| Tuesday, 3rd March 2026, 3:57 pm

ഇസ്രഈലില്‍ നിന്നും ഒഴിപ്പിക്കാനോ സുരക്ഷ നല്‍കാനോ സാധിക്കില്ല; സ്വന്തം സുരക്ഷ സ്വയം നോക്കാന്‍ പൗരന്മാരോട് യു.എസ്

അനിത സി

ടെല്‍ അവീവ്: പശ്ചിമേഷ്യയിലെ സംഘര്‍ഷം രൂക്ഷമാകുന്നതിനിടെ ഇസ്രഈലില്‍ നിന്നും കടക്കാന്‍ ശ്രമിക്കുന്ന യു.എസ് പൗരന്മാരെ കൈയ്യൊഴിഞ്ഞ് ഡൊണാള്‍ഡ് ട്രംപ് ഭരണകൂടം.

യു.എസ് പൗരന്മാരെ ഇസ്രഈലില്‍ നിന്നും ഒഴിപ്പിക്കാനായി എംബസിക്ക് സഹായങ്ങള്‍ നല്‍കാനാകില്ലെന്ന് പ്രസ്താവനയില്‍ പറഞ്ഞു

‘പൗരന്മാര്‍ ജാഗ്രത പാലിക്കണം. വ്യക്തിഗതമായ സുരക്ഷയെ കുറിച്ച് അവബോധമുണ്ടായിരിക്കണം. ഇസ്രഈലില്‍ നിന്നും പുറത്തുകടക്കുന്നതിനായി അമേരിക്കക്കാര്‍ക്ക് സഹായം നല്‍കാന്‍ ഇപ്പോള്‍ എംബസിക്ക് സാധിക്കില്ല’, പ്രസ്താവനയില്‍ പറഞ്ഞു.

സ്വന്തം സുരക്ഷ സ്വയം നോക്കണമെന്നും നിലവില്‍ സുരക്ഷ സങ്കീര്‍ണവും അതിവേഗത്തില്‍ മാറിമറിഞ്ഞുകൊണ്ടിരിക്കുകയാണെന്നും യു.എസ് എംബസി പറഞ്ഞു.

മോര്‍ട്ടാര്‍, റോക്കറ്റ്, മിസൈല്‍, വെടിവെപ്പ്, ഡ്രോണ്‍ ആക്രമണം തുടങ്ങിയവ മുന്നറിയിപ്പില്ലാതെ സംഭവിക്കുമ്പോള്‍ റെഡ് അലര്‍ട്ട് ശ്രദ്ധയില്‍പ്പെട്ടാല്‍ ഏറ്റവും അടുത്തുള്ള ഷെല്‍ട്ടറില്‍ അഭയം തേടണമെന്ന് യു.എസ് എംബസി ആഹ്വാനം ചെയ്തു.

ഇസ്രഈലിലെ എല്ലാ യു.എസ് പൗരന്മാരായ സര്‍ക്കാര്‍ ജീവനക്കാരും കുടുംബാംഗങ്ങളും ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ പുറത്തിറങ്ങരുതെന്നും ജെറുസലേം, വെസ്റ്റ് ബാങ്ക് തുടങ്ങിയ പ്രദേശങ്ങളിലേക്ത് യാത്ര ചെയ്യരുതെന്നും എംബസി മുന്നറിയിപ്പ് നല്‍കി.

മാര്‍ച്ച് രണ്ട് മുതല്‍ തബ ബോര്‍ഡറിലൂടെ ഇസ്രഈല്‍ ടൂറിസം മന്ത്രാലയം ഷട്ടില്‍ സര്‍വീസുകള്‍ നടത്തുന്നുണ്ട്. ഈ സര്‍വീസുകള്‍ ഉപയോഗപ്പെടുത്താനായി പട്ടികയില്‍ പേര് മുന്‍കൂട്ടി ചേര്‍ക്കണമെന്നും യു.എസ് എംബസിക്ക് ശുപാര്‍ശ സമര്‍പ്പിക്കാനായി സാധിക്കില്ലെന്നും പ്രസ്താവനയില്‍ പറഞ്ഞു.

ജോര്‍ദാനിലേക്ക് പോകാനായി ടാക്‌സിയെയോ ഇസ്രഈല്‍ സര്‍ക്കാരിന്റെ ഷട്ടില്‍ സര്‍വീസിനെയോ ഉപയോഗപ്പെടുത്താമെന്നും എംബസിക്ക് പ്രത്യേകമായി സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താനാകില്ലെന്നും വിശദീകരിച്ചു.

Content Highlight: Cannot be evacuated; US tells citizens to take care of their own security

അനിത സി

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more