ടൊറന്റോ: രാഷ്ട്രീയ അക്രമണത്തെയും ഭീകരവാദത്തെയും പിന്തുണയ്ക്കുന്നുവെന്ന് ആരോപിച്ച് ഐറിഷ് റാപ്പ് ബാന്‍ഡ് നീകാപ്പിനെ വിലക്കി കനേഡിയന്‍ സര്‍ക്കാര്‍. ഹമാസ്, ഹിസ്ബുള്ള തുടങ്ങിയ ഭീകരവാദ ഗ്രൂപ്പുകളെ പിന്തുണച്ചതിന് നീകാപ്പ് ഏറെ വിമര്‍ശനങ്ങള്‍ നേരിട്ടിട്ടുണ്ട്. ഹംഗറിയും ഈ ഗ്രൂപ്പിനെ നിരോധിച്ചിരുന്നു.
ഭീകരവാദ ഗ്രൂപ്പുകള്‍ക്ക് പരസ്യമായി പിന്തുണ നല്‍കുന്നത് കലാ പ്രവര്‍ത്തനത്തിന് അപ്പുറമാണെന്നും വിദ്വേഷ പ്രസംഗം, അക്രമത്തിന് പ്രേരിപ്പിക്കല്‍, ഭീകരതയെ മഹത്വവല്‍ക്കരിക്കല്‍ എന്നിവയ്ക്കെതിരെ കാനഡ ശക്തമായി നിലകൊള്ളുന്നുവെന്നും പാര്‍ലമെന്ററി സെക്രട്ടറിയും ലിബറല്‍ നിയമനിര്‍മാതാവുമായ വിന്‍സ് ഗാസ്പാരോ പറഞ്ഞു.
‘ഹിസ്ബുള്ള, ഹമാസ് പോലുള്ള തീവ്രവാദ സംഘടനകള്‍ക്ക് നീകാപ്പ് പരസ്യമായി പിന്തുണ പ്രകടിപ്പിച്ചിട്ടുണ്ട്, അത് കലാപരമായ പ്രകടനത്തിനപ്പുറമാണ്. വിദ്വേഷ പ്രസംഗം, അക്രമത്തിന് പ്രേരിപ്പിക്കല്‍, ഭീകരതയെ മഹത്വവല്‍ക്കരിക്കല്‍ എന്നിവക്കെതിരെ കാനഡ ശക്തമായി നിലകൊള്ളുന്നു.
രാഷ്ട്രീയ ചര്‍ച്ചകളും അഭിപ്രായ സ്വാതന്ത്ര്യവും നമ്മുടെ ജനാധിപത്യത്തിന് അത്യന്താപേക്ഷിതമാണ്, എന്നാല്‍ തീവ്രവാദ ഗ്രൂപ്പുകളെ പരസ്യമായി അംഗീകരിക്കുന്നത് അഭിപ്രായ സ്വാതന്ത്ര്യമല്ല,’ വിന്‍സ് ഗാസ്പാരോ സോഷ്യല്‍ മീഡിയയിലെ ഒരു വീഡിയോയില്‍ പറഞ്ഞു.
അതേസമയം ഗസയില്‍ ഇസ്രഈല്‍ നടത്തുന്ന കൂട്ടക്കൊലക്കെതിരെ ഫലസ്തീനെ പിന്തുണച്ചതിന്റെ പേരില്‍ ബാന്‍ഡിനെ നിശബ്ദമാക്കാന്‍ വിമര്‍ശകര്‍ ശ്രമിച്ചുവെന്ന് നീകാപ്പ് ആരോപിച്ചു. മാത്രമല്ല ഹിസ്ബുള്ളയെയും ഹമാസിനെയും പിന്തുണയ്ക്കുന്നില്ലെന്നും അക്രമത്തെ അംഗീകരിക്കുന്നില്ലെന്നും അവര്‍ പറയുന്നു. ടൊറന്റോയിലും വാന്‍കോവറിലും അടുത്തമാസം പരിപാടി നടക്കാനിരിക്കെയാണ് നീകാപ്പിനെതിരെ നടപടിയെടുത്തത്.
ഗാസ്പാരോയുടെ അഭിപ്രായങ്ങള്‍ പൂര്‍ണമായും അസത്യവും ദ്രോഹകരവുമാണെന്ന് പറഞ്ഞുകൊണ്ട് നീകാപ്പ് ഇന്‍സ്റ്റാഗ്രാം പോസ്റ്റില്‍ പ്രതികരിച്ചിരുന്നു.
‘നിങ്ങള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കാന്‍ ഞങ്ങള്‍ ഇന്ന് ഞങ്ങളുടെ അഭിഭാഷകര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇസ്രഈല്‍ നടത്തുന്ന വംശഹത്യക്കെതിരായി നിലകൊള്ളുന്ന ഞങ്ങളെ നിശബ്ദമാക്കുന്നതിനയി അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുന്നത് പ്രതിരോധിക്കും,’ ബാന്‍ഡിന്റെ പ്രസ്താവനയില്‍ പറയുന്നു.
ഏപ്രിലില്‍ കാലിഫോര്‍ണിയയിലെ കോച്ചെല്ല വാലി മ്യൂസിക് ആന്‍ഡ് ആര്‍ട്‌സ് ഫെസ്റ്റിവലില്‍ നീകാപ്പ് അവതരിപ്പിച്ച ഗാനത്തില്‍, യു.എസ് സര്‍ക്കാരിന്റെ പിന്തുണയോടെയാണ് ഇസ്രഈല്‍ ഫലസ്തീനികള്‍ക്കെതിരെ വംശഹത്യ നടത്തിയെന്ന് ആരോപിച്ചിരുന്നു. ഇത് റാപ്പര്‍മാരുടെ വിസ റദ്ദാക്കണമെന്ന ആവശ്യത്തിന് കാരണമായി. മാത്പമല്ല നീകാപ്പിന്റെ നിരവധി പരിപാടികള്‍ റദ്ദാക്കുകയും ചെതിരുന്നു.
Content Highlight: Canadian government Restrict Irish rap band Kneecap