| Monday, 30th June 2025, 8:56 am

യു.എസുമായുള്ള വ്യാപാരം തുടരണം; അമേരിക്കന്‍ ടെക് കമ്പനികള്‍ക്കുള്ള ഡിജിറ്റല്‍ സേവന നികുതി കാനഡ പിന്‍വലിച്ചതായി റിപ്പോര്‍ട്ട്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഒട്ടാവ: ഡൊണാള്‍ഡ് ട്രംപിന്റെ ഭീഷണിക്ക് വഴങ്ങി അമേരിക്കന്‍ ടെക് കമ്പനികള്‍ക്ക് ഡിജിറ്റല്‍ സേവന നികുതി ചുമത്തുന്നതില്‍ നിന്ന് പിന്‍വാങ്ങി കാനഡ. അമേരിക്കയുമായുള്ള വ്യാപാര ചര്‍ച്ചകള്‍ പുനരാരംഭിക്കുന്നതിന്റെ ഭാഗമായാണ് ഡിജിറ്റല്‍ സേവന നികുതിയില്‍ നിന്ന് കാനഡ പിന്മാറിയത്.

കഴിഞ്ഞ ദിവസം അമേരിക്കയുമായുള്ള വ്യാപര ചര്‍ച്ചകള്‍ പുനസ്ഥാപിക്കണമെങ്കില്‍ പ്രസ്തുത ബില്ലില്‍ നിന്ന് കാനഡ പിന്മാറണമെന്ന് ട്രംപ് ആവശ്യപ്പെട്ടിരുന്നു. പിന്മാറിയില്ലെങ്കില്‍ ഒരാഴ്ച്ചക്കുള്ളില്‍ കാനഡയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന ഉത്പന്നങ്ങള്‍ക്ക് പുതിയ താരിഫ് പ്രഖ്യാപിക്കുമെന്നും ട്രംപ് ഭീഷണിപ്പെടുത്തിയിരുന്നു.

തുടര്‍ന്ന് അമേരിക്കയുമായുള്ള വ്യാപാര ചര്‍ച്ചകള്‍ പുനരാരംഭിച്ചതായി കനേഡിയന്‍ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണി ഇന്നലെ (ഞായറാഴ്ച) വ്യക്തമാക്കി. വ്യാപാര ചര്‍ച്ചകള്‍ പുനരാരംഭിക്കാന്‍ കാര്‍ണിയും ട്രംപും സമ്മതിച്ചതായി കാര്‍ണിയുടെ ഓഫീസ് സ്ഥിരീകരിച്ചിട്ടുണ്ട്.

വ്യാപാര കരാറിലെത്തുമെന്ന പ്രതീക്ഷയിലാണ് കാനഡ ഡിജിറ്റല്‍ സേവന നികുതി റദ്ദാക്കുന്നത്. ജൂലൈ 21 ഓടെ കരാറിലെത്തുന്നതിനായി കനേഡിയന്‍ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണിയും ട്രംപും വ്യാപാര ചര്‍ച്ചകള്‍ പുനരാരംഭിക്കുമെന്നും കാനഡ അറിയിച്ചിട്ടുണ്ട്.

ഒരു കലണ്ടര്‍ വര്‍ഷത്തില്‍ 20 മില്യണ്‍ ഡോളറില്‍ കൂടുതല്‍ വരുമാനം കനേഡിയന്‍ ഉപയോക്താക്കളില്‍ നിന്ന് നേടുന്ന ടെക് കമ്പനികള്‍ അതിന്റെ മൂന്ന് ശതമാനം നികുതിയായി നല്‍കണമെന്നാണ് കാനഡയുടെ ഡിജിറ്റല്‍ സേവന നികുതി നിഷ്‌കര്‍ഷിച്ചിരുന്നത്. 2022 മുതല്‍ മുന്‍കാല പ്രാബല്യത്തോടെയായിരിക്കും നിയമം നിലവില്‍ വരേണ്ടിയിരുന്നത്. ഇന്ന് (തിങ്കളാഴ്ച) മുതല്‍ നിയമം പ്രാബല്യത്തില്‍ വരുമെന്നായിരുന്നു അറിയിച്ചിരുന്നത്.

കാനഡയുടെ ഡിജിറ്റല്‍ സേവന നികുതി കഴിഞ്ഞ ഒരു വര്‍ഷമായി ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തില്‍ ആശങ്കകള്‍ ഉയര്‍ത്തിയിരുന്നു. ആമസോണ്‍, ആപ്പിള്‍, ഗൂഗിള്‍ തുടങ്ങിയ അമേരിക്കന്‍ കമ്പനികള്‍ക്ക് പ്രതിവര്‍ഷം രണ്ട് ബില്യണ്‍ ഡോളറിലധികം നഷ്ടം ഈ നികുതി കാരണമുണ്ടാകുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

കാനഡയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയാണ് യു.എസ്. കഴിഞ്ഞ വര്‍ഷം അവര്‍ 349.4 ബില്യണ്‍ ഡോളറിന്റെ യു.എസ് ഉത്പ്പന്നങ്ങളാണ് കനേഡിയന്‍ വിപണിയിലെത്തിയത്. യു.എസിലേക്ക് 412.7 ബില്യണ്‍ ഡോളറിന്റെ കയറ്റുമതിയും കാനഡ നടത്തിയിട്ടുണ്ട്.

Content Highlight: Canada withdraws digital services tax for resuming trade talks with US

We use cookies to give you the best possible experience. Learn more