| Saturday, 1st August 2026, 10:20 am

എന്റെ അഭിപ്രായത്തില്‍ ഫുട്‌ബോളിലെ മികച്ച താരം അവനാണ്: പുയോള്‍

സുദേവ് എ

ഫുട്ബോളില്‍ രണ്ട് പതിറ്റാണ്ടുകളായി മിന്നും പ്രകടനങ്ങളിലൂടെ ആധിപത്യം പുലര്‍ത്തുന്ന ഇതിഹാസതാരങ്ങളാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ലയണല്‍ മെസിയും. ഇരുതാരങ്ങളില്‍ ഏറ്റവും മികച്ചത് ആരാണെന്നുള്ള സംവാദങ്ങളും ചര്‍ച്ചകളും എപ്പോഴും സജീവമായി നിലനില്‍ക്കുന്ന ഒന്നാണ്.

റൊണാള്‍ഡോ മെസി എന്നിവരില്‍ ആരാണ് മികച്ചത് എന്നതിനെക്കുറിച്ച് സ്പാനിഷ് ഇതിഹാസം കാർലെസ് പുയോള്‍ തന്റെ അഭിപ്രായം പറഞ്ഞിരുന്നു. റൊണാള്‍ഡോയെ മറികടന്നുകൊണ്ട് മെസിയെയാണ് പുയോള്‍ മികച്ച താരമായി തെരഞ്ഞെടുത്തത്. ട്രിബ്യുണ സ്പോര്‍ട്സിലൂടെയാണ് പുയോള്‍ ഗോട്ട് ഡിബേറ്റില്‍ അഭിപ്രായം പങ്കുവെച്ചത്.

‘ഫുട്‌ബോള്‍ ചരിത്രത്തിലെ ഏറ്റവും മികച്ച താരങ്ങളില്‍ ഒരാളാണ് റൊണാള്‍ഡോ. പക്ഷേ എന്റെ അഭിപ്രായത്തില്‍ മെസിയാണ് മികച്ചത്. അവര്‍ രണ്ട് പേരും തമ്മിലുള്ള മത്സരം വളരെ തീവ്രതയുള്ളതാണ്. അവര്‍ വിശ്രമമില്ലാതെയാണ് ഫുട്‌ബോള്‍ കളിക്കുന്നത്. ഇത് ഇരുവരെയും മെച്ചപ്പെടുത്താന്‍ സഹായിച്ചതായി ഞാന്‍ കരുതുന്നു.

എന്നെ സംബന്ധിച്ചിടത്തോളം മെസി തന്നെയാണ് മികച്ച താരം. ഞാന്‍ മെസിക്കൊപ്പം കളിച്ചിട്ടുണ്ട്. അവന്റെ കൂടെ ഞാന്‍ വളരെയധികം സന്തോഷവാനായിരുന്നു. അവന്‍ വര്‍ഷങ്ങളായി സ്ഥിരതയോടെയാണ് കളിക്കുന്നത്. ഓരോ സീസണിലും അവന്‍ മികച്ച പ്രകടനങ്ങള്‍ നടത്താന്‍ ശ്രമിക്കുന്നു,’ പുയോള്‍ പറഞ്ഞു.

സ്പാനിഷ് ക്ലബ്ബ് ബാഴ്‌സലോണയില്‍ ഒരു അവിസ്മരണീയമായ ഫുട്ബോള്‍ കരിയര്‍ സൃഷ്ടിച്ചെടുത്ത മെസി പിന്നീട് ഫ്രഞ്ച് വമ്പന്‍മാരായ പാരീസ് സെയ്ന്റ് ജെര്‍മെയ്‌ന് വേണ്ടിയും താരം പന്തുതട്ടി. നിലവില്‍ മെസി മേജര്‍ ലീഗ് സോക്കര്‍ ക്ലബ്ബായ ഇന്റര്‍ മയാമിക്ക് വേണ്ടിയാണ് കളിക്കുന്നത്.

അതേസമയം 2026 ഫിഫ ലോകകപ്പില്‍ തുടര്‍ച്ചയായ രണ്ടാം ലോകകപ്പ് നേടുകയെന്ന മെസിയുടെയും അര്‍ജന്റീനയും സ്വപ്നം ഫൈനലില്‍ അവസാനിച്ചിരുന്നു. കലാശപോരാട്ടത്തില്‍ സ്പെയ്നിനോട് പരാജയപ്പെട്ടതാണ് അര്‍ജന്റീനക്ക് കിരീടം നഷ്ടമായത്.

ഈ ലോകകപ്പില്‍ മിന്നും പ്രകടനം നടത്തി ആരാധകരുടെ ഹൃദയം കീഴടക്കിയാണ് മെസി മടങ്ങിയത്. എട്ട് ഗോളുകളും നാല് അസിസ്റ്റുകളും നേടിയാണ് മെസി ഈ ലോകകപ്പ് അവസാനിപ്പിച്ചത്. ലോകകപ്പ് ചരിത്രത്തില്‍ 21 ഗോളുകളാണ് മെസി നേടിയത്.

അര്‍ജന്റീന സമീപകാലങ്ങളില്‍ ഒരുപിടി കിരീടങ്ങള്‍ സ്വന്തമാക്കിയിരുന്നു. രണ്ട് കോപ്പ അമേരിക്ക, ലോകകപ്പ്, ഫൈനല്‍സീമ എന്നീ കിരീടങ്ങളാണ് സമീപകാലങ്ങളില്‍ അര്‍ജന്റീന മെസിയുടെ നേതൃത്വത്തില്‍ നേടിയത്.

Content Highlight: Carles Puyol talks about Lionel Messi and Cristiano Ronaldo

സുദേവ് എ

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.

We use cookies to give you the best possible experience. Learn more