| Monday, 14th September 2026, 4:50 pm

അമേരിക്കയുമായുള്ള വ്യാപാരയുദ്ധം രൂക്ഷമാകുന്നു: യൂറോപ്യന്‍ യൂണിയനുമായി 'വ്യത്യസ്തമായ സഖ്യത്തിന്' കനേഡിയന്‍ പ്രധാനമന്ത്രി

ദേവിക ജയചന്ദ്രന്‍

ടൊറന്റോ: യു.എസുമായുള്ള കാനഡയുടെ വ്യാപാരയുദ്ധം രൂക്ഷമാകുന്ന സാഹചര്യത്തില്‍ യൂറോപ്യന്‍ യൂണിയനുമായി ‘വ്യത്യസ്തമായ’ ഒരു സഖ്യത്തിന് കനേഡിയന്‍ പ്രധാനമന്ത്രി മാര്‍ക് കാര്‍നി.  യൂറോപ്യന്‍ യൂണിയനില്‍ അംഗത്വം നേടുന്നതിന് പകരമാണ് സഖ്യം.

ഈ ആഴ്ച കാര്‍നി യു.കെയും ഫ്രാന്‍സും സന്ദര്‍ശിക്കുന്നുണ്ട്. സ്‌ട്രോസ്ബര്‍ഗിലെ യൂറോപ്യന്‍ പാര്‍ലമെന്റിനെ അദ്ദേഹം അഭിസംബോധന ചെയ്യും.

കാനഡയ്ക്ക് യൂറോപ്യന്‍ യൂണിയന്‍ അസോസിയേറ്റ് അംഗമാകാമെന്ന കാര്‍നിയുടെ നിര്‍ദ്ദേശം സ്വീകരിക്കാന്‍ യൂറോപ്യന്‍ യൂണിയന്‍ അധികൃതര്‍ തയ്യാറാണെന്ന് വാള്‍സ്ട്രീറ്റ് ജേര്‍ണല്‍ റിപ്പോര്‍ട്ട് ചെയ്തതിനു പിന്നാലെയാണ് കാര്‍നിയുടെ പ്രതികരണം.

പൂര്‍ണ അംഗത്വം അല്ലാതെയുള്ള സാധ്യതകളെപ്പറ്റി വിപുലമായി ചര്‍ച്ച ചെയ്യാന്‍ യൂറോപ്പിലേക്കുള്ള തന്റെ പ്രതിനിധി സംഘത്തോട് അദ്ദേഹം നിര്‍ദേശിച്ചതായി പത്രം റിപ്പോര്‍ട്ട് ചെയ്തു.

ടൊറാന്റോ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിച്ചപ്പോള്‍ ഔദ്യോഗിക അംഗത്വം ആവശ്യപ്പെടില്ലെന്ന് മാര്‍ക്ക് കാര്‍നി പറഞ്ഞു.

‘ഞങ്ങള്‍ പങ്കുവെക്കുന്ന മൂല്യം ഒന്നാണ്. ഞങ്ങളുടെ മൂല്യങ്ങള്‍ ഒന്നാണ്. അതുമാത്രമല്ല പരസ്പര പൂരകങ്ങളാണ് ഞങ്ങളുടെ ശക്തികള്‍. ലോകം ഇത്രയേറെ വിഘടിച്ച് നില്‍ക്കുന്ന അപകടകരമായ സാഹചര്യത്തില്‍ സുഹൃത്തുക്കള്‍ ഒന്നിച്ചുനില്‍ക്കേണ്ടതുണ്ട്’, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

യു.എസുമായുള്ള വ്യാപാരബന്ധം വഷളായ സാഹചര്യത്തില്‍ ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ ആഗസ്റ്റില്‍ നടത്തിയ സന്ധിചര്‍ച്ചകള്‍ പരാജയമായിരുന്നു.

സ്റ്റീല്‍, അലുമിനിയം, മരത്തടി തുടങ്ങിയ പ്രധാനപ്പെട്ട കനേഡിയന്‍ വ്യവസായങ്ങള്‍ക്ക് അമേരിക്ക താരിഫ് ഏര്‍പ്പെടുത്തിയിരുന്നു. അതിനുപിന്നാലെ ഫര്‍ണിച്ചര്‍, സ്റ്റീല്‍, കോട്ടണ്‍ ടി ഷര്‍ട്ട് തുടങ്ങിയ അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് കാനഡയും ചുങ്കം ഏര്‍പ്പെടുത്തി.

കാനഡയെ യു.എസിലെ 51ാം  സംസ്ഥാനമാക്കുന്നതിനെക്കുറിച്ച് ട്രംപ് സംസാരിച്ചിരുന്നു. അടുത്തിടെ ലേക്ക് ഒന്റാരിയോയെ ലേക്ക് അമേരിക്ക എന്ന് യു.എസ് സര്‍ക്കാര്‍ പുനര്‍നാമകരണം ചെയ്തിരുന്നു.

Content Highlight: Canadian PM Carney eyes ‘unique alliance’ with EU as trade war with US intensifies

ദേവിക ജയചന്ദ്രന്‍

ഡൂള്‍ന്യൂസില്‍ ജേണലിസ്റ്റ് ട്രെയിനി. മാതൃഭൂമി മീഡിയ സ്‌കൂളില്‍ നിന്നും പി.ജി. ഡിപ്ലോമ. പോണ്ടിച്ചേരി യൂണിവേഴ്‌സിറ്റിയില്‍ നിന്നും ചരിത്രത്തില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more