ഫിഫ 2026 ലോകകപ്പ് യോഗ്യത മത്സരങ്ങള്‍ക്കുള്ള ബ്രസീല്‍ ടീമില്‍ ഇടം ലഭിക്കാതെ സൂപ്പര്‍താരം നെയ്മറും വിനീഷ്യസ് ജൂനിയറും. ചിലിക്കെതിരെയും ബൊളീവിയക്കെതിരെയും അടുത്ത മാസം നടക്കുന്ന യോഗ്യത മത്സരത്തിനുള്ള ടീമിലാണ് ഇരുവര്‍ക്കും ഇടം ലഭിക്കാതിരുന്നത്. കഴിഞ്ഞ ദിവസമാണ് പരിശീലകന്‍ കാര്‍ലോ ആന്‍സലോട്ടി 25 അംഗ ടീമിനെ പ്രഖ്യാപിച്ചത്.
ഇത് രണ്ടാം തവണയാണ് നെയ്മറിനെ ആന്‍സലോട്ടി ടീമിലേക്ക് പരിഗണിക്കാതിരിക്കുന്നത്. മെയ് മാസത്തില്‍ യോഗ്യത മത്സരങ്ങള്‍ക്കുള്ള ടീമിലും താരം ഉള്‍പ്പെട്ടിരുന്നില്ല. പരിക്ക് കാരണം താരം ഏകദേശം രണ്ട് വര്‍ഷത്തോളമാണ് ടീമിന് പുറത്തിരുന്നത്. അവസാനമായി നെയ്മര്‍ ബ്രസീലിനായി കളത്തിലിറങ്ങിയത് 2023 ഒക്ടോബറിലാണ്.
നെയ്മറിന് പുറമെ, റയല്‍ മാഡ്രിഡ് താരങ്ങളായ വിനിഷ്യസും റോഡ്രിഗോയും ടീമിലെത്തിയില്ല. ഫിറ്റ്‌നസ് പ്രശ്‌നങ്ങളാണ് മൂവരുടെയും അഭാവത്തിന് കാരണമെന്നാണ് സൂചന.
‘നെയ്മറിനെ നമുക്ക് എല്ലാവര്‍ക്കും അറിയാം. മറ്റുള്ളവരെ പോലെ അവനും ടീമില്‍ ഇടം പിടിക്കാനും ലോകകപ്പില്‍ മികച്ച പ്രകടനം നടത്താനും ഫിറ്റ്‌നസ് വീണ്ടെടുക്കേണ്ടതുണ്ട്. ഈ രണ്ട് മത്സരങ്ങളും യോഗ്യതാ റൗണ്ടിലെ അവസാന മത്സരങ്ങളാണ്. അവ മികച്ച രീതിയില്‍ പൂര്‍ത്തിയാക്കേണ്ടതുണ്ട്,’ ആന്‍സലോട്ടി പറഞ്ഞു.
അതേസമയം, വെസ്റ്റ് ഹാം മിഡ്ഫീല്‍ഡറായ ലൂക്കാസ് പക്വെറ്റയും ജാവോ പെഡ്രോയും ടീമില്‍ തിരിച്ചെത്തിയിട്ടുണ്ട്. കൂടാതെ, സീനിയര്‍ താരമായ കാസെമിറോയും ടീമില്‍ ഇടം കണ്ടെത്തി. ഇവര്‍ക്കൊപ്പം യുവതാരം എസ്റ്റേവോയും ബ്രസീലിയന്‍ ടീമിലെത്തി.
അലിസണ്‍, ബെന്റോ, ഹ്യൂഗോ സൗസ
അലക്സ് റിബെയ്റോ, അലക്സ് സാന്‍ഡ്രോ, കയോ ഹെന്റിക്, ഡഗ്ലസ് സാന്റോസ്, ഫാബ്രിസിയോ ബ്രൂണോ, ഗബ്രിയേല്‍ മാര്‍ക്വിനോസ്, മാര്‍ക്വിനോസ്, വാന്‍ഡേഴ്സണ്‍, വെസ്ലി
ആന്‍ഡ്രി സാന്റോസ്, ബ്രൂണോ ഗ്വിമാരേസ്, കാസെമിറോ, ജോലിന്റണ്‍, ലൂക്കാസ് പാക്വെറ്റ.
എസ്റ്റേവോ, ഗബ്രിയേല്‍ മാര്‍ട്ടിനെല്ലി, ജാവോ പെഡ്രോ, കൈയോ ഹോര്‍ഗെ, ലൂയിസ് ഹെന്റിക്, മാത്യൂസ് കുന്‍ഹ, റാഫിന്‍ഹ, റിച്ചാര്‍ലിസണ്‍.
Content Highlight: Carlo Ancelotti announced Brazilian squad for Fifa qualifiers without Neymar and Vinicius Junior