| Tuesday, 20th January 2026, 3:33 pm

ലോകകപ്പ് ഫൈനലിന് തൊട്ടുമുമ്പ് ടീമിന് ഭാരമായതിനാല്‍ സ്വയം പടിയിറങ്ങിയ ക്യാപ്റ്റനുണ്ട്; പ്രിയ ക്യാപ്റ്റന്‍, തിരിച്ചുവരൂ...

ആദര്‍ശ് എം.കെ.

ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിന്റെ മോശം ഫോമാണ് 2026 ടി-20 ലോകകപ്പിനൊരുങ്ങുന്ന ഇന്ത്യയ്ക്ക് തലവേദനയാകുന്നത്. ഒരു കാലത്ത് ടി-20 ഫോര്‍മാറ്റിനെ തന്നെ ഡിഫൈന്‍ ചെയ്ത താരം ഇപ്പോള്‍ റണ്ണെടുക്കാന്‍ പാടുപെടുന്ന കാഴ്ചയ്ക്കാണ് ആരാധകര്‍ സാക്ഷ്യം വഹിക്കുന്നത്.

ഒടുവില്‍ ബാറ്റെടുത്ത 22 ഇന്നിങ്‌സില്‍ ഒന്നില്‍ പോലും അര്‍ധ സെഞ്ച്വറി നേടാന്‍ താരത്തിന് സാധിച്ചിട്ടില്ല. 2024 ഒക്ടോബര്‍ 12നാണ് സൂര്യ അവസാനമായി അര്‍ധ സെഞ്ച്വറി നേടിയത്.

സൂര്യകുമാര്‍ യാദവ്. Photo: BCCI/x.com

21, 4, 1, 0, 12, 14, 0, 2, 7*, 47*, 0, 5, 12, 1, 39*, 1, 24, 20, 12, 5, 12, 5 എന്നിങ്ങനെയാണ് ഒടുവിലെ 22 മത്സരങ്ങളില്‍ സൂര്യകുമാറിന്റെ പ്രകടനം.

എത്ര മോശം ഫോമില്‍ തുടരുകയാണെങ്കിലും ക്യാപ്റ്റന്‍ എന്ന നിലയില്‍ സ്‌ക്വാഡിലും പ്ലെയിങ് ഇലവനിലും ഇടം പിടിക്കാന്‍ സൂര്യയ്ക്ക് സാധിക്കും. എന്നാല്‍ താന്‍ അണിയുന്ന ജേഴ്‌സിയോട് നീതി പുലര്‍ത്താന്‍ സാധിക്കുന്നുണ്ടോ എന്ന ചോദ്യം സൂര്യ സ്വയം ചോദിക്കണം.

ലോകകപ്പിലെ മോശം ഫോം കാരണം സ്വയം പടിയിറങ്ങിയ ക്യാപ്റ്റനും ക്രിക്കറ്റ് ചരിത്രത്തിലുണ്ട്. 2014 ലോകകപ്പില്‍ ദിനേഷ് ചണ്ഡിമലിന്റെ ക്യാപ്റ്റന്‍സിയിലാണ് ശ്രീലങ്ക കളത്തിലിറങ്ങിയത്. എന്നാല്‍ ക്യാപ്റ്റന്‍ എന്ന നിലയിലോ ബാറ്റര്‍ എന്ന നിലയിലോ തിളങ്ങാന്‍ താരത്തിന് സാധിച്ചില്ല.

ദിനേഷ് ചണ്ഡിമല്‍

ഗ്രൂപ്പ് ഘട്ടത്തില്‍ ന്യൂസിലാന്‍ഡിനെതിരെ മോശം ഓവര്‍ നിരക്കിന്റെ പേരില്‍ സസ്‌പെന്‍ഷനും താരത്തിന് നേരിടേണ്ടി വന്നു.

തന്റെ മോശം ഫോം ടീമിന് തന്നെ ബാധ്യതയാകുന്നുവെന്ന ബോധ്യത്തില്‍ ചണ്ഡിമല്‍ ലോകകപ്പിനിടെ തന്നെ ക്യാപ്റ്റന്‍സിയില്‍ നിന്നും പടിയിറങ്ങി. ചണ്ഡിമലില്‍ നിന്നും ബാറ്റണ്‍ സ്വീകരിച്ചത് ലസിത് മലിംഗയായിരുന്നു.

പുതിയ ക്യാപ്റ്റന് കീഴില്‍ ലങ്ക ഫൈനലിലേക്കും കലാശപ്പോരാട്ടത്തില്‍ ഇന്ത്യയെ പരാജയപ്പെടുത്തി കിരീടവും നേടുന്നതിലേക്കാണ് ആ തീരുമാനം കൊണ്ടുചെന്നെത്തിച്ചത്.

2014 കരീടവുമായി ശ്രീലങ്ക

നിലവില്‍ മോശം ഫോമില്‍ തുടരുന്ന ക്യാപ്റ്റന്‍ സൂര്യകുമാറിന് ഫോമിലേക്ക് മടങ്ങിയെത്താനുള്ള അവസരമാണ് 21ന് ആരംഭിക്കുന്ന ടി-20 പരമ്പര. അഞ്ച് മത്സരങ്ങളുടെ പരമ്പരയാണ് ന്യൂസിലാന്‍ഡ് ഇന്ത്യയിലെത്തി കളിക്കുക.

സൂര്യകുമാര്‍ യാദവ്. Photo: BCCI/x.com

നേരത്തെ നടന്ന ഏകദിന പരമ്പര നഷ്ടപ്പെടുത്തിയതിനാല്‍ ടി-20 പരമ്പര വിജയിക്കുക എന്നത് ഇന്ത്യയെ സംബന്ധിച്ചും, ഈ പരമ്പരയില്‍ മികച്ച പ്രകടനം നടത്തി തിരിച്ചുവരിക എന്നത് ക്യാപ്റ്റന്‍ സൂര്യകുമാറിനെ സംബന്ധിച്ചും അനിവാര്യമാണ്.

Content highlight: Captain Suryakumar Yadav’s poor form is a headache for India

ആദര്‍ശ് എം.കെ.

ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more