| Tuesday, 10th June 2025, 12:44 pm

പ്രായത്തെ വെല്ലുന്ന പ്രകടനം, ഇതിഹാസമാണവന്‍; സൂപ്പര്‍ താരത്തെ പ്രശംസിച്ച് കാര്‍ലോ ആന്‍സലോട്ടി

സ്പോര്‍ട്സ് ഡെസ്‌ക്

യുവേഫ നേഷന്‍സ് ലീഗില്‍ സ്പെയ്നിനെ പരാജയപ്പെടുത്തി പോര്‍ച്ചുഗല്‍ കിരീടമണിഞ്ഞിരുന്നു. ജര്‍മനി, മ്യൂണിക്കിലെ അലയന്‍സ് അരീനയില്‍ നടന്ന മത്സരത്തില്‍ പെനാല്‍ട്ടി ഷൂട്ട്ഔട്ടിലാണ് പോര്‍ച്ചുഗല്‍ വിജയം സ്വന്തമാക്കിയത്. നേഷന്‍സ് ലീഗ് ചരിത്രത്തില്‍ പറങ്കിപ്പടയുടെ രണ്ടാം കിരീടമാണിത്. ഇതോടെ ഒന്നിലധികം തവണ നേഷന്‍സ് ലീഗ് സ്വന്തമാക്കുന്ന ആദ്യ ടീം എന്ന നേട്ടമാണ് റൊണാള്‍ഡോയും പോര്‍ച്ചുഗലും സ്വന്തമാക്കിയത്.

നിര്‍ണായക ഘട്ടത്തില്‍ റൊണാള്‍ഡോയുടെ ഗോളും പോര്‍ച്ചുഗലിന്റെ ഗോളി ടിയാഗോ കോസ്റ്റയുടെ മിന്നും പ്രകടനവുമാണ് പോര്‍ച്ചുഗലിനെ കിരീടത്തിലെത്തിച്ചത്. ഇപ്പോള്‍ റൊണാള്‍ഡോയെ പ്രശംസിച്ച് രംഗത്ത് വന്നിരിക്കുകയാണ് മുന്‍ റയല്‍ മാഡ്രഡ് പരിശീലകന്‍ കാര്‍ലോ ആന്‍സലോട്ടി. റൊണാള്‍ഡോ നാഷന്‍സ് ലീഗ് കിരീടം നേടിയതില്‍ താന്‍ വളരെയധികം സന്തുഷ്ടനാണെന്നും റോണോ ഇതിഹാസമാണെന്നും ആന്‍സലോട്ടി പറഞ്ഞു.

‘ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ട്രോഫിയില്‍ (യുവേഫ നേഷന്‍സ് കിരീടം) ഞാന്‍ വളരെ സന്തുഷ്ടനാണ്. പ്രായത്തെ വെല്ലുന്ന പ്രകടനമാണ് അവന്റേത്, എപ്പോഴും അവന്‍ ഇതിഹാസമാണ്. ലോകത്തിലെ ഏത് ടീമിനും ദേശീയ ടീമിനും വേണ്ടി കളിക്കാന്‍ അദ്ദേഹത്തിന് കഴിയുമെന്ന് വ്യക്തമാണ്,’ കാര്‍ലോ ആന്‍സലോട്ടി പറഞ്ഞു.

റൊണാള്‍ഡോയുടെ കരിയറിലെ 36ാം ട്രോഫിയാണിത്. പോര്‍ച്ചുഗല്‍ ദേശീയ ടീമിനൊപ്പം മൂന്ന് കരീടം സ്വന്തമാക്കിയ താരം വിവിധ ക്ലബ്ബുകള്‍ക്കൊപ്പമാണ് ശേഷിച്ച ടൈറ്റിലുകള്‍ സ്വന്തമാക്കിയത്. റയല്‍ മാഡ്രിഡിനൊപ്പമാണ് റൊണാള്‍ഡോ ഏറ്റവുമധികം കിരീടം സ്വന്തമാക്കിയത് (16 എണ്ണം).

രണ്ട് ലാലിഗ കിരീടം, രണ്ട് കോപ്പ ഡെല്‍ റേ, രണ്ട് സൂപ്പര്‍ കോപ്പ ഡി എസ്പാന, നാല് യുവേഫ ചാമ്പ്യന്‍സ് ലീഗ്, മൂന്ന് യുവേഫ സൂപ്പര്‍ കപ്പ്, മൂന്ന് ഫിഫ ക്ലബ്ബ് വേള്‍ഡ് കപ്പ് എന്നിവയാണ് ലോസ് ബ്ലാങ്കോസ് ജേഴ്സിയില്‍ റോണോ സ്വന്തമാക്കിയത്. മാത്രമല്ല പോര്‍ച്ചുഗലിനായി ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടിയാണ് റോണോ കുതിക്കുന്നത്. ഇതുവരെ 138 ഗോളുകളാണ് പറങ്കികള്‍ക്കായി താരം നേടിയത്.

കൂടാതെ ഫുട്‌ബോള്‍ ലോകത്ത് ഏറ്റവും കൂടുതല്‍ കരിയര്‍ ഗോള്‍ നേടുന്ന താരവും റോണോ തന്നെയാണ്. 937 ഗോളുകളാണ് താരം നിലവില്‍ നേടിയത്. 1000 കരിയര്‍ ഗോള്‍ എന്ന ഇതിഹാസ നേട്ടത്തിലേക്കാണ് താരം ഉന്നമിടുന്നത്.

Content Highlight: Carlo Ancelotti Praises Cristiano Ronaldo

We use cookies to give you the best possible experience. Learn more