| Friday, 27th January 2012, 11:56 am

വെബിനെ സെന്‍സര്‍ ചെയ്യാനാവില്ല: ഗൂഗിള്‍ ഇന്ത്യയോട്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: തങ്ങളുടെ വെബ്‌സൈറ്റിലെ എല്ലാ കാര്യങ്ങളും പരിശോധിക്കാന്‍ കമ്പനിക്കാവില്ലെന്ന് ഗൂഗിള്‍.  ഗൂഗിള്‍, ഫെയ്‌സ്ബുക്ക് പോലുള്ള സൈറ്റുകളിലെ അശ്ലീലസന്ദേശങ്ങളും, അപകീര്‍ത്തികരമായ പോസ്റ്റുകളും നീക്കം ചെയ്യണമെന്ന് കോടതി ഉത്തരവിട്ടിരുന്നു. ഇക്കാര്യത്തിലാണ് ഗൂഗിള്‍ ഇപ്പോള്‍ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.

” ഇക്കാര്യത്തില്‍ വിശദമായ ചര്‍ച്ച അനിവാര്യമാണെന്നാണ് എനിക്ക് തോന്നുന്നത്. ഒടുക്കം ന്യായമായ കാര്യങ്ങള്‍ മാത്രമേ സംഭവിക്കാവൂ.” ഗൂഗിള്‍ ചീഫ് ബിസിനസ് ഓഫീസര്‍ നികേഷ് അറോറ പറഞ്ഞു.

” നമുക്ക് വെബ്‌സൈറ്റുകളെ സെന്‍സര്‍ ചെയ്യാന്‍ കഴിയില്ല. ലോകത്തിന് മുമ്പില്‍ സ്വയം പ്രകടിപ്പിക്കാനുള്ള ജനങ്ങളുടെ കഴിവിനെ നമുക്ക് സെന്‍സര്‍ ചെയ്യാനാവില്ല. നിങ്ങള്‍ പറയുന്നതുപോലെ ഇന്ത്യയില്‍ മാത്രം വെബ് സെന്‍സര്‍ ചെയ്യാനല്ല. ലോകം മുഴുവനുമുള്ള വെബ്‌സൈറ്റുകളെയാണ് നിങ്ങള്‍ നിയന്ത്രിക്കാന്‍ പറയുന്നത്. സെന്‍സറിംഗും പ്രീ ക്ലിയറിംഗും ഇന്ത്യന്‍ സാമ്പത്തികാവസ്ഥയുടെ പുരോഗതിയെ ബാധിക്കും. അത് ലോകത്തെയും.” അദ്ദേഹം വ്യക്തമാക്കി.

അശ്ലീല ഉള്ളടക്കം നീക്കംചെയ്യണമെന്ന പരാതിയില്‍ ഗൂഗിളും ഫെയ്‌സ്ബുക്കുമുള്‍പ്പെടെ 21 കമ്പനികളുടെ എക്‌സിക്യുട്ടീവുകളോട് മാര്‍ച്ച് 13 ദല്‍ഹിയിലെ ഒരു കീഴ്‌കോടതിയില്‍ ഹാജരാവണമെന്ന കോടതി നിര്‍ദേശമുണ്ട്. ഹാജരാകണമെന്ന ഉത്തരവിനെതിരെ കമ്പനികള്‍ ഹൈക്കോടതിയില്‍ ഹരജി നല്‍കിയിട്ടുണ്ട്. ഫെബ്രുവരി 2നാണ് കോടതി ഇത് പരിഗണിക്കുന്നത്.

ഓണ്‍ലൈനില്‍ പോസ്റ്റ് ചെയ്യുന്നതിന് മുമ്പ് തങ്ങള്‍ക്ക് ഉള്ളടക്കം സെന്‍സര്‍ ചെയ്യാന്‍ കഴിയില്ലെന്ന് കഴിഞ്ഞ വാദത്തിനിടെ ഗൂഗിളും ഫെയ്‌സ്ബുക്കും കോടതിയെ അറിയിച്ചിരുന്നു.

ദല്‍ഹി സ്വദേശിയായ വിനയ് റായ് നല്‍കിയ പൊതുതാല്‍പര്യ ഹരജിയുടെ അടിസ്ഥാനത്തിലാണ് ഗൂഗിള്‍, യാഹു, ഓര്‍ക്കുട്ട്, തുടങ്ങിയ കമ്പനികള്‍ക്കെതിരെ നിയമനടപടിയാരംഭിച്ചത്. ഹിന്ദു, മുസ് ലീം, ക്രൈസ്തവ ദൈവങ്ങള്‍ മോശമായി ചിത്രീകരിക്കുന്നുവെന്നാരോപിച്ചാണ് വിനയ് റായ് പരാതി നല്‍കിയത്.

Malayalam News

Kerala News In English

We use cookies to give you the best possible experience. Learn more