ജറുസലേം: വെസ്റ്റ് ബാങ്കില്‍ ഗസയ്ക്ക് സമാനമായ വംശഹത്യ നടത്തണമെന്ന ആഹ്വാനവുമായി ഇസ്രഈല്‍ മന്ത്രി ബെസലേല്‍ സ്‌മോട്രിച്ച്. വെസ്റ്റ് ബാങ്കില്‍ അഞ്ച് പേര്‍ക്ക് പരിക്കേറ്റ വെടിവെപ്പ് ആക്രമണത്തിന് പിന്നാലെയാണ് ഇത്തരമൊരു പ്രഖ്യാപനം.
ഫലസ്തീന്‍ ഭരണകൂടത്തെ പൂര്‍ണമായും ഇല്ലാതാക്കാനുള്ള ഏക വഴി ഇത് മാത്രമാണെന്നും സ്‌മോട്രിച്ച് പറഞ്ഞു. പ്രതിരോധ മന്ത്രാലയത്തിന്റെ ചുമതല കൂടി വഹിക്കുന്ന മന്ത്രിയാണ് ഇദ്ദേഹം. അടുത്ത സര്‍ക്കാരില്‍ ആവശ്യപ്പെടുകയും നടപ്പിലാക്കുകയും ചെയ്യുന്ന പ്രധാനപ്പെട്ട നടപടികളില്‍ ഒന്നായിരിക്കും ഇതെന്നും ഇസ്രഈല്‍ മന്ത്രി പറഞ്ഞു.
നേരത്തെയും ഇത്തരത്തിലുള്ള പ്രകോപനപരമായ പ്രഖ്യാപനവുമായി സ്‌മോട്രിച്ച് രംഗത്തെത്തിയിരുന്നു. വെസ്റ്റ്ബാങ്കിലുണ്ടായ വെടിവെപ്പില്‍ ഇസ്രഈലി പൗരന്മാര്‍ക്ക് പരിക്കേറ്റിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ ആഹ്വാനം.
സംഭവം നടന്നതിന് പിന്നാലെ ആക്രമണ മേഖലയില്‍ സൈന്യം റെയ്ഡുകളും കര്‍ശന നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. അക്രമം നടന്ന പ്രദേശത്തെ അനധികൃത നിര്‍മിതികള്‍ അടിയന്തരമായി പൊളിച്ച് നീക്കാനും താന്‍ ഉത്തരവിട്ടതായി സ്‌മോട്രിച്ച് പറഞ്ഞു.
കഴിഞ്ഞ ആഴ്ച വെസ്റ്റ് ബാങ്കിലെ ഒലിവ് വിളവെടുപ്പില്‍ പങ്കെടുക്കാനെത്തിയ യൂറോപ്യന്‍ നയതന്ത്രജ്ഞര്‍, ഫ്രഞ്ച് മേയര്‍, ആര്‍ച്ച് ബിഷപ്പ് എന്നിവര്‍ക്ക് നേരെ ഇസ്രയേല്‍ കുടിയേറ്റക്കാര്‍ ആക്രമണം നടത്തിയിരുന്നു. ഇസ്രഈല്‍ അധിനിവേശ വെസ്റ്റ്ബാങ്കിലെ തയ്‌ബെയിലെ ഒലിവ് വിളവെടുപ്പില്‍ പങ്കെടുക്കാനെത്തിയവര്‍ക്ക് നേരെയായിരുന്നു ആക്രമണം. ആക്രമണത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
Content Highlight: Carrying out a Gaza-style genocide in the West Bank is the only way to eliminate the Palestinian government: Israeli Minister