| Monday, 28th September 2026, 9:10 pm

സമാധാനം നഷ്ടപ്പെട്ടു, പഴയ ജീവിതം തിരിച്ചുവേണം; ലോകകപ്പ് നല്‍കിയ പ്രശസ്തിയില്‍ മനംമടുത്ത് മെസിയെ വിറപ്പിച്ച വോസിന്‍ഹ

ആദർശ് എം.കെ.

2026 ലോകകപ്പിന് ശേഷമുണ്ടായ പേരും പ്രശസ്തിയും തന്റെ സമാധാനം നഷ്ടപ്പെടുത്തിയതായി കേപ് വെര്‍ദെയുടെ ഗോള്‍കീപ്പര്‍ വോസിന്‍ഹ.

പെട്ടെന്നുണ്ടായ പ്രശസ്തിയെക്കാള്‍ തനിക്ക് പ്രിയം ലോകകപ്പിന് മുമ്പുള്ള സാധാരണ ജീവിതമായിരുന്നുവെന്ന് യു.കെയിലെ ‘ദി ഒബ്‌സര്‍വര്‍’ പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം തുറന്നുപറഞ്ഞു

‘ടീമിലെ കാറ്ററിങ് ജീവനക്കാരിലൊരാള്‍ എന്റെ അടുത്ത് വന്ന് എനിക്ക് ഒരു ബില്യണ്‍ (100 കോടി) ഫോളോവേഴ്‌സ് ഉണ്ടെന്ന് പറഞ്ഞു. അദ്ദേഹം എന്താണ് പറയുന്നതെന്ന് എനിക്ക് മനസ്സിലായില്ല, തമാശ പറയുകയാണെന്നാണ് കരുതിയത്. എന്നാല്‍ അദ്ദേഹം അത് ആവര്‍ത്തിച്ചു പറഞ്ഞു.

പിന്നീട് ഇന്റര്‍വ്യൂ നല്‍കാന്‍ മിക്‌സഡ് സോണിലേക്ക് പോയപ്പോള്‍ CazeTV ജേണലിസ്റ്റ് എന്താണ് സംഭവിക്കുന്നതെന്ന് അറിയാമോ എന്ന് ചോദിച്ച് ഫോണ്‍ കാണിച്ചു തന്നു. അപ്പോഴാണ് എനിക്ക് ഒരു മില്യണിലധികം ഫോളോവേഴ്‌സ് ആയ കാര്യം ഞാന്‍ അറിയുന്നത്,’ താരം പറഞ്ഞു.

പെട്ടെന്നുണ്ടായ ഈ ജനപ്രീതി വലിയ വില നല്‍കേണ്ടി വന്നെന്നും തന്റെ സ്വകാര്യത നഷ്ടപ്പെട്ടുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘എന്റെ സമാധാനവും ശാന്തതയും എനിക്ക് നഷ്ടപ്പെട്ടു. എനിക്കിപ്പോള്‍ യാതൊരു വിധ സ്വകാര്യതയുമില്ല, അല്ലെങ്കില്‍ മുമ്പുണ്ടായിരുന്നതിനേക്കാള്‍ വളരെ കുറവാണ്. ഇപ്പോള്‍ ഞാന്‍ പുറത്തിറങ്ങുമ്പോള്‍, ഒരു റെസ്‌റ്റോറന്റില്‍ പോകുമ്പോള്‍, എപ്പോഴും ആരെങ്കിലും കൂടെ നിന്ന് ഫോട്ടോ എടുക്കാനോ ഓട്ടോഗ്രാഫിനായോ ചോദിക്കുന്നു.

അല്ലെങ്കില്‍ അതിലും മോശമായി, ആരോ എന്നെ ക്യാമറയില്‍ പകര്‍ത്തിക്കൊണ്ടിരിക്കുന്നു. എന്റെ ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ മാറിയത് ഇതാണ്, ഇതില്‍ എനിക്ക് ഒന്നും ചെയ്യാനാകുമെന്ന് ഞാന്‍ കരുതുന്നില്ല.

