ബ്രസീലിയന്‍ സൂപ്പര്‍താരം നെയ്മര്‍ ഇന്റര്‍നാഷണല്‍ ഫുട്‌ബോളില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു. 2026 ഫിഫ ലോകകപ്പ് തോല്‍വിക്ക് പിന്നാലെയായിരുന്നു നെയ്മറുടെ പ്രഖ്യാപനം.
ഇപ്പോള്‍ നെയ്മറിന്റെ ഇന്റര്‍നാഷണല്‍ കരിയര്‍ ഔദ്യോഗികമായി അവസാനിച്ചുവെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് ബ്രസീലിയന്‍ പരിശീലകന്‍ കാര്‍ലോ ആന്‍സലോട്ടി.
ദേശീയ ടീമിലേക്ക് ഒരു മടങ്ങിവരവ് ഇനിയില്ലെന്ന് നെയ്മര്‍ തന്നോട് നേരിട്ട് പറഞ്ഞെന്നാണ് ആന്‍സലോട്ടി വെളിപ്പെടുത്തിയത്. നെയ്മറിന് പകരം വെക്കാന്‍ ലോക ഫുട്‌ബോളില്‍ മറ്റൊരു താരമുവില്ലെന്നും ബ്രസീല്‍ പരിശീലകന്‍ പറഞ്ഞു. സി.എൻ.എന്നിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ആന്‍സലോട്ടി.
‘പ്രകടനങ്ങള്‍ കൊണ്ട് ലോകകപ്പില്‍ ഉണ്ടാവാന്‍ അര്‍ഹതയുള്ള താരമായിരുന്നു നെയ്മര്‍. എന്നാല്‍ ദേശീയ ടീമിലേക്ക് ഇനിയൊരു മടങ്ങിവരവ് ഉണ്ടാവില്ലെന്ന് നെയ്മര്‍ നേരിട്ട് എന്നോട് പറഞ്ഞിട്ടുണ്ട്. നെയ്മറിന് പകരം വെക്കാന്‍ മറ്റൊരു താരവും ലോക ഫുട്‌ബോളിലില്ല. അപൂര്‍വവും അസാധാരണവുമായ കഴിവുള്ള പ്രതിഭയായിരുന്നു അവന്‍. പകരക്കാരനെ കണ്ടെത്താന്‍ സാധിക്കാത്ത ഇതിഹാസമാണ് അവന്‍,’ കാര്‍ലോ ആന്‍സലോട്ടി പറഞ്ഞു.
ബ്രസീലിനൊപ്പം തന്റെ ആദ്യ ലോകകപ്പ് നേടാനിറങ്ങിയ നെയ്മറിന് പ്രീക്വാര്‍ട്ടര്‍ വരെയാണ് മുന്നേറാന്‍ സാധിച്ചത്. നോര്‍വേയോട് പരാജയപ്പെട്ടാണ് ബ്രസീല്‍ ആറാം ലോക കിരീടമെന്ന സ്വപ്നം അവസാനിപ്പിച്ചുകൊണ്ട് മടങ്ങിയത്.
ഈ മത്സരത്തില്‍ ബ്രസീലിന് വേണ്ടി ആശ്വാസ ഗോള്‍ നേടിയത് നെയ്മറായിരുന്നു. ഇഞ്ചുറി ടൈമില്‍ ബ്രസീലിന് അനുകൂലമായി ലഭിച്ച പെനാല്‍റ്റി നെയ്മര്‍ ഗോളാക്കി മാറ്റുകയായിരുന്നു. ഈ തോല്‍വിക്ക് പിന്നാലെയായിരുന്നു നെയ്മര്‍ ഇന്റര്‍നാഷണല്‍ ഫുട്‌ബോളില്‍ നിന്നും പടിയിറങ്ങിയിരുന്നത്.
അതേസമയം ഇന്റര്‍നാഷണല്‍ ഫുട്‌ബോളില്‍ നിന്നും വിരമിച്ചതിന് പിന്നാലെ തന്റെ പ്രൊഫഷണല്‍ ഫുട്‌ബോളിന്റെ ഭാവിയെക്കുറിച്ച് നെയ്മര്‍ അടുത്തിടെ തുറന്നു പറഞ്ഞിരുന്നു. ഇപ്പോള്‍ വിരമിക്കുന്നതിനെക്കുറിച്ച് താന്‍ ചിന്തിക്കുന്നില്ലന്നും ഡിസംബര്‍ വരെ സാന്റോസുമായി കരാറുണ്ടെന്നുമാണ് നെയ്മര്‍ പറഞ്ഞിരുന്നത്.
സാന്റോസിന് വേണ്ടി മികച്ച പ്രകടനം പുറത്തെടുക്കുകയാണ് തന്റെ ലക്ഷ്യമെന്നും ഇതിന് ശേഷമായിരിക്കും മുന്നോട്ടുള്ള വഴികളെക്കുറിച്ച് താന്‍ ആലോചിക്കുകയെന്നും നെയ്മര്‍ വ്യക്തമാക്കിയിരുന്നു.
Content Highlight: Carlo Ancelotti talks about Brazil legend Neymar