| Monday, 22nd June 2026, 9:01 am

'വെർദെ വന്നതല്ല' ഉറുഗ്വേയെയും പൂട്ടി; 16 വർഷങ്ങൾക്ക് ശേഷം ചരിത്രമെഴുതി കുഞ്ഞൻ രാജ്യം

സുദേവ് എ

2026 ഫിഫ ലോകകപ്പിലെ രണ്ടാം മത്സരത്തിലും വമ്പന്മാരെ സമനിലയില്‍ തളച്ച് കേപ് വെര്‍ദെ. ഗ്രൂപ്പ് എച്ചില്‍ നടന്ന പോരാട്ടത്തില്‍ ഉറുഗ്വേയെയാണ് കേപ് വെര്‍ദെ സമനിലയില്‍ കുരുക്കിയത്. മയാമി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ രണ്ട് വീതം ഗോളുകള്‍ നേടി ഇരു ടീമുകളും പോയിന്റുകള്‍ പങ്കുവെക്കുകയായിരുന്നു.

ആദ്യ മത്സരത്തില്‍ നിലവിലെ യൂറോ ചാമ്പ്യന്മാരായ സ്‌പെയ്‌നിനെയും കേപ് വെര്‍ദെ ഗോള്‍രഹിത സമനിലയില്‍ പൂട്ടിയിരുന്നു. ഇപ്പോള്‍ ഇതേ പോരാട്ടവീര്യം തന്നെയാണ് ഉറുഗ്വേക്കെതിരെയും ആഫ്രിക്കന്‍ ടീം നടത്തിയിരിക്കുന്നത്.

ലോകകപ്പിന്റെ ചരിത്രത്തില്‍ ഒരു എഡിഷനില്‍ ആദ്യ രണ്ട് മത്സരങ്ങള്‍ പിന്നിടുമ്പോള്‍ പരാജയപ്പെടാതെ നിലനില്‍ക്കുന്ന നാലാമത്തെ ആഫ്രിക്കന്‍ ടീം കൂടിയാണ് വെര്‍ദെ. 1982 ലോകകപ്പില്‍ കാമറൂണ്‍ ആദ്യ രണ്ട് മത്സരങ്ങളില്‍ സമനില പിടിച്ചപ്പോള്‍ 2002ല്‍ സെനഗല്‍ ആദ്യ രണ്ട് മത്സരങ്ങളില്‍ ജയവും സമനിലയും സ്വന്തമാക്കി.

ആദ്യ രണ്ട് മത്സരങ്ങളില്‍ വീഴാതെ പിടിച്ച് നിന്ന മൂന്നാമത്തെ ആഫ്രിക്കന്‍ ടീം ഘാനയാണ്. 2010ല്‍ വിജയവും സമനിലയുമാണ് ആദ്യ രണ്ട് പോരാട്ടത്തില്‍ ഘാന കൈപ്പിടിയിലാക്കിയത്. ഇപ്പോള്‍ 16 വര്‍ഷങ്ങള്‍ക്ക് ശേഷം ലോകകപ്പില്‍ മറ്റൊരു ആഫ്രിക്കന്‍ ടീമും ആദ്യ രണ്ട് മത്സരങ്ങളില്‍ കരുത്ത് തെളിയിച്ചിരിക്കുകയാണ്.

മത്സരത്തില്‍ കേപ് വെര്‍ദെയാണ് ആദ്യം ഗോള്‍ നേടിയത്. കെവിന്‍ പിനയാണ് കേപ് വെര്‍ദെയുടെ ചരിത്രത്തിലെ ആദ്യ ഗോള്‍ സ്വന്തമാക്കിയത്. മനോഹരമായ ഒരു ഫ്രീകിക്ക് ഗോളിലൂടെയാണ് താരം ആദ്യ ഗോള്‍ നേടി മയാമി സ്റ്റേഡിയത്തെ ആവേശത്തിലാക്കിയത്.

എന്നാല്‍ ആദ്യ പകുതി അവസാനിക്കുന്നതിന് മുമ്പായി മാക്‌സിമിലിയാനോ അരാജോ, അഗസ്റ്റിന്‍ കനോബിയോ എന്നിവരുടെ ഗോളിലൂടെ ഉറുഗ്വേ മുന്നിലെത്തി. രണ്ടാം പകുതിയില്‍ ഹീലിയോ വരേലയിലൂടെ ആഫ്രിക്കന്‍ ടീം സമനില പിടിക്കുകയായിരുന്നു. വിജയ ഗോളിനായി ഉറുഗ്വേ മികച്ച നീക്കങ്ങള്‍ നടത്തിയെങ്കിലും കേപ് വെര്‍ദെ പ്രതിരോധം ശക്തമായി നിലയുറപ്പിക്കുകയായിരുന്നു.

വെറും ആറ് ലക്ഷത്തില്‍ താഴെ മാത്രം ജനസംഖ്യയുള്ള ഒരു ആഫ്രിക്കന്‍ രാജ്യം തങ്ങളുടെ ആദ്യ ലോകകപ്പില്‍ തന്നെ വിജയത്തോളം പോന്ന രണ്ട് സമനിലകള്‍ നേടി അത്ഭുതങ്ങള്‍ സൃഷ്ടിച്ചുകൊണ്ട് മുന്നേറുകയാണ്. ജൂണ്‍ 27ന് സൗദി അറേബ്യാക്കെതിരെയാണ് ആഫ്രിക്കന്‍ ടീമിന്റെ അടുത്ത മത്സരം. ഈ മത്സരത്തില്‍ കേപ് വെര്‍ദെ വിജയം നേടി അടുത്ത റൗണ്ടിലേക്ക് കടക്കുമോയെന്നാണ് ഫുട്‌ബോള്‍ ലോകം ഉറ്റുനോക്കുന്നത്.

Content Highlight: Cape Verde holds Uruguay to a draw in 2026 FIFA World Cup

സുദേവ് എ

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.

We use cookies to give you the best possible experience. Learn more