വളരെ അധികം ആളുകള്‍ പ്രശസ്തരാകാനും പബ്ലിക് പ്രൊഫൈല്‍ ഉണ്ടാകാനും ആഗ്രഹിക്കുന്നു, എന്നാല്‍ അവര്‍ ആ യാഥാര്‍ത്ഥ്യത്തിന്റെ നല്ല വശം മാത്രമേ കാണുന്നുള്ളൂ. സത്യം പറഞ്ഞാല്‍, ഇന്ന് എനിക്കുള്ള ഈ ജീവിതമാണോ അതോ മുന്‍പുണ്ടായിരുന്ന ജീവിതമാണോ വേണ്ടതെന്ന് ചോദിച്ചാല്‍, ഞാന്‍ എന്റെ പഴയ ജീവിതമേ തിരഞ്ഞെടുക്കൂ,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഈ അമിത ശ്രദ്ധ കേപ് വെര്‍ഡെയിലുള്ള വോസിഞ്ഞയുടെ കുടുംബത്തെയും ബാധിച്ചിട്ടുണ്ട്. ആരാധകര്‍ ദിവസവും അദ്ദേഹത്തിന്റെ അമ്മയുടെ വീട്ടിലെത്തുകയും ഫോട്ടോകള്‍ ചോദിക്കുകയും ചെയ്യുന്നു. ഒതുങ്ങി ജീവിക്കാന്‍ ഇഷ്ടപ്പെടുന്ന അദ്ദേഹത്തിന്റെ പിതാവ് ആളുകളില്‍ നിന്ന് അകന്നുനില്‍ക്കുകയാണ്.

അതേസമയം, തന്റെ പ്രശസ്തി കേപ് വെര്‍ഡെ എന്ന ചെറിയ ദ്വീപ് രാജ്യത്തിന് ആഗോളതലത്തില്‍ വലിയ ശ്രദ്ധ നല്‍കിയതില്‍ വോസിഞ്ഞ സന്തോഷം പ്രകടിപ്പിച്ചു.

‘ഒരു അംബാസഡറെപ്പോലെ തോന്നുന്നത് സന്തോഷമുള്ള കാര്യമാണ്, എന്നാല്‍ നമ്മള്‍ കൈവരിച്ച നേട്ടം ഒരു കൂട്ടായ്മയുടെ ഫലമാണെന്ന് ഞാന്‍ വ്യക്തമാക്കാന്‍ ആഗ്രഹിക്കുന്നു. നമ്മള്‍ ചരിത്രം സൃഷ്ടിച്ചു, ഈ തരംഗം ഉപയോഗിച്ച് നമ്മുടെ രാജ്യത്തെ വികസിപ്പിക്കാനും ജനങ്ങളുടെ ജീവിതസാഹചര്യങ്ങള്‍ മെച്ചപ്പെടുത്താനും കഴിഞ്ഞാല്‍ അതാണ് ഏറ്റവും നല്ല വാര്‍ത്ത,’ താരം കൂട്ടിച്ചേര്‍ത്തു.

പോര്‍ച്ചുഗലിലെ രണ്ടാം ഡിവിഷന്‍ ക്ലബ്ബായ ഷാവേസില്‍ (Chaves) കളിച്ചിരുന്ന വോസിന്‍ഹയെ ലോകകപ്പിന് മുമ്പ് ഫുട്‌ബോള്‍ ലോകത്തിന് പുറത്തുള്ളവര്‍ക്ക് വലിയ പരിചയമുണ്ടായിരുന്നില്ല. എന്നാല്‍, ഗ്രൂപ്പ് ഘട്ടത്തില്‍ ചാമ്പ്യന്മാരായ സ്‌പെയിനിനെ കേപ് വെര്‍ഡെ സമനിലയില്‍ (0-0) തളച്ച മത്സരത്തില്‍ 7 മികച്ച സേവുകള്‍ നടത്തി വോസിന്‍ഹ ശ്രദ്ധാകേന്ദ്രമായി.

തുടര്‍ന്ന് ഉറുഗ്വായെ സമനിലയില്‍ തളയ്ക്കാനും, നോക്കൗട്ട് ഘട്ടത്തില്‍ റണ്ണറപ്പുകളായ അര്‍ജന്റീനയെ എക്‌സ്ട്രാ ടൈം വരെ പൊരുതി നില്‍ക്കാനും കേപ് വെര്‍ദെയെ സഹായിച്ചത് വോസിന്‍ഹയുടെ മികവായിരുന്നു.

ലോകകപ്പിന് മുമ്പ് ഇന്‍സ്റ്റാഗ്രാമില്‍ 56,000 ഫോളോവേഴ്‌സ് മാത്രമുണ്ടായിരുന്ന വോസിന്‍ഹയ്ക്ക്, സ്‌പെയിനുമായുള്ള മത്സരം കഴിഞ്ഞ് മണിക്കൂറുകള്‍ക്കകം തന്നെ ഇത് ഒരു മില്യണായും ശേഷം 1.4 കോടിയായും വര്‍ധിച്ചു. നിലവില്‍ 2.8 കോടി ആളുകളാണ് വോസിന്‍ഹയെ ഇന്‍സ്റ്റഗ്രാമില്‍ പിന്തുടരുന്നത്.

Content Highlight: Cape Verde goalkeeper Vozinha says he lost his privacy due to the fame gained after the World Cup.

ആദർശ് എം.കെ.

ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more