ഫെബ്രുവരി ഏഴിന് ആരംഭിക്കുന്ന ടി-20 ലോകകപ്പിനായുള്ള കാത്തിരിപ്പിലാണ് ക്രിക്കറ്റ് പ്രേമികള്‍. ഇത്തവണ സൂപ്പര്‍ താരം സഞ്ജു സാംസണും സ്‌ക്വാഡിലുള്ളതാണ് മലയാളികള്‍ ഏറെ ആഘോഷിക്കുന്നത്. 2024ലെ ലോകകപ്പ് സ്‌ക്വാഡില്‍ സഞ്ജു ഇടം നേടിയെങ്കിലും ഒറ്റ മത്സരത്തില്‍ പോലും താരത്തിന് കളിക്കാന്‍ അവസരം ലഭിച്ചിരുന്നില്ല. എന്നാല്‍ ഇത്തവണ ഫസ്റ്റ് ചോയിസ് വിക്കറ്റ് കീപ്പര്‍ ബാറ്ററും ഓപ്പണറുമായാണ് സഞ്ജു കളത്തിലിറങ്ങുക. ഇത് തന്നെയാണ് ആരാധകരെ ആവേശത്തിലാക്കുന്നതും.
ഒരുപക്ഷേ ഇത്തവണയും കൈവിട്ടുപോകുമായിരുന്ന സ്ഥാനം സഞ്ജു തിരിച്ച് പിടിച്ചതിന്റെ കഥയും ആരാധകര്‍ ഓര്‍ത്തുവെക്കുന്നുണ്ട്. ലോകകപ്പില്‍ ഏറ്റവും അര്‍ഹനായ സഞ്ജുവിനെ അവഗണിച്ചുകൊണ്ട് വൈസ് ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലിനെ തിരുകിക്കയറ്റാന്‍ ശ്രമിച്ച ബി.സി.സി.ഐക്ക് തങ്ങളുടെ തീരുമാനം തിരുത്തേണ്ടി വന്നിരുന്നു.
ഓപ്പണിങ് റോളില്‍ തിളങ്ങിയിട്ടും സഞ്ജുവിന് പകരം ഗില്ലിന് അവസരം നല്‍കിയതും ഒടുക്കം മോശം പ്രകടനം കാരണം ബി.സി.സി.ഐക്ക് തന്നെ ഗില്ലിനെ പുറത്താക്കേണ്ടിവന്നതും നമ്മള്‍ കണ്ടതാണ്. 2024 ലോകകപ്പിന് ശേഷമുള്ള സഞ്ജുവിന്റെ സ്‌കോറിങ് കണക്കുകളായിരുന്നു ചീഫ് സെലക്ടര്‍ അജിത് അഗാര്‍ക്കറിനും മുഖ്യ പരിശീലകന്‍ ഗൗതം ഗഭീറിനും ഇത്തരത്തിലൊരു തീരുമാനത്തിലെക്കേണ്ടി വന്നതിന്റെ കാരണം.
2024 ലോകകപ്പിന് ശേഷം ഇന്ത്യയ്ക്ക് വേണ്ടി ടി-20യില്‍ ഏറ്റവും മികച്ച സ്‌കോര്‍ നേടുന്ന താരങ്ങളുടെ പട്ടിക പരിശേധിക്കുമ്പോള്‍ ഇത് വ്യക്തമാണ്. ഇന്ത്യയ്ക്ക് വേണ്ടി ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയവരില്‍ മൂന്നാം സ്ഥാനത്താണ് നിലവില്‍ സഞ്ജു.
വെറും 23 ഇന്നിങ്‌സില്‍ നിന്ന് 658 റണ്‍സാണ് താരം അടിച്ചെടുത്തത്. ലിസ്റ്റില്‍ ഒന്നാമന്‍ അഭിഷേക് ശര്‍മയും രണ്ടാമന്‍ തിലക് വര്‍മയുമാണ്. ഇന്ത്യന്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിനെ പോലും പിന്നിലാക്കിയാണ് സഞ്ജുവിന്റെ കുതിപ്പ്.
ലൈനപ്പില്‍ വണ്‍ ഡൗണ്‍ ഇറങ്ങുന്ന സൂര്യ അടുത്ത കാലത്തായി മോശം പ്രകടനമാണ് കാഴ്ചവെച്ചത്. കൂടാതെ 2024 ലോകകപ്പിന് ശേഷം സഞ്ജുവിനെക്കാള്‍ 13 ഇന്നിങ്സ് അധികം കളിച്ചിട്ടും സൂര്യയ്ക്ക് സഞ്ജുവിനെ റണ്‍ വേട്ടയില്‍ മറികടക്കായിട്ടില്ല.
