ഫുട്‌ബോള്‍ ചരിത്രത്തിലെ എക്കാലത്തെയും മികച്ച താരമായി ബ്രസീല്‍ ഇതിഹാസം പെലെയെ തെരഞ്ഞെടുത്ത് ബ്രസീല്‍ ബോസ് കാര്‍ലോ ആന്‍സലോട്ടി. മെസിയും റൊണാള്‍ഡോയും മികച്ച താരങ്ങളാണെന്നും ഇവരില്‍ നിന്നും ഒരാളെ തെരഞ്ഞെടുക്കുക പ്രയാസമാണെന്നും കാര്‍ലെറ്റോ പറഞ്ഞു.
കോണ്‍മെബോളിനോട് സംസാരിക്കവെയാണ് അദ്ദേഹം പെലെയെ എക്കാലത്തെയും മികച്ച താരമായി തെരഞ്ഞെടുത്തത്.
‘എനിക്ക് ഇക്കാര്യം തീര്‍ച്ചയെന്നോണം പറയാന്‍ സാധിക്കില്ല, കാരണം പെലെ മറ്റൊരു തലമുറയിലെ താരമായിരുന്നു. സ്വന്തമാക്കിയ ലോകകപ്പുകളേക്കാള്‍ അദ്ദേഹം തന്റെ കരിയറില്‍ നേടിയ കാര്യങ്ങള്‍ എല്ലാം തന്നെ ഏറെ സ്‌പെഷ്യലായിരുന്നു.
മറ്റുള്ള താരങ്ങളും മികച്ചത് തന്നെ. പേരെടുത്ത് പറയുകയാണെങ്കില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, അവനെ പരിശീലിപ്പിക്കാനുള്ള ഭാഗ്യം എനിക്കുണ്ടായി. ഇവനെ കൂടാതെ മെസി മുതല്‍ ഞാന്‍ കണ്ട എല്ലാ താരങ്ങളും മികച്ചത് തന്നെയായിരുന്നു. എന്നാല്‍ ഒരാളെ തെരഞ്ഞെടുക്കുക പ്രയാസമാണ്.
എന്നാല്‍ തന്റെ കരിയറില്‍ സ്വന്തമാക്കിയ നേട്ടങ്ങള്‍ പരിശോധിക്കുമ്പോള്‍ ഞാന്‍ ഒന്നാം സ്ഥാനം പെലെയ്ക്ക് തന്നെ നല്‍കും,’ കാര്‍ലെറ്റോ വ്യക്തമാക്കി.
ലോകം കണ്ട എക്കാലത്തെയും മികച്ച താരങ്ങളില്‍ എന്നും മുന്‍പന്തിയില്‍ നില്‍ക്കുന്ന താരമാണ് പെലെ എന്ന എഡ്‌സണ്‍ അരാസ് ഡോ നാസിമെന്റോ. കരിയറില്‍ മൂന്ന് ലോകകപ്പടക്കം 26 കിരടങ്ങള്‍ താരം സ്വന്തമാക്കിയിട്ടുണ്ട്.
1958, 1962, 1970 ലോകകപ്പുകളിലാണ് പെലെയുടെ കരുത്തില്‍ ബ്രസീല്‍ ലോകത്തിന്റെ നെറുകയിലെത്തിയത്. ഇതിനൊപ്പം ആറ് തവണ ബ്രസീലിയന്‍ ചാമ്പ്യന്‍ഷിപ്പും രണ്ട് തവണ കോപ്പ ലിബര്‍ട്ടഡോറെസ് കിരീടവും പെലെ സ്വന്തമാക്കി. 1957/58 മുതല്‍ 1972/73 വരെ സാന്റോസിനൊപ്പം പത്ത് തവണ കാംപിയോ പുലിസ്റ്റ കിരീടം സ്വന്തമാക്കിയ താരം രണ്ട് തവണ ഇന്റര്‍ കോണ്ടിനെന്റല്‍ കപ്പും ഒരു തവണ സോക്കര്‍ ബൗള്‍ കിരീടവുമുയര്‍ത്തി.
അതേസമയം, കാര്‍ലോ ആന്‍സലോട്ടിക്ക് കീഴില്‍ ബ്രസീല്‍ 2026 ലോകകപ്പിനൊരുങ്ങുകയാണ്. ലോകകപ്പിന്റെ എല്ലാ എഡിഷനിലും കളിക്കുന്ന ടീം എന്ന ഖ്യാതിയോടെയാണ് തങ്ങളുടെ ചരിത്രത്തിലെ ആദ്യ വിദേശ പരിശീലകനൊപ്പം ബ്രസീല്‍ ലോകകപ്പിനൊരുങ്ങുന്നത്.
13 ടീമുകള്‍ മാത്രമാണ് ഇതുവരെ 2026 ലോകകപ്പിന് ടിക്കറ്റുറപ്പിട്ടിച്ചുള്ളത്. കോണ്‍മെബോള്‍, എ.എഫ്.സി, ഒ.എഫ്.സി തുടങ്ങി വിവധി കോണ്‍ഫെഡറേഷനുകളില്‍ നിന്നുള്ള പത്ത് ടീമുകളും ടൂര്‍ണമന്റിന്റെ മൂന്ന് ആതിഥേയരുമാണ് നിലവില്‍ 2026 ലോകകപ്പിന്റെ ഭാഗമായിരിക്കുന്നത്.
2026 ലോകകപ്പിന് യോഗ്യത നേടിയ ടീമുകള്‍ (ഇതുവരെ)
(ടീം – കോണ്‍ഫെഡറേഷന്‍ എന്നീ ക്രമത്തില്‍)
ജപ്പാന്‍ – എ.എഫ്.സി
ന്യൂസിലാന്‍ഡ് – ഒ.എഫ്.സി
ഇറാന്‍ – എ.എഫ്.സി
അര്‍ജന്റീന – കോണ്‍മെബോള്‍
ഉസ്ബക്കിസ്ഥാന്‍ – എ.എഫ്.സി
സൗത്ത് കൊറിയ – എ.എഫ്.സി
ജോര്‍ദാന്‍ – എ.എഫ്.സി
ഓസ്‌ട്രേലിയ – എ.എഫ്.സി
ബ്രസീല്‍ – കോണ്‍മെബോള്‍
ഇക്വഡോര്‍ – കോണ്‍മെബോള്‍
ആതിഥേയര്‍
കാനഡ
മെക്‌സിക്കോ
അമേരിക്ക
Content Highlight: Carlo Ancelotti picks Pele as the GOAT of Football