| Sunday, 7th September 2025, 4:18 pm

ഓണ്‍ലൈനിലൂടെ വിശ്വാസം പ്രചരിപ്പിച്ച 'ദൈവത്തിന്റെ ഇന്‍ഫ്‌ളുവന്‍സര്‍' ഇനി വിശുദ്ധന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

വത്തിക്കാന്‍ സിറ്റി: ഓണ്‍ലൈനിലൂടെ കത്തോലിക്കന്‍ വിശ്വാസം പ്രചരിപ്പിച്ച കാര്‍ലോ അക്യൂട്ടിസിനെ വിശുദ്ധനായി പ്രഖ്യാപിച്ച് ലിയോ പതിനാലാമന്‍ മാര്‍പ്പാപ്പ. ദൈവത്തിന്റെ ഇന്‍ഫ്‌ളുവന്‍സര്‍ അഥവാ ഗോഡ്‌സ് ഇന്‍ഫ്‌ളുവന്‍സര്‍ എന്ന വിളിപ്പേരില്‍ അറിയപ്പെട്ടിരുന്ന അക്യൂട്ടിസ് ഇതോടെ മില്ലേനിയല്‍ കാലത്ത് ജനിച്ച ആദ്യ വിശുദ്ധനായും മാറി.

കാര്‍ലോ അക്യൂട്ടിസ്

ലണ്ടനിലെ ഒരു സമ്പന്ന കുടുംബത്തിലായിരുന്നു അക്യൂട്ടിസിന്റെ ജനനം. അദ്ദേഹത്തിന്റെ പിതാവ് ഒരു ഇറ്റാലിയന്‍ ഇന്‍ഷുറന്‍സ് സ്ഥാപനത്തിന്റെ ചെയര്‍മാനായതിനാല്‍ അക്യൂട്ടിസ് വളര്‍ന്നത് ഇറ്റലിയിലെ മിലാനിലായിരുന്നു.

സ്വയം കംപ്യൂട്ടര്‍ കോഡിങ് പഠിച്ച് 11ാം വയസില്‍ അസീസിയിലെ സ്വന്തം ഇടവകയ്ക്കായി വെബ്‌സൈറ്റ് തുടങ്ങിയാണ് അക്യൂട്ടിസ് കത്തോലിക്കാ വിശ്വാസ പ്രചാരണത്തിന്റെ ഭാഗമായി മാറിയത്.

സൈബര്‍ അപ്പോസ്തലന്‍ എന്നായിരുന്നു അക്യൂട്ടിസിനെ വിശേഷിപ്പിച്ചിരുന്നത്. 2006ല്‍ തന്റെ 15ാം വയസില്‍ രക്താര്‍ബുദം ബാധിച്ചാണ് അക്യൂട്ടിസ് അന്തരിക്കുന്നത്. ജീന്‍സും ടി ഷര്‍ട്ടും ഷൂസും ധരിച്ച അക്യുട്ടിസിന്റെ ഭൗതികദേഹം അസീസിയില്‍ ചില്ലു ശവകുടീരത്തില്‍ സൂക്ഷിച്ചിട്ടുണ്ട്.

അക്യുട്ടിസിന്റെ ഭൗതികദേഹം

2020 ഒക്ടോബര്‍ പത്തിനാണ് അക്യൂട്ടിസ് വാഴ്ത്തപ്പെട്ടവനായി ഉയരുന്നത്. ഈ വര്‍ഷം മെയ് മാസത്തില്‍ ചേര്‍ന്ന സമിതിയിലാണ് അക്യൂട്ടിസിനെ വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്താന്‍ തീരുമാനിച്ചത്.

തന്റെ മകന്റെ ജീവിതവും വിശ്വാസവും ഒരു തലമുറയിലെ യുവാക്കള്‍ക്ക്, പ്രത്യേകിച്ച് ഡിജിറ്റല്‍ ലോകത്തിന്റെ സങ്കീര്‍ണതകളിലൂടെ സഞ്ചരിക്കുന്നവര്‍ക്ക് സ്വീകാര്യമാകുമെന്നാണ് തന്റെ വിശ്വാസമെന്ന് അക്യുട്ടിസിന്റെ അമ്മ അന്റോണിയ സല്‍സാനോ പറഞ്ഞു. തന്റെ മകനിലൂടെയാണ് കാത്തോലിക് വിശ്വാസത്തിന്റെ ഭാഗമായതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

മതവിശ്വാസമുള്ള ഒരു കുടുംബത്തിലല്ല മകന്‍ വളര്‍ന്നത്. എന്നാല്‍ മകന്‍ ചെറുപ്പം മുതലേ അവന്റെ വിശ്വാസം വ്യക്തമാക്കിയിരുന്നു. തന്റെ പോക്കറ്റ് മണി ഉപയോഗിച്ച് മിലാനിലെ ഭവനരഹിതരെയും സഹപാഠികളെയും അവന്‍ സഹായിച്ചിരുന്നുനെന്നും സല്‍സാനോ പറഞ്ഞു.

അക്യൂട്ടിസിന് പുറമെ പിയര്‍ ജോര്‍ജിയോ ഫ്രസാറ്റിയെയും മാര്‍പ്പാപ്പ വിശുദ്ധനായി പ്രഖ്യാപിച്ചിട്ടുണ്ട്. 1925ല്‍ അന്തരിച്ച പര്‍വതാരോഹകന്‍ കൂടിയായ ഫ്രസാറ്റിയെ, പര്‍വതാരോഹകരുടെ വിശുദ്ധനായാണ് മാര്‍പ്പാപ്പ പ്രഖ്യാപിച്ചത്.

പിയര്‍ ജോര്‍ജിയോ ഫ്രസാറ്റി

Content Highlight:  Carlo Acutis, nicknamed ‘God’s influencer’ becomes saint

We use cookies to give you the best possible experience. Learn more