താണ് സംഭവിച്ചതെങ്കില്‍ ഈ പ്രതിഷേധത്തിന്റെ വെളിച്ചത്തില്‍ ഭരണകൂടം അതിന്റെ ശിക്ഷാരീതികളില്‍ നിന്ന് പിന്നോട്ട് പോകുമായിരുന്നു. എന്നാല്‍ അവിടെ ആരും മനുഷ്യാവകാശത്തെക്കുറിച്ചോ അഭിപ്രായ സ്വാതന്ത്ര്യത്തെക്കുറിച്ചോ സംസാരിക്കുന്നില്ല.” ത്രിവേദി വ്യക്തമാക്കി.

അവര്‍ അവരുടെ രാജ്യത്തെക്കുറിച്ചും എണ്ണവിലയെക്കുറിച്ചും മാത്രമാണ്  സംസാരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സൗദിയിലെ ശെരിയത്ത്‌ നിയമത്തിനെതിരെയും അഭിപ്രായ സ്വാതന്ത്ര്യം ആവശ്യപ്പെട്ടുകൊണ്ടുമാണ് അദ്ദേഹത്തിന്റെ കാര്‍ട്ടുണുകള്‍. അഭിപ്രായ സ്വാതന്ത്ര്യം ഇത്തരം ശിക്ഷകള്‍ നല്‍കുന്നതില്‍ നിന്ന് ജനങ്ങളെ പ്രതിരോധിക്കുമെന്നും അദ്ദേഹം പറയുന്നു.

റൈഫിന്റെ കാര്യത്തിലാണ് കാര്‍ട്ടൂണ്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നതെന്നും എന്നാല്‍ ഇത് ഒരു ആഗോള പ്രശ്‌നമാണെന്നും അദ്ദേഹം വ്യക്തമാക്കി.

പാരീസിലെ ആക്ഷേപഹാസ്യ മാഗസിനായ ഷാര്‍ലി ഹെബ്ദോയിലെ 11 മാധ്യമ പ്രവര്‍ത്തകരെ തീവ്രവാദികള്‍ കൊലപ്പെടുത്തിയതിന് രണ്ട് ദിവസത്തിന് ശേഷമാണ് സൗദിയില്‍ മതനിന്ദ ആരോപിച്ച്  ബ്ലോഗറെ 50 ചാട്ടവാടറടിക്ക് വിധേയനാക്കിയിരുന്നത്. റൈഫ് ബദാവിയെന്ന എഴുത്തുകാരനെയായിരുന്നു ശിക്ഷയ്ക്ക് വിധേയനാക്കിയിരുന്നത്.

പുരോഗമന വാദികള്‍ക്ക് അവരുടെ അഭിപ്രായങ്ങള്‍ തുറന്നു പറയുന്നതിനുള്ള ഒരിടമായിരുന്നു ബദാവി നടത്തിയിരുന്നു വെബ്‌സൈറ്റ്. തന്റെ ഓണ്‍ലൈന്‍ വെബ്‌സൈറ്റ് വഴി അദ്ദേഹം മതനിന്ദ നടത്തിയതായി 2014 മെയില്‍ സൗദി ഭരണകൂടം കണ്ടെത്തിയിരുന്നു. 10 വര്‍ഷം തടവും 1000 ചാട്ടവാറടിയും അല്ലെങ്കില്‍ ഒരു മില്ല്യണ്‍ റിയാല്‍ ആയിരുന്നു അദ്ദേഹത്തിന് ശിക്ഷയായി വിധിച്ചിരുന്നത്.

ചാട്ടവാറടി നടപ്പാക്കുന്ന സമയത്ത് അദ്ദേഹത്തിന് രക്ത സമ്മര്‍ദ്ദവും മറ്റ് ആരോഗ്യ പ്രശ്‌നങ്ങളും അനുഭവപ്പെടുകയുണ്ടായി. ഇതേത്തുടര്‍ന്ന് ഡോക്ടറെ സമീപിച്ചപ്പോള്‍ അദ്ദേഹത്തിന്റെ അഭിപ്രായത്തെത്തുടര്‍ന്നായിരുന്നു 50 ചാട്ടവാറടി വീതം ഒരോ ആഴ്ചയും നല്‍കാന്‍ ഭരകൂടം തീരുമാനിച്ചിരുന്നത്.

ഈ വാര്‍ത്ത അറിഞ്ഞതിനെത്തുടര്‍ന്ന് ലോകത്തെ നിരവധി ആക്ടിവിസ്റ്റുകള്‍ ഒരുമിക്കുകയും ശിക്ഷയ്‌ക്കെതിരെ പ്രതിഷേധം സങ്കടിപ്പിക്കുകയും ചെയ്തിരുന്നു. ശിക്ഷാവിധി പിന്‍വലിക്കണമെന്നാവശ്യപ്പെട്ടുകൊണ്ടായിരുന്നു അവരുടെ പ്രതിഷേധം.

Latest Stories

We use cookies to give you the best possible experience. Learn more