| Tuesday, 14th October 2025, 1:13 pm

കേപ് വെര്‍ഡെ ലോകകപ്പ് കളിക്കാന്‍ വരുമ്പോള്‍...

എം.എം.ജാഫർ ഖാൻ

കേപ് വെര്‍ഡെ, വന്‍കരകളില്‍ നിന്നെത്രയോ ദൂരെ,
മധ്യ അറ്റ്‌ലാന്റിക് സമുദ്രത്തിന്റെ അഗാധവിശാലതയില്‍ ഉപേക്ഷിക്കപ്പെട്ടതുപോലെ കിടക്കുന്ന ദ്വീപ് സമൂഹം.

അമേരിക്കന്‍ ഭൂഖണ്ഡങ്ങള്‍ക്കും ആഫ്രിക്കക്കുമിടയില്‍ കടലിന്റെ കണ്ണെത്താത്ത നീലപ്പില്‍ കൊടുങ്കാറ്റുകള്‍ക്കും സമുദ്രകോപങ്ങള്‍ക്കുമിടയില്‍ പെട്ടുകിടക്കുന്ന ഏതാനും
പായക്കപ്പലുകളാണെന്നേ കേപ് വെര്‍ഡെയിലേക്ക് നോക്കിയാല്‍ ഒരാകാശസഞ്ചാരിക്ക് തോന്നൂ.

ആറ് ലക്ഷം മാത്രം ജനസംഖ്യയുള്ള ഈ ദ്വീപ് രാജ്യം പതിനഞ്ചാം നൂറ്റാണ്ടിന്റെ പകുതി വരേയും ലോകത്തിന് അജ്ഞാതമായിരുന്നു. കീഴടക്കാന്‍ പുതിയ ഭൂമികകള്‍ തേടിയലഞ്ഞിരുന്ന
സമുദ്രയാത്രികരായ പറങ്കികളാണ് കേപ് വെര്‍ഡെയെ കണ്ടെത്തുന്നത്. സാഹസികരായ സഞ്ചാരികളും കടല്‍ കൊള്ളക്കാരും കപ്പല്‍ച്ചേതത്തില്‍ പെട്ട് വഴിതെറ്റി വന്നണയുന്ന നാവികരും പിന്നീട് ഈ പച്ചത്തുരുത്ത് താവളമാക്കി.

16,17 നൂറ്റാണ്ടില്‍ അറ്റ്‌ലാന്റിക്കിലൂടെ നടന്നിരുന്ന അടിമക്കച്ചവടത്തില്‍ കേപ് വെര്‍ഡെ പ്രധാനപ്പെട്ട ഇടത്താവളമായി. 1975ല്‍ മാത്രം പോര്‍ച്ചുഗലില്‍ നിന്ന് സ്വാതന്ത്ര്യം നേടിയ ഈ പച്ചത്തുരുത്തിനെ കുറിച്ച് ഇന്നലെ വരേക്കും ആഫ്രിക്കന്‍ ഭൂഖണ്ഡത്തിനപ്പുറത്തേക്ക് അധികമാരും കേട്ടിരുന്നില്ല.

എന്നാല്‍ ഇന്ന് ഈ കുഞ്ഞന്‍ രാജ്യത്തെ കുറിച്ച് ലോകം മുഴുവന്‍ സംസാരിക്കുന്നു. 2026 ലോകകപ്പ് ഫുട്‌ബോളിന് യോഗ്യത നേടിയതാണ് കേപ് വെര്‍ഡെയെ ആഗോള ശ്രദ്ധയില്‍ കൊണ്ട് വന്നത്. ആഫ്രിക്കന്‍ മേഖലയില്‍ നിന്ന് യോഗ്യത റൗണ്ട് കളിച്ച നീല സ്രാവുകള്‍ എന്ന വിളിപ്പേരുള്ള കേപ് വെര്‍ഡെ വന്‍മത്സ്യങ്ങളായ കാമറൂണും ലിബിയയും അങ്കോളയും ഉള്‍പ്പെട്ട ഗ്രൂപ്പ് ഡിയില്‍ നിന്ന് ഒന്നാം സ്ഥാനക്കാരായാണ് 2026 ലോകകപ്പിലേക്ക് നീന്തിക്കയറിയത്.

