| Saturday, 27th June 2026, 8:39 am

വെർദെ വരുന്നുണ്ടേ...ചരിത്രമെഴുതി കുഞ്ഞൻ രാജ്യം ഇനി അർജന്റീനക്കെതിരെ

സുദേവ് എ

2026 ഫിഫ ലോകകപ്പിലെ റൗണ്ട് ഓഫ് 32ലേക്ക് മുന്നേറി കേപ് വെര്‍ദെ. ഗ്രൂപ്പ് എച്ചില്‍ നടന്ന അവസാന മത്സരത്തില്‍ സൗദി അറേബ്യയെ സമനിലയില്‍ തളച്ചാണ് വെര്‍ദെ അടുത്ത റൗണ്ടിലേക്ക് കടന്നത്. ഗ്രൂപ്പിലെ മറ്റൊരു മത്സരത്തില്‍ സ്പെയ്ന്‍ ഉറുഗ്വേയെ വീഴ്ത്തിയതും വെര്‍ദെയുടെ അടുത്ത റൗണ്ടിലേക്കുള്ള പ്രവേശനത്തില്‍ നിര്‍ണായകമായി.

എതിരില്ലാത്ത ഒരു ഗോളിനായിരുന്നു സ്പെയിനിന്റെ വിജയം. ഇതോടെ ഗ്രൂപ്പ് എച്ചില്‍ ഉറുഗ്വേ മൂന്ന് മത്സരങ്ങളില്‍ നിന്നും രണ്ട് സമനിലയുമായി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.

സൗദി അറേബ്യക്കെതിരെ മികച്ച ആധിപത്യം പുലര്‍ത്തിയത് വെര്‍ദെയായിരുന്നു. 15 ഷോട്ടുകളാണ് എതിര്‍ ടീമിന്റെ പോസ്റ്റിലേക്ക് ആഫ്രിക്കന്‍ കുഞ്ഞന്‍ ടീം അടിച്ചുകൂട്ടിയത്. ഇതില്‍ മൂന്ന് ഷോട്ടുകളും ഓണ്‍ ടാര്‍ഗറ്റിലേക്ക് ആയിരുന്നു.

സൗദിയെ മാത്രമല്ല വമ്പന്മാരായ ഉറുഗ്വേയെയും സ്‌പെയ്‌നിനെയും വെര്‍ദെ സമനിലയിലാക്കിയിരുന്നു. മയാമി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ രണ്ട് വീതം ഗോളുകള്‍ നേടിയാണ് വെര്‍ദെ ഉറുഗ്വേയെ വിറപ്പിച്ചത്.

ആദ്യ മത്സരത്തില്‍ നിലവിലെ യൂറോ ചാമ്പ്യന്മാരായ സ്പെയ്നിനെയും കേപ് വെര്‍ദെ ഗോള്‍രഹിത സമനിലയില്‍ പൂട്ടി. ഇപ്പോള്‍ ഇതേ പോരാട്ടവീര്യം തന്നെയാണ് സൗദിക്കെതിരെയും ആഫ്രിക്കന്‍ ടീം നടത്തിയിരിക്കുന്നത്.

റൗണ്ട് ഓഫ് 32ല്‍ നിലവിലെ ചാമ്പ്യന്മാരായ അര്‍ജന്റീനയെയാണ് വെര്‍ദെ നേരിടുക. ജൂലൈ നാലിനാണ് മത്സരം നടക്കുന്നത്. മയാമി സ്റ്റേഡിയത്തില്‍ നടക്കുന്ന പോരാട്ടത്തില്‍ ലയണല്‍ മെസിക്കും സംഘത്തിനും വെര്‍ദെ വെല്ലുവിളി സൃഷ്ടിക്കുമോയെന്നാണ് ഫുട്‌ബോള്‍ ലോകം ഉറ്റുനോക്കുന്നത്.

വെറും ആറ് ലക്ഷത്തില്‍ താഴെ മാത്രം ജനസംഖ്യയുള്ള ഒരു ആഫ്രിക്കന്‍ രാജ്യം തങ്ങളുടെ ആദ്യ ലോകകപ്പില്‍ തന്നെ വിജയത്തോളം പോന്ന മൂന്ന് സമനിലകള്‍ നേടി അത്ഭുതങ്ങള്‍ സൃഷ്ടിച്ചുകൊണ്ട് മുന്നേറുമ്പോള്‍ ഇനിയും ഈ കുഞ്ഞന്‍ രാജ്യം ഇനിയും അത്ഭുതങ്ങള്‍ സൃഷ്ടിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Content Highlight: Cape Verde advances to the round of 32 of the 2026 FIFA World Cup

സുദേവ് എ

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.

We use cookies to give you the best possible experience. Learn more