| Monday, 26th January 2026, 3:07 pm

യു.എസിന്റെ 100 ശതമാനം താരിഫില്‍ മുട്ടുമടക്കി കാനഡയും; ചൈനയുമായി വ്യാപാരത്തിനില്ലെന്ന് പ്രധാനമന്ത്രി

ശ്രീലക്ഷ്മി എ.വി.

ഒട്ടാവ: ചൈനയുമായി സ്വതന്ത്ര വ്യാപാര കരാർ നടത്താൻ കാനഡയ്ക്ക് ഉദ്ദേശമില്ലെന്ന് കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി.

ചൈനയുമായി കാനഡയ്ക്ക് കഴിഞ്ഞ കുറച്ച് വർഷങ്ങളായുള്ള ചില പ്രശ്നങ്ങൾ പരിഹരിക്കാനാണ് കാർഷികോൽപ്പന്നങ്ങളുടെയും ഇലക്ട്രിക് വാഹനങ്ങളുടെയും വ്യാപാരം സംബന്ധിച്ച് കരാറുകളിൽ എത്തിയതെന്നും മാർക്ക് കാർണി പറഞ്ഞു.

ചൈനയുമായി കരാറിൽ ഏർപ്പെട്ടാൽ കാനഡയ്ക്ക് മേൽ 100% ശതമാനം താരിഫ് ചുമത്തുമെന്ന ട്രംപിന്റെ ഭീഷണിക്ക് പിന്നാലെയാണ് കനേഡിയൻ പ്രധാനമന്ത്രിയുടെ മറുപടി.

കഴിഞ്ഞ രണ്ട് വർഷത്തിനിടെ ചില വ്യാപാര മേഖലകളിൽ ഇരു രാജ്യങ്ങളും തമ്മിലുണ്ടായ പ്രശ്നങ്ങൾ പരിഹരിക്കുക എന്നതാണ് തങ്ങൾ ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.

CUSMA (United States–Mexico–Canada Agreement)
എന്ന സ്വതന്ത്ര വ്യാപാര കരാർ പ്രകാരം, മുൻകൂർ അറിയിപ്പില്ലാതെ ഇതര രാജ്യങ്ങളുമായി സ്വതന്ത്ര വ്യാപാര കരാറുകൾ പിന്തുടരരുതെന്ന് കാർണി മാധ്യമപ്രവർത്തകരോട് പറഞ്ഞു.

ഈ കരാറിനോടുള്ള തങ്ങളുടെ പ്രതിബദ്ധതകളെ കാനഡ മാനിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

‘ചൈനയുമായോ മറ്റേതെങ്കിലും നോൺ-മാർക്കറ്റ് സമ്പദ്‌വ്യവസ്ഥയുമായോ സ്വതന്ത്ര വ്യാപാര കരാറിൽ ഏർപ്പെടാൻ ഞങ്ങൾ ഉദ്ദേശിക്കുന്നില്ല,’ മാർക്ക് കാർണി പറഞ്ഞു.

ചൈനയുമായി ഒരു കരാറിൽ ഏർപ്പെട്ടാൽ, അമേരിക്കയിലേക്ക് വരുന്ന എല്ലാ കനേഡിയൻ ഉത്പ്പന്നങ്ങൾക്കും മേൽ 100% തീരുവ ചുമത്തുമെന്ന് ട്രംപ് ട്രൂത്ത് സോഷ്യലിലൂടെ പറഞ്ഞിരുന്നു.

ചൈനീസ് ഉത്പ്പന്നങ്ങൾ അമേരിക്കയിലേക്ക് കടത്താനുള്ള ഒരു ‘ഇടത്താവളമായി’ (Drop Off Port) കാനഡയെ മാറ്റാമെന്ന് കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി കരുതുന്നുണ്ടെങ്കിൽ അദ്ദേഹത്തിന് വലിയ തെറ്റുപറ്റിയെന്നും ട്രംപ് കൂട്ടിച്ചേർത്തു.

ചൈനയും കാനഡയും തമ്മിലുള്ള പുതിയ സ്വതന്ത്ര വ്യാപാര കരാറിനെ ആശ്രയിച്ചിരിക്കും പുതിയ താരിഫുകളെന്ന് യു.എസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസെന്റും കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

Content Highlight: Canada bows to US’s 100 percent tariff; PM says no to trade with China

ശ്രീലക്ഷ്മി എ.വി.

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. തിരൂര്‍ തുഞ്ചത്തെഴുത്തച്ഛന്‍ മലയാള സര്‍വകലാശാലയില്‍ നിന്ന് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more