10 കളിയില്‍ ഒരു തോല്‍വി മാത്രം. ടീം സ്‌കോര്‍ ചെയ്ത 16 ഗോളുകള്‍ക്ക് ഉടമകളായത് 10 വ്യത്യസ്ത കളിക്കാര്‍. ഡൈലന്‍ ലിവ്രമെന്റോ നാല് ഗോളടിച്ചു. ഒരൊറ്റ സൂപ്പര്‍ താരത്തെ പോലും അവരുടെ ലൈനപ്പില്‍ മഷിയിട്ട് നോക്കിയാലും കാണില്ല. യൂറോപ്പിലെ പ്രധാന അഞ്ച് ലീഗുകളില്‍ കളിക്കുന്ന ഒരേയൊരുത്തന്‍ മാത്രമാണ് ടീമിലുള്ളത്. വിയ്യാറയല്‍ ഡിഫണ്ടര്‍ ലോഗന്‍ കോസ്റ്റ.

കായിക രംഗത്ത് പറയത്തക്ക നേട്ടങ്ങള്‍ ഒന്നും തന്നെ ഈ ദ്വീപ് രാജ്യത്തിന്റെ പേരിലില്ല. ഉള്ളവ തന്നെ കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ നേടിയത്. 2023ല്‍ ബാസ്‌ക്കറ്റ്‌ബോള്‍ ലോകകപ്പ് കളിച്ചു. 2024 ഒളിമ്പിക്‌സ് ബോക്‌സിങ്ങിലെ ഒരു വെങ്കലവും. തീര്‍ന്നു, അത്രയേയുള്ളൂ നേട്ടങ്ങള്‍. ഫുട്‌ബോളില്‍ ആഫ്രിക്കന്‍ നാഷന്‍സ് കപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനല്‍ കളിച്ചതാണ് വലിയ പെരുമ. ഈ വര്‍ഷം ഡിസംബറില്‍ മൊറൊക്കോയില്‍ നടക്കുന്ന നാഷന്‍സ് കപ്പിന് കേപ് വെര്‍ഡെ യോഗ്യത പോലും നേടിയിട്ടില്ല എന്നോര്‍ക്കണം.

നമ്മുടെ കോഴിക്കോട് നഗരത്തില്‍ എത്ര ജനങ്ങളുണ്ടോ അത്രയും ജനങ്ങളാണ് കേപ് വെര്‍ഡെ എന്ന രാജ്യത്ത് മൊത്തമുള്ളത്. അവരാണ് അത്ഭുതം സൃഷ്ടിച്ച് ലോകകപ്പ് ഫുട്‌ബോള്‍ കളിക്കാന്‍ വരുന്നത്. മരച്ചീനിപ്പാടങ്ങളും കരിമ്പിന്‍ തോട്ടങ്ങളും നിറഞ്ഞ കുഞ്ഞ് ദ്വീപില്‍ നിന്ന് കടലിനക്കരെയുള്ള വിശാലമായ ഫുട്ബോള്‍ ലോകത്തേക്ക്, കീഴടക്കാന്‍ പുതിയ വന്‍കരകളും വിജയങ്ങളും തേടി കേപ് വെര്‍ഡെ വരുമ്പോള്‍ അത് വെളിവാക്കുന്നത് ഫുട്‌ബോളിന്റെ ശക്തിസൗന്ദര്യങ്ങളാണ്.

Content Highlight: Cape Verde qualifies for the World Cup for the first time

എം.എം.ജാഫർ ഖാൻ

We use cookies to give you the best possible experience. Learn more