നവാഗത സംവിധായകൻ അദ്വൈത് നായർ സംവിധാനം ചെയ്ത് വമ്പൻ വിജയം നേടിയ ചിത്രമാണ് ചത്താ പച്ച. അർജുൻ അശോകൻ നായകനായെത്തിയ ചിത്രത്തിൽ മമ്മൂട്ടിയുടെ കാമിയോ സാന്നിധ്യവും പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. ഡബ്ല്യു.ഡബ്ല്യു.ഇ പശ്ചാത്തലത്തിൽ ഒരുങ്ങിയ ചിത്രം കൊച്ചിയിലെ ഒരു കൂട്ടം യുവാക്കളുടെ റെസ്‌ലിങ് ലോകമാണ് അവതരിപ്പിക്കുന്നത്.
റോഷൻ മാത്യു, വിശാഖ് നായർ, ഇഷാൻ ഷൗക്കത്ത്, കാർമെൻ എസ് മാത്യു തുടങ്ങിയവർ പ്രധാന വേഷങ്ങളിൽ എത്തിയ ചിത്രം റിലീസിന് പിന്നാലെ മികച്ച പ്രതികരണമാണ് നേടുന്നത്. ചിത്രത്തിൽ ‘കുരുവി’ എന്ന കഥാപാത്രമായി തിളങ്ങിയ കാർമെൻ എസ് മാത്യുവിന്റെ പ്രകടനവും ശ്രദ്ധേയമായിരുന്നു.
ചത്താ പച്ച, Photo: IMDb
ചിത്രത്തിന്റെ ഷൂട്ടിങ് അനുഭവങ്ങളും കഠിനമായ പരിശീലനത്തെയും കുറിച്ച് രസകരമായ ഓർമ്മകൾ പങ്കുവെക്കുകയാണ് കാർമെൻ.
‘എല്ലാവരുടെയും ഫൈറ്റിന് മുമ്പ് ആദ്യത്തെ ഫൈറ്റ് എന്റേതായിരുന്നു. എങ്ങനെയാകും എന്ന് യാതൊരു ഐഡിയയും ഇല്ല. കൊറിയോഗ്രഫി ചെയ്തിട്ടാണെങ്കിലും എത്ര ടേക്ക് പോകും എന്നറിയില്ലായിരുന്നു. ഒരു ദിവസം മുഴുവൻ ഷൂട്ടിങ് ഉണ്ടാകുമ്പോൾ ഫുൾ എനർജിയിൽ നിൽക്കണം എന്ന ടെൻഷനുമുണ്ടായിരുന്നു. എന്നാൽ റിങ്ങിൽ കയറിയതോടെ എല്ലാം മാറി.
ചത്താ പച്ച, Photo: Screengrab/YouTube
പൂർണ്ണമായൊരു പുകമയമായിരുന്നു. സിനിമയിൽ തലകീഴായി നാല് തവണ കറങ്ങുന്ന ഒരു സീനുണ്ട്. പ്രാക്ടീസിൽ ഒരിക്കൽ മാത്രമായിരുന്നു. പക്ഷേ ഷൂട്ടിങിൽ നാല് തവണ കറങ്ങേണ്ടി വന്നു. ആ സീൻ നാല് ടേക്ക് പോയി. ഡബ്ല്യു.ഡബ്ല്യു.ഇ ഫേക്കാണെങ്കിലും പെയിൻ ശരിക്കും ഉണ്ടായിരുന്നു. അടി ഒഴിവാക്കാൻ ശ്രമിച്ചാലും അടി കിട്ടുമ്പോഴാണ് ഷോട്ട് നന്നാവുന്നത്,’ കാർമെൻ പറഞ്ഞു.
മലയാളത്തിൽ പലതരം ആക്ഷൻ സിനിമകൾ എത്തിയിട്ടുണ്ടെങ്കിലും, റെസ്ലിങ് ആക്ഷൻ ഉൾപ്പെടുത്തിയതാണ് ചത്താ പച്ചയെ വേറിട്ട അനുഭവമാക്കുന്നത്. ചിത്രത്തിലെ ഓരോ ആക്ഷൻ രംഗവും പ്രേക്ഷകനെ ഒരു റെസ്ലിങ് റിങ്ങിന് മുന്നിലെത്തിക്കുന്ന തരത്തിലാണ് ഒരുക്കിയിരിക്കുന്നത്. മറ്റ് സംഘട്ടന രംഗങ്ങളിലും ഗുസ്തിയുടെയും ഡബ്ല്യൂ. ഡബ്ല്യൂ. ഇ റെസ്ലിങ്ങിന്റെയും സ്വാധീനം വ്യക്തമാണ്.
കൂടാതെ ആനന്ദ് സി. ചന്ദ്രൻ, ജോമോൻ ടി. ജോൺ, സുദീപ് എളമൺ എന്നിവരുടെ ക്യാമറ വർക്ക് ചിത്രത്തിന് നല്ല ഊർജം നൽകുന്നു. ശങ്കർ എഹ്സാൻ–ലോയ് ടീമിന്റെ ഗാനങ്ങളും മുജീബ് മജീദിന്റെ പശ്ചാത്തല സംഗീതവും സിനിമയെ മറ്റൊരു തലത്തിലേക്കെത്തിക്കാൻ സഹായിച്ചു.
Content Highlight: Carmen S. Mathew talk about the shooting experience of Chatha Pacha