മാത്രമല്ല ‘വൈസ് ക്യാപ്റ്റനെ പുറത്താക്കിയത് പോലെ ക്യാപ്റ്റനേയും പുറത്താക്കേണ്ടി വരുമോ’ എന്ന് ചോദിക്കേണ്ട അവസ്ഥയിലാണ് നിലവില്‍ സൂര്യ എന്നും എടുത്ത് പറയേണ്ടതാണ്. ഇന്ത്യയ്ക്ക് വേണ്ടി ക്യാപ്റ്റന്‍ എന്ന നിലയില്‍ മത്സരങ്ങള്‍ വിജയിപ്പിച്ചെങ്കിലും കഴിഞ്ഞ 22 ടി-20 മത്സരങ്ങളില്‍ നിന്ന് ഒരു അര്‍ധ സെഞ്ച്വറി പോലും താരത്തിന് നേടാന്‍ സാധിച്ചിരുന്നില്ല. ഇതെല്ലാം പറയുമ്പോള്‍ കിട്ടിയ അവസരങ്ങള്‍ മുതലാക്കി സഞ്ജു മുന്നേറുകയാണ്.
അഭിഷേക് ശര്‍മ – 1115 (32)
തിലക് വര്‍മ – 873 (23)
സഞ്ജു സാംസണ്‍ – 658 (23)
ഹര്‍ദിക് പാണ്ഡ്യ – 654 (26)
സൂര്യകുമാര്‍ യാദവ് – 647 (36)
നിലവില്‍ ടി-20യില്‍ 44 ഇന്നിങ്‌സില്‍ നിന്ന് 1032 റണ്‍സാണ് സഞ്ജു സ്വന്തമാക്കിയത്. 111 റണ്‍സിന്റെ ഉയര്‍ന്ന സ്‌കോറും 25.8 എന്ന ആവറേജും 148.1 എന്ന സ്‌ട്രൈക്ക് റേറ്റുമാണ് ഫോര്‍മാറ്റില്‍ സഞ്ജുവിനുള്ളത്. മൂന്ന് സെഞ്ച്വറികളും മൂന്ന് അര്‍ധ സെഞ്ച്വറികളും ഉള്‍പ്പെടെയാണ് കുട്ടി ക്രിക്കറ്റില്‍ സഞ്ജു ആറാടുന്നത്. ഇതുവരെ 82 ഫോറും 58 സിക്‌സുമാണ് താരത്തിന്റെ ബാറ്റില്‍ നിന്ന് പിറന്നത്.
അതേസമയം ന്യൂസിലാന്‍ഡിനെതിരെ ജനുവരി 21ന് ആരംഭിക്കുന്ന അഞ്ച് മത്സരങ്ങളടങ്ങുന്ന ടി-20 പരമ്പരയാണ് ഇനി ഇന്ത്യയ്ക്ക് മുന്നിലുള്ളത്. ടി-20 ലോകകപ്പിനുള്ള അതേ സ്‌ക്വാഡാണ് പരമ്പരയ്ക്ക് പ്രഖ്യാപിച്ചതെങ്കിലും തിലക് വര്‍മ വാഷിങ്ടണ്‍ സുന്ദര്‍ എന്നീ താരങ്ങള്‍ക്ക് പരിക്ക് പറ്റി മാറി നില്‍ക്കേണ്ടി വന്നിട്ടുണ്ട്.
പകരം ശ്രേയസ് അയ്യരും രവി ബിഷ്‌ണോയിയുമാണ് ടീമിലെത്തിയത്. എന്നിരുന്നാലും മത്സരത്തില്‍ സഞ്ജു കളത്തിലിറങ്ങുന്നത് ആരാധകരെ ഏറെ ആവേശത്തിലാക്കുന്നതാണ്. മാത്രമല്ല ജനുവരി 31ന് പരമ്പരയിലെ അവസാന മത്സരം സഞ്ജുവിന്റെ സ്വന്തം നാടായ തിരുവന്തപുരത്താണ് നടക്കുന്നത് എന്നതും ആരാധകരെ ത്രിസിപ്പിക്കുന്നതാണ്.
കിവീസിനെതിരായ പരമ്പരയില്‍ വെടിക്കെട്ട് പ്രകടനം നടത്തി ലോകകപ്പിലേക്കുള്ള മൂര്‍ച്ച കൂട്ടാന്‍ സഞ്ജുവിന് സാധിക്കുമെന്ന് വിശ്വസിക്കാം…
കൂടാതെ ലോകകപ്പ് നേടിയ ഇന്ത്യന്‍ ടീമില്‍ മലയാളി സാന്നിധ്യം സഞ്ജു അരക്കിട്ട് ഉറപ്പിക്കുമോ എന്ന പ്രതീക്ഷയും ചെറുതൊന്നുമല്ല. 1983 ലോകകപ്പില്‍ സുനില്‍ വത്സന്റെ സാന്നിധ്യവും 2007ലെ ടി-20 ലോകകപ്പില്‍ ശ്രീശാന്തിന്റെ മിന്നും പ്രകടനവും 2024ല്‍ സഞ്ജുവിന്റെ സാന്നിധ്യവും മലയാളികളുടെ ഓര്‍മയില്‍ ഉണ്ടെങ്കിലും കളത്തിലറങ്ങാന്‍ ഭാഗ്യം ലഭിച്ചത് ശ്രീശാന്തിന് മാത്രമായിരുന്നു. എന്നാല്‍ സ്‌ക്വാഡിലെത്തുന്ന രണ്ടാം ഊഴത്തില്‍ സഞ്ജു തകര്‍പ്പന്‍ പ്രകടനം കാഴ്ചവെക്കുമെന്നാണ് പ്രതീക്ഷ.
Content Highlight: Captain Suryakumar Yadav and vice-captain Shubman Gill are behind Sanju