| Wednesday, 23rd September 2026, 2:39 pm

2,700 രൂപയുടെ മരുന്നിന് 27,000 രൂപ വില; കാൻസർ മരുന്നുവിലയിൽ 'പകൽക്കൊള്ള'യെന്ന് സുപ്രീം കോടതി

ശ്രീലക്ഷ്മി പി.പി

ന്യൂദൽഹി: കടകൾക്ക് വെറും 2,700 രൂപയ്ക്ക് ലഭിക്കുന്ന കാൻസർ മരുന്ന് രോഗികൾക്ക് 27,000 രൂപ എന്ന ഉയർന്ന പരമാവധി വിലയ്ക്ക് വിൽക്കുന്നതിനെതിരെ സുപ്രീം കോടതിയുടെ രൂക്ഷവിമർശനം. പാവപ്പെട്ട രോഗികളെ ലക്ഷ്യമിട്ട് നടക്കുന്ന വെറും പകൽക്കൊള്ളയും വഞ്ചനയുമാണിതെന്ന് കോടതി നിരീക്ഷണം.

ഡോക്ടർമാർ ജനറിക് മരുന്നുകൾ നിർബന്ധമായും കുറിച്ച് നൽകണമെന്നും, നിലവിൽ വിലനിയന്ത്രണ പട്ടികയിൽ ഇല്ലാത്ത മരുന്നുകൾക്കും ഉപകരണങ്ങൾക്കും വില പരിധി നിശ്ചയിക്കണമെന്നും ആവശ്യപ്പെട്ടുള്ള ഹരജിയിലാണ് ജസ്റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത എന്നിവരുടെ ബെഞ്ച് ഈ ഇടപെടൽ നടത്തിയത്.

മരുന്ന് കമ്പനികൾ തുച്ഛമായ വിലയ്ക്ക് കടകളിലേക്ക് നൽകുന്ന അത്യാവശ്യ കാൻസർ മരുന്നുകൾക്ക് പോലും പത്തിരട്ടി വില രേഖപ്പെടുത്തി രോഗികളെ പിഴിയുകയാണെന്ന് ജസ്റ്റിസ് സന്ദീപ് മേത്ത ചൂണ്ടിക്കാട്ടി. ഇത്തരം കൊള്ളകൾക്ക് എതിരെ കർശന നടപടിയെടുക്കേണ്ട അധികാരികൾ മിണ്ടാതിരിക്കുന്നത് എന്ത് കൊണ്ടാണെന്ന് മനസിലാകുന്നിലെന്നും കോടതി പറഞ്ഞു.

വൻവിലയുള്ള ഇത്തരം മരുന്നുകൾ ആയുഷ്മാൻ ഭാരത് പദ്ധതി വഴി നൽകുമ്പോൾ അതിന്റെ സാമ്പത്തിക ബാധ്യത വരുന്നത് സാധാരണക്കാരായ നികുതിദായകരുടെ മേലാണെന്നും, ആശുപത്രികൾ കുറഞ്ഞ വിലയ്ക്ക് മരുന്ന് വാങ്ങി ഉയർന്ന നിരക്കിൽ സർക്കാരിൽ നിന്ന് പണം ഈടാക്കുന്നത് വലിയ ക്രമക്കേടാണെന്നും കോടതി വ്യക്തമാക്കി.

വിപണിയിലെ 82 ശതമാനത്തോളം മരുന്നുകൾക്കും നിലവിൽ സർക്കാർ തലത്തിൽ വിലനിയന്ത്രണമില്ല. ഇതാണ് കമ്പനികൾ കൊള്ളലാഭം ഉണ്ടാക്കാൻ ഉപയോഗിക്കുന്നത്.

വിഷയം ഗൗരവമായി കാണുന്നുണ്ടെന്നും ജൻ ഔഷധി വഴി കുറഞ്ഞ നിരക്കിൽ മരുന്നുകൾ എത്തിക്കാൻ നടപടി സ്വീകരിക്കുമെന്നും കേന്ദ്ര സർക്കാരിന് വേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ വ്യക്തമാക്കി.

മരുന്നുകളുടെ പ്രാരംഭ വില നിശ്ചയിക്കുന്നതും ജനറിക് മരുന്നുകൾ നിർബന്ധമാക്കുന്നതും ഉൾപ്പെടെയുള്ള കാര്യങ്ങൾ സുപ്രീം കോടതി സെപ്റ്റംബർ 29-ന് വീണ്ടും പരിഗണിക്കും.

Content Highlight:Cancer drug priced at ₹27,000 despite costing ₹2,700; Supreme Court calls drug pricing a ‘daylight robbery’

ശ്രീലക്ഷ്മി പി.പി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. കണ്ണൂര്‍ സര്‍വകലാശാലയില്‍ നിന്നും ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more